ന്യൂഡൽഹി: എസ് എ ആർ ഗീലാനിയുടെ ജാമ്യാപേക്ഷ തള്ളി. ഡൽഹി പട്യാല ഹൗസ് കോടതിയാണു ഗീലാനിയുടെ ജാമ്യാപേക്ഷ തള്ളിയത്.

ഗീലാനി ജുഡീഷ്യൽ കസ്റ്റഡിയിൽ തുടരും. ഡൽഹി പ്രസ് ക്ലബ്ബിൽ അഫ്‌സൽ ഗുരു അനുസ്മരണം നടത്തിയതിനും ഇന്ത്യ വിരുദ്ധ മുദ്രാവാക്യങ്ങൾ വിളിച്ചതിനും രാജ്യദ്രോഹകുറ്റത്തിനാണ് ഗീലാനിക്കെതിരെ കേസെടുത്തിരിക്കുന്നത്.

അതേസമയം, രാജ്യദ്രോഹക്കുറ്റം ചുമത്തി ഡൽഹി പൊലീസ് അറസ്റ്റ് ചെയ്ത ജെഎൻയു വിദ്യാർത്ഥി നേതാവ് കനയ്യ കുമാറിന്റെ ജാമ്യഹർജി ഡൽഹി ഹൈക്കോടതി ഇന്നു പരിഗണിക്കില്ല. നേരത്തെ സുപ്രീം കോടതി കനയ്യയുടെ ജാമ്യാപേക്ഷ പരിഗണിക്കാൻ വിസമ്മതിച്ചിരുന്നു. ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിക്കാൻ സുപ്രീം കോടതി നിർദ്ദേശിച്ചിരുന്നു.

കനയ്യ കുമാറിന്റെ ഹർജി അതിവേഗം പരിഗണിക്കണമെന്നും ഹൈക്കോടതിക്കു സുപ്രീം കോടതി നിർദ്ദേശം നൽകിയിരുന്നു. കനയ്യക്കു ആവശ്യമായ സംരക്ഷണം നൽകണമെന്നു കേന്ദ്രസർക്കാരിനോടും കോടതി നിർദ്ദേശിച്ചിരുന്നു. എന്നാൽ, ഹൈക്കോടതി ജാമ്യഹർജി ഇന്നു പരിഗണിക്കാൻ തയ്യാറായില്ല.