ന്യൂഡൽഹി: മുസ്ലിം ലീഗ് പാർലമെന്റംഗം ഇ. അഹമ്മദിന്റെ നിര്യാണത്തെ തുടർന്ന് കേന്ദ്ര ബജറ്റ് ഇന്ന് അവതരിപ്പിക്കുന്ന കാര്യം അനിശ്ചിതത്വത്തിൽ. ബജറ്റ് അവതരണം മാറ്റിവെക്കുന്നത് സംബന്ധിച്ച് കേന്ദ്ര സർക്കാർ ആലോചിക്കുന്നുണ്ടെന്നാണ് ഡൽഹിയിൽ നിന്നുള്ള റിപ്പോർട്ടുകൾ. സിറ്റിങ് എംപി മരണപ്പെട്ട സാഹചര്യത്തിൽ കീഴ്‌വഴക്കം അനുസരിച്ച് പാർലമെന്റ് അനുശോചിച്ച് പിരിയണമെന്ന ആവശ്യം ഉയർന്നിട്ടുണ്ട്. ഈ നിർദ്ദേശം ലോക്‌സഭാ സെക്രട്ടറിയേറ്റ് സ്പീക്കർക്ക് നൽകി. ഈ സാഹചര്യത്തിൽ ബജറ്റ് മാറ്റണമെന്നാണ് സൂചന.

ബജറ്റ് അവതരിപ്പിക്കാൻ പശ്ചാത്തല സൗകര്യങ്ങളെല്ലാം ഒരുക്കിയ സാഹചര്യത്തിൽ കേന്ദ്രം തീരുമാനത്തിൽ നിന്ന് പിന്നോട്ടുപോകുമോ എന്ന കാര്യത്തിൽ വ്യക്തതയില്ല. എന്നാൽ ലോക്‌സഭാ സെക്രട്ടറിയേറ്റിലെ നിർദ്ദേശം അംഗീകരിക്കാനും നിർബന്ധിതമാണ്. സ്പീക്കർ സുമിത്രാ മഹാജന്റെ തീരുമാനമാകും നിർണ്ണായകം. സ്പീക്കറുടെ തീരുമാനം അംഗീകരിക്കുമെന്ന് കേന്ദ്ര സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്. അതിനിടെയാണ് ബജറ്റ് അവതരിപ്പിച്ചാൽ ബഹിഷ്‌കരിക്കുമെന്ന് പ്രതിപക്ഷം അറിയിച്ചത്. കോൺഗ്രസ് ഇക്കാര്യം അറിയിച്ചിട്ടുണ്ട്.

സിറ്റിങ് എംപി മരിച്ചാൽ കീഴ് വഴക്കം പാലിക്കണം. അതിന് സഭ ചേർന്നാലുടൻ അനുശോചന പ്രമേയം പാസാക്കണം. അതിന് ശേഷം മൗനാചരണം. പിന്നെ സഭ പിരിയണം-ഇതാണ് കോൺഗ്രസ് നിലപാട്.