പത്തനംതിട്ട: സന്നിധാനത്തെ അക്രമസംഭവങ്ങളുടെ പേരിൽ അറസ്റ്റിലായ ബിജെപി നേതാവ് കെ സുരേന്ദ്രന് ജാമ്യമില്ല. സുരേന്ദ്രന്റെ ജാമ്യാപേക്ഷ പത്തനംതിട്ട പ്രിൻസിപ്പൽ സെഷൻസ് കോടതി തള്ളി. സന്നിധാനത്തെ സ്ത്രീയെ ആക്രമിക്കാൻ ഗൂഢാലോചന നടത്തിയെന്നാണ് കേസ്. വധശ്രമക്കേസ് അടക്കം ചാർജ്ജു ചെയ്തതിനാൽ അദ്ദേഹത്തിന് ജാമ്യം നൽകാനാകില്ലെന്നാണ് പ്രോസിക്യൂഷൻ വാദിച്ചത്. ഈ വാദങ്ങൾ ശരിനവച്ചാണ് കോടതി വിധി പറഞ്ഞത്. അഡ്വ. രാംകുമാറിനെ രംഗത്തിറക്കിയിട്ടും ജാമ്യം ലഭിക്കാത്ത സാഹചര്യത്തിൽ ഇനി ഹൈക്കോടതിയെ സമീപിക്കാനാണ് സുരേന്ദ്രന്റെ അഭിഭാഷകരുടെ നീക്കം. കേസിൽ ഒന്നാം പ്രതിയായ സൂരജ് ഇലന്തൂറിനും കോടതി ജാമ്യം അനുവദിച്ചില്ല. ഇതോടെ പ്രതികളുടെ ജയിൽവാസം നീളം.

അതേസമയം കോഴിക്കോട്ടെ രണ്ട് വാറണ്ട് കേസുകളിലും സുരേന്ദ്രന് ജാമ്യം ലഭിച്ചു. ട്രെയിൻ തടഞ്ഞത് അടക്കമുള്ള കേസുകളിലാണ് ജാമ്യം ലഭിച്ചത്. നേരത്തെ നെയ്യാറ്റിൻകര തഹസിൽദാരെ ഉപരോധിച്ച കേസിലും അദ്ദേഹത്തിന് ജാമ്യം ലഭിച്ചിരുന്നു. നെയ്യാറ്റിൻകര ഉപതെരഞ്ഞെടുപ്പിനിടെ ആയിരുന്നു സംഭവം. സന്നിധാനത്ത് വെച്ച് സ്ത്രീയെ ആക്രമിച്ച കേസിൽ സുരേന്ദ്രൻ മുൻപ് സമർപ്പിച്ച ജാമ്യാപേക്ഷ റാന്നി മജിസ്ട്രേറ്റ് കോടതി തള്ളിയിരുന്നു. മകന്റെ കുട്ടിയുടെ ചോറൂണിന് എത്തിയ തൃശൂർ സ്വദേശി ലളിതയെ വധിക്കാൻ ഗൂഢാലോചന നടത്തിയെന്ന കുറ്റമാണ് കെ. സുരേന്ദ്രനെതിരെ ഉള്ളത്. ഈ കേസിൽ 13 ാം പ്രതിയാണ് സുരേന്ദ്രൻ. പൊലീസിനെ ഭീഷണിപ്പെടുത്തിയ കേസിൽ സുരേന്ദ്രന് കണ്ണൂർ കോടതി ജാമ്യം അനുവദിച്ചിരുന്നു.

കെ.സുരേന്ദ്രൻ പൂജപ്പുര സെൻട്രൽ ജയിലിലാണ് കിടക്കുന്നത്. നേരത്തെ, കൊട്ടാരക്കര ജയിലിൽനിന്നാണ് സുരേന്ദ്രനെ തിരുവനന്തപുരത്തെത്തിച്ചത്. കണ്ണൂരിൽനിന്ന് പൂജപ്പുര സെൻട്രൽ ജയിലിലേക്ക് മാറ്റണമെന്ന സുരേന്ദ്രന്റെ ആവശ്യം കോടതി അംഗീകരിച്ചിരുന്നു. ചിത്തിര ആട്ട പൂജ ദിവസം സന്നിധാനത്ത് സ്ത്രീയെ ആക്രമിച്ചതിൽ ഗൂഢാലോചനകുറ്റം ചുമത്തിയാണ് സുരേന്ദ്രനെ റിമാൻഡ് ചെയ്തത്.