ദോഹ: ഖത്തറിൽ ജോലി ചെയ്യുന്ന വിദേശികൾക്കോ അവരുടെ ബന്ധുക്കൾക്കോ യാത്രാ നിരോധനം ഏർപ്പെടുത്തിയിട്ടില്ലെന്ന് വ്യക്തമാക്കി അധികൃതർ രംഗത്തെത്തി. രാജ്യം വിട്ടു പോകുന്നതിന് സ്വദേശികൾക്കും വിദേശികൾക്കും ഖത്തർ ഉപരോധം ഏർപ്പെടുത്തിയിരിക്കുകയാമെന്ന് ചില വ്യാജവാർത്തകൾ വന്നതിനെ തുടർന്നാണ് അധികൃതർ വിശദീകരണവുമായി രംഗത്തെത്തിയിരിക്കുന്നത്. ഇത്തരം വാർത്തകളുടെ നിജസ്ഥിതി അറിയാതെ ആരും പ്രവർത്തിക്കരുതെന്നും അധികൃതർ നിർദ്ദേശം നൽകിയിട്ടുണ്ട്.

യുഎഇയിൽ നിന്നും പ്രസിദ്ധീകരിക്കുന്ന ചില ഇംഗ്ലീഷ് മാധ്യമങ്ങളിൽ ഇതു സംബന്ധിച്ച വാർത്ത വന്നതാണ് ഖത്തറിനെ ചൊടിപ്പിച്ചത്. ഈദുൽഫിത്തറിന് അവധിയെടുത്തിരുന്ന സ്വദേശികളുടെ അവധിയെല്ലാം റദ്ദാക്കിയെന്നും ചില മേഖലകളിൽ ജോലി ചെയ്യുന്നവർക്ക് യാത്രാ നിരോധനം കൊണ്ടുവരുന്നുവെന്നും മറ്റുമാണ് മാധ്യമങ്ങളിൽ പ്രസിദ്ധീകരിച്ചുവന്നത്. നിജസ്ഥിതി അറിയാതെ ഇത്തരം വാർത്തകൾ അച്ചടിച്ചുവരികയാണെന്നും രാജ്യത്ത് ഇതുവരെ ആർക്കും യാത്രാ ഉപരോധം കൊണ്ടുവന്നിട്ടില്ലെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.

അവധിക്ക് അപേക്ഷിച്ച ആർക്കും അവധി നിഷേധിച്ചിട്ടില്ലെന്നും വിദേശികൾളുടെ എക്‌സിററ് പെർമിറ്റുകൾ നിരസിച്ചിട്ടില്ലെന്നും ഖത്തർ പെട്രോളിയവും വെളിപ്പെടുത്തിയിട്ടുണ്ട്.