ജിദ്ദ: ഉംറ ഫീസ് പിൻവലിച്ചുവെന്ന രീതിയിൽ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വാർത്ത അടിസ്ഥാന രഹിതമാണെന്ന് മിനിസ്ട്രി ഓഫ് ഹജ്ജ് ആൻഡ് ഉംറ. ആദ്യമായി ഉംറ, ഹജ്ജ് നിർവഹിക്കുന്നവർക്ക് വിസാ ഫീസ് നൽകേണ്ടതില്ലെങ്കിലും രണ്ടാം തവണ മുതൽ ഉംറ, ഹജ്ജിന് എത്തുന്നവർ 2000 റിയാൽ ഫീസ് ആയി അടയ്ക്കണം. രാജ്യത്ത് വിസാ ഫീസുകൾ വർധിപ്പിച്ച സാഹചര്യത്തിലാണ് ഉംറ, ഹജ്ജ് ഫീസുകളും വർധിപ്പിച്ചത്.

ഉംറ ഫീസ് പിൻവലിച്ചുവെന്ന് ചില പാക്കിസ്ഥാനി മാദ്ധ്യമങ്ങളിലും സോഷ്യൽ മീഡിയയിലും പ്രചരിക്കുന്നുണ്ടെന്നും ഈ വാർത്ത അടിസ്ഥാന രഹിതമാണെന്നുമാണ് ഹജ്ജ് മിനിസ്ട്രി അധികൃതർ വെളിപ്പെടുത്തുന്നത്. കഴിഞ്ഞ മാസമാണ് സൗദിയിൽ വിസാ ഫീസ് വർധന പ്രാബല്യത്തിൽ വരുത്തിയത്. സിംഗിൾ എൻട്രി വിസിറ്റ് വിസ, മൾട്ടിപ്പിൾ എക്‌സിറ്റ് റീ എൻട്രി വിസിറ്റ് വിസാ എന്നിവയുടെ നിരക്കും വർധിപ്പിച്ചിട്ടുണ്ട്.

ആദ്യമായി ഹജ്ജും ഉംറയും നിർവഹിക്കുന്നവർക്ക് വിസാ ഫീസ് നൽകേണ്ടതില്ല. അത് സൗദി സർക്കാർ തന്നെ വഹിക്കും. എന്നാൽ പിന്നീടുള്ള ഉംറ, ഹജ്ജ് വിസകൾക്ക് 2000 റിയാൽ വീതം നൽകേണ്ടിവരുമെന്നതാണ് പുതിയ നിയമം.