ന്യൂഡൽഹി: കേരളത്തിൽ നിന്ന് ഒരാളെ കേന്ദ്ര മന്ത്രിസഭയിൽ എടുക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ആഗ്രഹിച്ചിരുന്നു. രാജ്യസഭാ എംപിയായി നോമിനേറ്റ് ചെയ്ത സുരേഷ് ഗോപിക്ക് കാബിനറ്റ് പദവി നൽകണമെന്നായിരുന്നു താൽപ്പര്യം. എന്നാൽ സുരേഷ് ഗോപിയെ കേന്ദ്രമന്ത്രിയാക്കുന്നതിനെ ആർഎസ്എസ് എതിർത്തു. പാർട്ടിക്കാരെ മന്ത്രിയാക്കണമെന്നും ആവശ്യപ്പെട്ടു. ബിജെപി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരനേയോ വി മുരളീധരനേയോ മന്ത്രിയാക്കണമെന്നും നിർദ്ദേശിച്ചു. ഇതോടെ നഷ്ടമാകുന്നത് കേരളത്തിന്റെ മന്ത്രിസ്ഥാനമാണ്. കുമ്മനത്തിനും വി മുരളീധരനും നൽകാൻ രാജ്യസഭാ സീറ്റില്ലാത്തതാണ് ഇതിന് കാരണം.

യുപി തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടാണ് മന്ത്രിസഭ മോദി പുനഃസംഘടിപ്പിക്കുന്നത്. യുപിയിലെ ജയമാണ് ലക്ഷ്യം. മേനകാ ഗാന്ധിക്ക് സ്ഥാനം നഷ്ടമാകും. പകരം മകൻ വരുൺ ഗാന്ധിയെ മന്ത്രിസഭയിലെടുക്കും. ഇത് യുപിയിലെ സാധ്യതകൾ കൂട്ടുമെന്നാണ് വിലയിരുത്തൽ. യുപിയിൽ ഭരണകക്ഷിയായ സമാജ്‌വാദി പാർട്ടിയെയാണു ബിജെപി മുഖ്യ പ്രതിയോഗിയായി കാണുന്നത്. ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ബിജെപിക്കു യുപിയിലുണ്ടായ തിളക്കമാർന്ന പ്രകടനത്തിന്റെ പശ്ചാത്തലത്തിൽ സമാജ്‌വാദി പാർട്ടിക്കു ശക്തമായ വെല്ലുവിളി ഉയർത്താനാകുമെന്നാണു പ്രതീക്ഷ. ഇതിന് ബലം നൽകാനാണ് വരുൺ ഗാന്ധിയെ പോലുള്ളവരെ മന്ത്രിയാക്കുന്നത്. കേന്ദ്ര ആരോഗ്യമന്ത്രി ജെപി നഡ്ഡയ്ക്കും മന്ത്രിസ്ഥാനം നഷ്ടമാകും. നഡ്ഡയെ സംഘടനാ പ്രവർത്തനത്തിന് നിയോഗിക്കുമെന്നാണ് വിലയിരുത്തൽ

ബിജെപി ദേശീയ ഭാരവാഹിത്വത്തിൽ കേരളത്തിനു പരിഗണന ലഭിക്കുമെന്നാണു സൂചന. കേരളത്തിൽ നിയമസഭാ തിരഞ്ഞെടുപ്പു പ്രചാരണവേളയിൽ ഒരു എംഎൽഎയെ നൽകിയാൽ ഒരു കേന്ദ്രമന്ത്രിസ്ഥാനം നൽകാമെന്നു സംസ്ഥാനത്തെ തെരഞ്ഞെടുപ്പു ചുമതല വഹിച്ച കേന്ദ്രമന്ത്രി രാജീവ് പ്രതാപ് റൂഡി വാഗ്ദാനം നൽകിയിരുന്നു്. ബിജെപി ദേശീയ ഭാരവാഹിത്വത്തിനായി പി.കെ.കൃഷ്ണദാസിനെയോ പി.എസ്.ശ്രീധരൻ പിള്ളയെയോ പരിഗണിച്ചേക്കും. മുൻ അധ്യക്ഷൻ വി.മുരളീധരൻ സംസ്ഥാനം കേന്ദ്രീകരിച്ചു പ്രവർത്തിക്കാനാണു താൽപര്യമെന്നു കേന്ദ്രനേതൃത്വത്തെ അറിയിച്ചിട്ടുണ്ട്.

പി.കെ.കൃഷ്ണദാസ് നേരത്തേ ദേശീയ സെക്രട്ടറിയായിരുന്നു. നിലവിൽ തെലങ്കാന സംസ്ഥാന ചുമതലയുള്ള പ്രഭാരിയായി പ്രവർത്തിക്കുകയാണ്. കേരളത്തിലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപി അക്കൗണ്ട് തുറക്കുകയും വോട്ടിങ് ശതമാനം വർധിപ്പിക്കുകയും ചെയ്‌തെങ്കിലും പ്രചാരണത്തിൽ കേന്ദ്ര നേതൃത്വത്തിന്റെ പ്രയത്‌നത്തിനു തക്ക പ്രകടനം കാഴ്ചവയ്ക്കാനായില്ല. എന്നാലും കേന്ദ്രമന്ത്രിപദവി നൽകാമെന്നായിരുന്നു മോദിയുടെ നിലപാട്. പക്ഷേ ഒഴിവു വന്ന രാജ്യസഭാ സീറ്റുകളിൽ കേരളത്തിന് നൽകാൻ സീറ്റുകളൊന്നും ഇല്ല. രണ്ട് മലയാളികളെ എംപിമാരായി മോദി നോമിനേറ്റ് ചെയ്തിരുന്നു. സുരേഷ് ഗോപിയും റിച്ചാർഡ് ഹേയും മലയാളിയായ രാജ്യസഭാ അംഗങ്ങളാണ്. രണ്ടു പേരുള്ളപ്പോൾ ഇനിയൊരാളെ കൂടി എംപിയാക്കുന്നതിനെ ബിജെപി കേന്ദ്ര നേതൃത്വത്തിലെ പലരും എതിർക്കുന്നു.

അതിനാൽ തൽക്കാലും കേരളത്തിന് മന്ത്രിസഭയിൽ പ്രാതിനിധ്യം ലഭിക്കില്ല. എന്നാൽ ലോക്‌സഭാ തെരഞ്ഞെടുപ്പിലേക്ക് കാര്യങ്ങളെത്തുമ്പോൾമന്ത്രി പദവി ലഭിക്കുകയും ചെയ്യും. കുമ്മനത്തെ മന്ത്രിയാക്കണമെന്ന ആർഎസ്എസ് നിലപാടാണ് ഇതിന് കാരണം. കുമ്മനത്തെ മന്ത്രിയാക്കുമ്പോൾ വലിയൊരു പ്രതിസന്ധിയും ബിജെപിക്ക് മുന്നിലെത്തുമായിരുന്നു. നിയമസഭാ തെരഞ്ഞെടുപ്പിന് തൊട്ട് മുമ്പാണ് കുമ്മനത്തെ ബിജെപിയുടെ സംസ്ഥാന അധ്യക്ഷനാക്കിയത്. കേന്ദ്ര മന്ത്രിയാകുമ്പോൾ പുതിയ പ്രസിഡന്റിനെ കണ്ടെത്തേണ്ടി വരും. മുൻ അധ്യക്ഷന്മാരെ വീണ്ടും നിയമിക്കുന്നതിനോട് താൽപ്പര്യക്കുറവുണ്ട്. ഇതും ഈ തീരുമാനത്തിന് കാരണമായി.

നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപി. കേന്ദ്രനേതൃത്വം മുമ്പോട്ടുവച്ച ഒരു സീറ്റും വോട്ട് വർധനയുമെന്ന ലക്ഷ്യം നേടിയ കേരളാ ഘടകത്തിന് ഒരു കേന്ദ്രമന്ത്രിസ്ഥാനം നൽകുമെന്നു കേന്ദ്ര നേതൃത്വം സൂചന നൽകിയിരുന്നു. മലപ്പുറത്തു നടന്ന തെരഞ്ഞെടുപ്പ് കൺവൻഷനിൽ കേന്ദ്രമന്ത്രി രാജീവ് പ്രതാപ് റൂഡി ഇക്കാര്യം പരസ്യമായി പ്രഖ്യാപിച്ചിരുന്നു. വാഗ്ദാനം ഉടൻ നടപ്പാകുമെന്നു സൂചന ലഭിച്ചതോടെ മന്ത്രിക്കസേരയ്ക്കായി മൂന്നു പ്രമുഖർ ശ്രമം തുടങ്ങി. മുരളീധരനും സുരേഷ് ഗോപിയും പിന്നെ ഏഷ്യാനെറ്റ് ചെയർമാനായ രാജീവ് ചന്ദ്രശേഖരനും. തനിക്കു മന്ത്രിപദവി നൽകുന്നത് വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിൽ തിരുവനന്തപുരത്ത് താമര വിരിയാൻ ഇടയാക്കുമെന്നും സുരേഷ് ഗോപിയുടെ വാദം. ഇതിനിടെ ഷ്യാനെറ്റ് ചെയർമാനും കർണാടകത്തിൽനിന്നുള്ള രാജ്യസഭാ എംപിയുമായ രാജീവ് ചന്ദ്രശേഖരാണ് കേന്ദ്രമന്ത്രിസ്ഥാനത്തിനുവേണ്ടി ചരട് വലികളും തുടങ്ങി.

ഇതോടെയാണ് ആർഎസ്എസ് നിലപാട് വിശദീകരിച്ചത്. സംഘടനയ്ക്ക് പുറത്തുള്ള വ്യക്തിയെ മന്ത്രിയാക്കരുതെന്ന് ആർഎസ്എസ് തുറന്നു പറഞ്ഞു. കാര്യകാരണങ്ങളും നിരത്തി. ഇതോടെയാണ് ചർച്ചകൾ കുമ്മനം രാജശേഖരനിലെത്തിയത്. മികച്ച പ്രതിച്ഛായയാണ് കുമ്മനത്തിന് നൽകിയ മുൻതൂക്കം. രാജ്യസഭാ സീറ്റ് കൊടുക്കാനില്ലാത്തതിനാൽ കുമ്മനത്തിന് കേന്ദ്ര മന്ത്രിസ്ഥാനം അപ്രാപ്യമാവുകയാണ്.