തിരുവനന്തപുരം: മികച്ച നടനായുള്ള പുരസ്‌കാരത്തിൽ ഇന്ദ്രൻസിനോട് കാട്ടിയത് അവഗണനയോ? അവാർഡ് നിർണ്ണയത്തിന്റെ ഒടുവിലത്തെ റൗണ്ടിൽ എത്തിയത് ജയസൂര്യയും ഇന്ദ്രൻസുമായിരുന്നു. കുമ്പസാരം, ലുക്കാചൂപ്പി, സു സു സുധി വാത്മീകം എന്നീ ചിത്രങ്ങളിലെ പ്രകടനമാണ് ജയസൂര്യയെ അവസാന റൗണ്ടിൽ എത്തിച്ചത്. മൺട്രോ തുരുത്ത്, അമീബ എന്നീ ചിത്രങ്ങളിലെ അത്ഭുതപ്പെടുത്തുന്ന അഭിനയ മികവുമായി ഇന്ദ്രൻസും ഒപ്പം മത്സരിച്ചു. അവാർഡ് കിട്ടിയത് ദുൽഖറിന്. ഒന്നും കിട്ടാതെ പോയത് ഇന്ദ്രൻസിനും. ഹാസ്യ നടനോട് എന്ത് ആവാമെന്ന ജൂറിയുടെ നിലപാടാണ് ഇതിന് കാരണമെന്നാണ് വിലയിരുത്തൽ.

മികച്ച നടനുള്ള അവർഡ് രണ്ടു പേർക്കുമായി അവാർഡ് പങ്കുവയ്ക്കുക അല്ലെങ്കിൽ ജയസൂര്യയ്ക്ക് മികച്ച നടനുള്ള അവാർഡും ഇന്ദ്രൻസിന് പ്രത്യേക ജൂറി അവാർഡും നൽകുക എന്നീ നിർദേശങ്ങളാണ് ആദ്യം ജൂറിയിൽ ഉയർന്നത്. ഇതു സംബന്ധിച്ച് അഭിപ്രായം വ്യത്യാസം നിലനിൽക്കെയാണ് ഒരു സമവായം എന്ന നിലയ്ക്ക് ദുൽഖർ സൽമാന്റെ പേര് ഉയർന്നു വന്നത്. ഇന്നലെ പുലർച്ചെ വരെ നീണ്ട ചർച്ചകൾക്കൊടുവിലാണ് ദുൽക്കറ് അവാർഡ് നൽകുന്ന കാര്യത്തിൽ എല്ലാവരും സമ്മതിച്ചത്. വളരെ പോസിറ്റിവായ കഥാപാത്രം ഫ്‌ളക്‌സിബിളായിട്ടാണ് ദുൽഖർ അവതരിപ്പിച്ചത് എന്ന് ജൂറി വിലയിരുത്തി. ഇത്രത്തോളം സ്‌റ്റൈലിഷായിട്ട് ഈ അടുത്തകാലത്ത് ആരും അഭിനയിച്ചിട്ടില്ലെന്ന് ജൂറി ചെയർമാൻ മോഹൻ പറഞ്ഞു.

ജൂറിക്കുള്ളിലെ കടുത്ത അഭിപ്രായ ഭിന്നതയ്‌ക്കൊടുവിലാണ് മികച്ച നടനായി ദുൽഖർ സൽമാൻ തെരഞ്ഞെടുക്കപ്പെട്ടത് എന്നതാണ് യാഥാർത്ഥ്യം. അവാസാന റൗണ്ടിൽ ഉൾപ്പെടാതിരുന്ന ദുൽക്കറിന്റെ പേര് ഒടുവിലത്തെ മണിക്കൂറിൽ പെട്ടെന്ന് ഉയർന്നു വരികയായിരുന്നു. അവസാന റൗണ്ടിനു തൊട്ടു മുമ്പ് മികച്ച നടനാകാനുള്ള മത്സരത്തിൽ മമ്മൂട്ടി, പൃഥ്വിരാജ്, ജയസൂര്യ, ഇന്ദ്രൻസ്, കൊച്ചുപ്രേമൻ എന്നിവരാണ് ഉണ്ടായിരുന്നത്. പത്തേമാരിയിലേത് മമ്മൂട്ടിയുടെ മികച്ച പ്രകടനം ആയിരുന്നു. എന്നാൽ മമ്മൂട്ടിയുടെ ഇതിന് മുമ്പുള്ള മികച്ച ചിത്രങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ പത്തേമാരിയിലെ പ്രകടനം അവാർഡിനർഹമല്ല എന്ന് ജൂറി വിലയിരുത്തുകയായിരുന്നു. എന്ന് നിന്റെ മൊയ്തീനിലെ പൃഥ്വിരാജിന്റെ അഭിനയവും ഏറ്റവും മികച്ചതല്ലെന്ന് കണ്ടെത്തി. രൂപാന്തരങ്ങളിലെ അഭിനയ മികവാണ് കൊച്ചുപ്രേമനെ പരിഗണിക്കാൻ കാരണം.

ജയസൂര്യയ്ക്ക് പ്രത്യേക ജൂറി പുരസ്‌കാരം നൽകാൻ തീരുമാനം എടുത്തപ്പോൾ ഒരു അംഗം ഇന്ദ്രൻസിനുവേണ്ടി ശക്തമായി വാദിച്ചു. 'ഇന്ദ്രൻസിന്റെ അഭിനയം അൽഭുതപ്പെടുത്തുന്നതായിരുന്നു. എന്നാൽ ഞാൻ മാത്രം പറഞ്ഞാൽ അവാർഡ് കിട്ടില്ലല്ലോ' എന്നാണ് ജൂറിയിലെ ഒരു അംഗം പറഞ്ഞത്. സ്വഭാവ നടനുള്ള പുരസ്‌കാരം ഇന്ദ്രൻസിന് നൽകണമെന്ന് മൂന്ന് അംഗങ്ങൾ വാദിച്ചു. എന്നാൽ പ്രേംപ്രകാശിന് അവാർഡ് നൽകിയേ തീരൂ ചില അംഗങ്ങൾ വാശിപിടിച്ചു. അദ്ദേഹത്തിന്റെ അഭിനയ ജീവിതത്തിനിടയിൽ കിട്ടിയ ഏറ്റവും മികച്ച വേഷമാണ് നിർണായകത്തിലേത് എന്നു ചൂണ്ടിക്കാട്ടിയായിരുന്നു ഇത്. സുധീർ കരമനയുടെ പേരും സ്വഭാവ നടനായി പരിഗണിക്കപ്പെട്ടിരുന്നു. ഇതോടെ ഇന്ദ്രൻസിന് അർഹിച്ച അംഗീകാരം നഷ്ടമായി.

തർക്കത്തിനൊടുവിൽ ജൂറി അധ്യക്ഷൻ മോഹന്റെ നിർബന്ധമാണ് ദുൽഖറിനെ അവാർഡിന് അർഹനാക്കിയത്. എന്നാൽ മികച്ച നടിയായി പാർവതിയുടെ തെരഞ്ഞെടുപ്പ് ഏകസ്വരത്തിലായിരുന്നു. സംഗീത അവാർഡുകൾ നിർണയിച്ചതും തർക്കങ്ങൾക്കിടെയായിരുന്നു. മികച്ച സംഗീത സംവിധായകനാകാൻ രമേശ് നാരായണിനൊപ്പം അവസാന നിമിഷംവരെ എം.ജയചന്ദ്രനുണ്ടായിരുന്നു. ജയചന്ദ്രൻ സംഗീതത്തിൽ എന്നു നിന്റെ മൊയ്തീനിലെ കാത്തിരുന്നു കാത്തിരുന്നു.. എന്ന ഗാനത്തിന് ശ്രേയാ ഘോഷാലിന്റെ പേര് മികച്ച ഗായികയ്ക്കായി ഉണ്ടായിരുന്നു. മികച്ച ചിത്രമായി സനൽകുമാർ ശശിധരന്റെ ഒഴിവുദിവസത്തെ കളി തെരഞ്ഞെടുത്തത് ഏകകണ്ഠമായിട്ടായിരുന്നു.