തിരുവനന്തപുരം: പരവൂർ പുറ്റിങ്ങൽ വെടിക്കെട്ടു ദുരന്തത്തിൽ സിബിഐ അന്വേഷണം വേണ്ടെന്നു സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. ക്രൈംബ്രാഞ്ച് അന്വേഷണത്തെ സ്വാധീനിക്കാൻ ആർക്കും കഴിയില്ലെന്നും സർക്കാർ അറിയിച്ചു.

നിലവിൽ ക്രൈംബ്രാഞ്ച് അന്വേഷണം നടക്കുകയാണ്. ഈ അന്വേഷണം തുടരാൻ അനുവദിക്കണം. അന്വേഷണം പൂർത്തിയായ ശേഷം റിപ്പോർട്ട് കോടതിയിൽ സമർപ്പിക്കാം. റിപ്പോർട്ട് പരിഗണിച്ച ശേഷം അന്വേഷണം ശരിയായിരുന്നില്ലെന്ന് മനസിലായാൽ സിബിഐ അന്വേഷണമാവാമെന്നും സർക്കാർ കോടതിയെ അറിയിച്ചു.

അന്വേഷണത്തിലൂടെ ദുരന്തത്തിന് കാരണക്കാരായവരെ പുറത്തുകൊണ്ടുവരും. ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്നും വീഴ്ചയുണ്ടെങ്കിൽ കർശന നടപടി സ്വീകരിക്കും. ആചാര വെടിക്കെട്ട് മാത്രമേ നടത്തൂ എന്നാണ് ക്ഷേത്രഭാരവാഹികൾ പൊലീസിനെ അറിയിച്ചത്. എഡിഎം വെടിക്കെട്ട് നടത്തുന്നതിന് അനുമതി നൽകിയെന്ന് ക്ഷേത്രം ഭാരവാഹികൾ പൊലീസിനെ തെറ്റിദ്ധരിപ്പിച്ചു. തഹസിൽദാർ സ്ഥലത്തെത്തി പരിശോധന നടത്തുകയും ചെയ്തിരുന്നുവെന്നും സർക്കാർ ഹൈക്കോടതിയെ അറിയിച്ചു.

വെടിക്കെട്ടുകൾ നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് ജസ്റ്റിസ് വി ചിദംബരേഷ് നൽകിയ കത്തിനെ തുടർന്ന് ഹൈക്കോടതി സ്വമേധയാ എടുത്ത കേസും, വെടിക്കെട്ട് നിയന്ത്രിക്കണം എന്നാവശ്യപ്പെട്ട് ലഭിച്ചിട്ടുള്ള ഹർജികളും കോടതി പരിഗണിക്കുന്നുണ്ട്. സിബിഐ ഉൾപ്പെടെയുള്ളവർ എതിർകക്ഷികളുമാണ്. ഈ സാഹചര്യത്തിലാണ് സർക്കാർ നിലപാട് ഹൈക്കോടതിയെ അറിയിച്ചത്. വെടിക്കെട്ടുകൾ നിരോധിക്കുന്ന കാര്യത്തിൽ സർക്കാരിന്റെ തീരുമാനവും സർവകക്ഷിയോഗത്തിനുശേഷം കോടതിയിൽ അറിയിക്കും.