ലാഹോർ: ക്രിക്കറ്റ് താരം വിരാട് കോഹ്‌ലിയോടുള്ള ആരാധന മൂത്ത് വീടിനു മുകളിൽ ഇന്ത്യൻ പതാക ഉയർത്തിയ പാക്കിസ്ഥാൻകാരനു ജില്ലാകോടതി ജാമ്യം നിഷേധിച്ചു. രാജ്യദ്രോഹക്കുറ്റമാണ് 22കാരനായ ഉമറിനെതിരെ ചുമത്തിയിരിക്കുന്നത്.

അതേസമയം, കീഴ്‌ക്കോടതി തീരുമാനത്തിനെതിരെ മേൽക്കോടതിയെ സമീപിക്കാൻ ഒരുങ്ങുകയാണ് ഉമർ. പഞ്ചാബ് പ്രവിശ്യയിലുള്ള ഒക്കാരാ ജില്ലയിലുള്ള സ്വന്തം വീടിനു മുകളിൽ ഇന്ത്യൻ പതാക ഉയർത്തിയതിന് ഉമറിന് 10 വർഷം തടവും പിഴയും ലഭിക്കാവുന്ന കുറ്റമാണ് ചുമത്തിയിരിക്കുന്നത്.

കോഹ്‌ലിയുടെ വലിയ ചിത്രങ്ങൾ ഉമറിന്റെ വീട്ടിൽ നിന്നും കണ്ടെത്തിയിരുന്നു. അതല്ലാതെ രാജ്യദ്രാഹം ചെയ്തതിന് തെളിവുകളൊന്നും ലഭിച്ചിട്ടില്ലയെന്ന് പൊലീസ് വ്യക്തമാക്കുന്നു. എന്നിട്ടും ജഡ്ജി അപേക്ഷ തള്ളുകയായിരുന്നു. പാക്കിസ്ഥാൻ പീനൽ കോഡ് സെക്ഷൻ 123എ പ്രകാരമാണ് ഉമറിനെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്. കഴിഞ്ഞ ജനുവരി 25നാണ് ഉമറിനെ പൊലീസ് വീട്ടിൽ നിന്നും അറസ്റ്റ് ചെയ്തത്.

കോഹ്‌ലിയെ പിന്തുണയ്ക്കാനായി മാത്രമാണ് ആസ്‌ട്രേലിയയ്ക്ക് എതിരെയുള്ള കളി നടന്നപ്പോൾ ഇന്ത്യൻ പതാക ഉമർ ഉയർത്തിയത്. താൻ ചെയ്യുന്നതിന്റെ പരിണിതഫലം എന്താണെന്ന് അറിയാതെയാണ് ഉമർ പതാക വീശിയത്. ഒരു രാജ്യത്തിനോടുള്ള സ്‌നേഹത്തിന്റെ ഭാഗമായല്ല ഉമർ പതാക ഉയർത്തിയത്. ലോകകപ്പ് ഫുട്‌ബോൾ മത്സരങ്ങൾ നടക്കുമ്പോൾ ജനങ്ങൾ ബ്രസീലിന്റെയും അർജന്റീനയുടെയും കൊടികൾ ഇവിടെ ഉപയോഗിക്കാറുണ്ട്. അത് ഒരു കായികവുമായി ബന്ധപ്പെട്ട വിഷയമായതുകൊണ്ട് ആരും അതിനെതിരെ പ്രതികരിക്കാറില്ല. ഇതും അതുപോലൊരു സംഭവംമാത്രമാണെന്ന് അഭിഭാഷകൻ വ്യക്തമാക്കി.

കോഹ്‌ലി ഉണ്ടായതുകൊണ്ട് മാത്രമാണ് ഇന്ത്യൻ ടീമിനെ ഇഷ്ടപ്പെടുന്നത്. അദ്ദേഹത്തിനോടുള്ള ആരാധന കൊണ്ടാണ് ഇന്ത്യൻ പതാക ഉയർത്തിയതെന്നും ഉമർ പറഞ്ഞിരുന്നു. ഒരു കുറ്റം ചെയ്തതായി തനിക്ക് തോന്നുന്നില്ല. ഇന്ത്യൻ ക്രിക്കറ്റ് ആരാധകനെന്ന നിലയിൽ തനിക്ക് മാപ്പ് നൽകണമെന്നും തന്നെ ചാരനായി കാണരുതെന്നും ഉമർ അധികൃതരോട് പറഞ്ഞിരുന്നു. ഒരു കായിക പ്രേമി എന്ന നിലയിൽ ഉമർ ചെയ്ത പ്രവർത്തിയെ ന്യായീകരിച്ച് കൊണ്ട് ചില സാമൂഹിക പ്രവർത്തകരും പത്രപ്രവർത്തകരും രംഗത്തെത്തിയിരുന്നു.