കൊച്ചി: ഏറെ ചർച്ചയായ പുത്തൻവേലിക്കര കൊലപാതകക്കേസിൽ റിപ്പർ ജയാനന്ദന്റെ വധശിക്ഷ ഹൈക്കോടതി റദ്ദാക്കി. പകരം, പ്രതിക്ക് ജീവിതാവസാനംവരെ തടവു ശിക്ഷ വിധിച്ചു. ഉറങ്ങിക്കിടന്ന ദേവകി എന്ന ബേബി (51) യെ 2006 ഒക്ടോബർ രണ്ടിനു രാത്രി ഒരുമണിക്ക് തലയ്ക്കടിച്ചു കൊലപ്പെടുത്തുകയും ആറു സ്വർണവള മോഷ്ടിക്കാൻ ഇടതുകൈ മുറിച്ചെടുക്കുകയും ഭർത്താവ് രാമകൃഷ്ണനെ ആക്രമിക്കുകയും ചെയ്തെന്നാണു പുത്തൻവേലിക്കര പൊലീസ് രജിസ്റ്റർ ചെയ്ത കേസ്.

കേസ് അത്യപൂർവമായതായി പരിഗണിക്കണമെന്നും ജയാനന്ദന് വധശിക്ഷ നൽകണമെന്നായിരുന്നു വാദം. ഇയാൾ പുറത്തിറങ്ങിയാൽ കുറ്റകൃത്യങ്ങൾ പ്രതി ആവർത്തിക്കാൻ സാധ്യതയുണ്ടെന്നാണ് ചൂണ്ടിക്കാണിച്ചിരുന്നത്. കുറ്റകൃത്യങ്ങൾ ചെയ്യുമ്പോൾ പലരേയും തലയ്ക്കടിച്ച് പരുക്കേൽപ്പിക്കുന്നതായി തെളിഞ്ഞതിനാലാണ് ഇയാളെ റിപ്പർ ജയൻ എന്നു വിളിച്ചിരുന്നത്.

ജയാനന്ദൻ തൃശൂർ പൊയ്യ പള്ളിപ്പുറംകര സ്വദേശിയാണ്. ഇയാളുടെ പേരിൽ കൊലക്കുറ്റത്തിനു പുറമേ വിവിധ വകുപ്പുകൾ ഉൾപ്പെട്ട 23 കേസുകളുണ്ട്. മാളയിൽ ഫൗസിയ, നബീസ എന്നിവരെ കൊലപ്പെടുത്തിയ കേസ്, നോർത്ത് പറവൂരിൽ സുഭാഷകനെ കൊലപ്പെടുത്തിയ കേസ്, മതിലകത്ത് സഹദേവൻ നിർമല എന്നിവരെ കൊലപ്പെടുത്തിയ കേസ്, പല തവണ ജയിൽ ചാടിയതിന്റെ കേസുകൾ എന്നിവ ഇക്കൂട്ടത്തിലുണ്ട്. ചില കേസുകളിൽ പ്രതിയെ കോടതി വിട്ടയച്ചിരുന്നു.