- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സ്കൂളുകൾ അടച്ചെങ്കിലും എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകൾക്ക് മാറ്റമില്ല; ഓൺലൈൻ ക്ലാസ്സുകൾക്ക് പ്രത്യേക ടൈംടേബിൾ; മാർഗരേഖ പുതുക്കും: മന്ത്രി വി ശിവൻകുട്ടി
തിരുവനന്തപുരം: കോവിഡ് വ്യാപനത്തെത്തുടർന്ന് സംസ്ഥാനത്ത് ഒമ്പതാം ക്ലാസുവരെയുള്ള സ്കൂളുകൾ അടച്ചെങ്കിലും എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകൾക്ക് മാറ്റമില്ലെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി. പരീക്ഷകൾ മുൻ നിശ്ചയിച്ച പ്രകാരം നടക്കും. എസ്എസ്എൽസി പരീക്ഷകൾക്ക് ഫോക്കസ് ഏരിയ നിശ്ചയിച്ചു. തിങ്കളാഴ്ച രാവിലെ 11ന് ഉന്നതതലയോഗം ചേരുമെന്നും മന്ത്രി വാർത്താസമ്മേളനത്തിൽ അറിയിച്ചു.
എസ്എസ്എൽസി പാഠഭാഗം ഫെബ്രുവരി ആദ്യം പൂർത്തിയാക്കും. പ്ലസ് ടു പാഠഭാഗം ഫെബ്രുവരി അവസാനത്തോടെ പൂർത്തിയാക്കാനാണ് തീരുമാനം. 10,11, 12 ക്ലാസ്സുകൾക്കുള്ള മാർഗരേഖ പുതുക്കും. ഒന്നു മുതൽ ഒമ്പതു വരെ ക്ലാസ്സുകളിലെ കുട്ടികളുടെ ഓൺലൈൻ ക്ലാസ്സുകൾക്കുള്ള ടൈംടേബിൾ പരിഷ്കരിക്കും.
ഓൺലൈൻ ക്ലാസ്സുകൾക്ക് പ്രത്യേക ടൈംടേബിൾ തയ്യാറാക്കും. ഇത് ഉടൻ പുറത്തിറക്കും. സ്കൂളുകളിൽ കോവിഡ് വ്യാപനം രൂക്ഷമല്ല. എങ്കിലും കുട്ടികളുടെ ആരോഗ്യകാര്യങ്ങളിൽ സർക്കാരിന് പരീക്ഷണം നടത്താനാകില്ല. അതുകൊണ്ടാണ് സ്കൂൾ അടയ്ക്കാൻ തീരുമാനിച്ചത്. സ്കൂൾ അടയ്ക്കാനുള്ള തീരുമാനം സർക്കാർ എടുത്തുകഴിഞ്ഞു. ഇത് സിബിഎസ്ഇ, എയ്ഡഡ്, അൺ എയ്ഡഡ് മേഖലയിലെ സ്കൂളുകൾക്കും ബാധകമാണ്. ആർക്കും മാറി നിൽക്കാനാകില്ലെന്ന് മന്ത്രി പറഞ്ഞു.
ഈ മാസം 21 മുതലാണ് സ്കൂളുകൾ അടക്കുക. രാത്രികാല കർഫ്യൂവും വരാന്ത്യ നിയയന്ത്രണങ്ങളും വേണ്ടെന്നാണ് തീരുമാനം. ഇന്നലെ ചേർന്ന കോവിഡ് അവലോകന യോഗത്തിലാണ് ഈ തീരമാനം കൈക്കൊണ്ടത്. എന്നാൽ പത്താം ക്ലാസ് മുതൽ പ്ലസ് ടു വരേയുള്ള ക്ലാസ്സുകൾക്ക് മാറ്റം ഉണ്ടായിരിക്കില്ല. കോവിഡ് വ്യാപനം കണക്കിലെടുത്താണ് സ്കൂൾ അടച്ചിടാൻ സർക്കാർ വീണ്ടും തീരുമാനിച്ചിരിക്കുന്നത്.
15 വയസിന് മുകളിലുള്ളവർക്ക് വാക്സിൻ വിതരണം രാജ്യത്ത് ആരംഭിച്ചിരുന്നു. സംസ്ഥാനത്ത് ഒരാഴ്ചക്കുള്ളിൽ 15 മുതൽ 18 വയസുവരെയുള്ള കുട്ടികൾക്ക് വാക്സിനേഷൻ പൂർത്തിയാക്കാനാണ് സർക്കാറിന്റെ തീരുമാനം. സ്കൂളുകൾ അടക്കുന്നതുമായി ബന്ധപ്പെട്ട് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി മുഖ്യമന്ത്രിയെ സന്ദർശിച്ച് ചർച്ച നടത്തിയിരുന്നു. അവലോകന യോഗത്തിൽ വിദഗ്ധരുടെ നിർദ്ദേശ പ്രകാരം തീരുമാനമെടുക്കാമെന്ന് മുഖ്യമന്ത്രി പറഞ്ഞതായി വിദ്യാഭ്യാസ മന്ത്രി അറിയിച്ചിരുന്നു.
മറുനാടന് മലയാളി ബ്യൂറോ