- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആലത്തൂരിലെ വീട്ടിൽ നിന്നും ഇറങ്ങിയത് ബുക്ക് സ്റ്റാളിൽനിന്ന് പുസ്തകം വാങ്ങാൻ; 15 മിനിറ്റിനുള്ളിൽ നടന്നെത്താവുന്ന ദൂരം; മകൾ എവിടേക്ക് നടന്നു മറഞ്ഞു എന്നറിയാതെ മാതാപിതാക്കൾ; ജെസ്നയെപ്പോലെ സൂര്യ കൃഷ്ണയും കാണാമറയത്ത്
ആലത്തൂർ: ഒന്നരമാസം മുമ്പ് കാണാതായ ബിരുദ വിദ്യാർത്ഥിനിയായ മകളെക്കുറിച്ചുള്ള വിവരമൊന്നും അറിയാൻ കഴിയാതെ കണ്ണീരോടെ കാത്തിരിപ്പുമായി ഒരു കുടുംബം. ബുക്ക് വാങ്ങാൻ വീട്ടിൽനിന്നിറങ്ങിയ പാലക്കാട് ആലത്തൂരിലെ ആ പെൺകുട്ടി എവിടെപ്പോയി? 21 വയസ്സുകാരി സൂര്യ കൃഷ്ണയെ കാണാതായിട്ട് 44 ദിവസങ്ങൾ പിന്നിടുന്നു. ഒരു സിസിടിവി മാത്രം കണ്ടു അവളെ...
പുതിയങ്കം ഭരതൻ നിവാസിൽ രാധാകൃഷ്ണന്റെയും സുനിതയുടെയും മൂത്തമകൾ സൂര്യ കൃഷ്ണയെ (21) കാണാതായത് ഓഗസ്റ്റ് 30ന് രാവിലെ 11.15-ഓടെയാണ്. വീട്ടിൽനിന്ന് നടന്നെത്താവുന്ന ദൂരത്ത് അവളുടെ അച്ഛൻ കാത്തുനിൽക്കുന്നുണ്ടായിരുന്നു. ബുക്ക് സ്റ്റാളിൽ ഏറെ നേരം നിന്നെങ്കിലും അവളെ കാണാനായില്ല. പിന്നീടിതുവരെ അച്ഛൻ ആ മകളെ കണ്ടിട്ടില്ല.
ഉച്ചയ്ക്ക് അച്ഛൻ ജോലി ചെയ്യുന്ന കടയിലേക്കു പോയതായിരുന്നു അവൾ. അച്ഛനെ കണ്ട് സമീപത്തെ ബുക്ക് സ്റ്റാളിൽനിന്ന് പുസ്തകം വാങ്ങാനായിരുന്നു യാത്ര. വീട്ടിൽ നിന്നിറങ്ങിയപ്പോൾ സുനിത രാധാകൃഷ്ണനെ വിളിച്ചിരുന്നു. മകൾ ഇറങ്ങിയ കാര്യം അറിയിച്ചു.
15 മിനിറ്റിനുള്ളിൽ നടന്നെത്താവുന്ന ദൂരമേ ഉണ്ടായിരുന്നുള്ളു. എന്നാൽ ഏറെ നേരം കഴിഞ്ഞിട്ടും അവൾ എത്തിയില്ല. അച്ഛൻ വീട്ടിലേക്കു വിളിച്ചപ്പോൾ അവിടെയുമില്ല. മണിക്കൂറുകൾ കഴിഞ്ഞിട്ടും സൂര്യ തിരിച്ചു വന്നില്ല. വീടിനു സമീപത്തുള്ളവർ തൃശൂർ, പാലക്കാട് ഭാഗങ്ങളിൽ അന്വേഷിച്ചെങ്കിലും അവളെ കണ്ടെത്താനായില്ല. രാധാകൃഷ്ണൻ ആലത്തൂർ പൊലീസിൽ പരാതിയും നൽകി.
സൂചനകളൊന്നും ലഭിക്കാത്ത തിരോധാനത്തെക്കുറിച്ചുള്ള അന്വേഷണം പൊലീസിന് വെല്ലുവിളിയായി. പൊലീസ് പ്രമുഖ പത്രങ്ങളിലെല്ലാം ലുക്ക് ഔട്ട് നോട്ടീസ് പ്രസിദ്ധീകരിച്ചു. തമിഴ്നാട്ടിൽ സൂര്യ കൃഷ്ണയുടെ ബന്ധുക്കൾ താമസിക്കുന്ന പ്രദേശങ്ങളിൽ ആലത്തൂർ പൊലീസ് പോയി അന്വേഷണം നടത്തിയിരുന്നു. ഗോവയിൽ വീടുവെച്ച് താമസിക്കണമെന്ന ആഗ്രഹം പലപ്പോഴും പറഞ്ഞിരുന്നതായി വീട്ടുകാർ അറിയിച്ചതിന്റെ അടിസ്ഥാനത്തിൽ ഗോവയിലും അന്വേഷണസംഘം പോയെങ്കിലും ഫലം ഉണ്ടായില്ല.
സ്വന്തമായി ഉപയോഗിച്ചിരുന്ന മൊബൈൽ ഫോണും എ.ടി.എം. കാർഡും എടുക്കാതെ രണ്ടുജോഡി വസ്ത്രം മാത്രമായി ഒരു പെൺകുട്ടി യാതൊരു സൂചനയും അവശേഷിപ്പിക്കാതെ അപ്രത്യക്ഷയായത് അന്വേഷണസംഘത്തെ ആശയക്കുഴപ്പത്തിലാക്കിയിട്ടുണ്ട്. സുഹൃത്തുക്കളോടും അയൽവാസികളോടും ബന്ധുക്കളോടും നിശ്ചിത അകലം പാലിക്കുന്ന പ്രകൃതമായിരുന്നു.
ആലത്തൂരിലെ ബുക്ക് സ്റ്റാളിലേക്ക് വരികയാണ്, അച്ഛൻ അവിടേക്ക് വരണമെന്ന് പറഞ്ഞാണ് സൂര്യ കൃഷ്ണ വീട്ടിൽ നിന്നിറങ്ങിയത്. അച്ഛൻ രാധാകൃഷ്ണൻ ബുക്ക്സ്റ്റാളിൽ ഏറെനേരം കാത്തിരുന്നെങ്കിലും മകൾ എത്തിയില്ല. ഇതേ തുടർന്നാണ് പൊലീസിൽ പരാതി നൽകിയത്.
ആലത്തൂരിൽനിന്ന് എസ്എസ്എൽസി, പ്ലസ്ടു പരീക്ഷകളിൽ എല്ലാ വിഷയങ്ങളിലും എ പ്ലസ് നേടിയായിരുന്നു ആ മിടുക്കി പാലായിൽ എൻട്രൻസ് കോച്ചിങ്ങിനു ചേർന്നത്. ഡോക്ടറാകണമെന്നായിരുന്നു മോഹം. പരിശീലനം നടത്തിയെങ്കിലും റാങ്ക് ലിസ്റ്റിൽ അവളെത്തിയില്ല. വീട്ടിൽ തിരിച്ചെത്തി ബിരുദത്തിനു പാലക്കാട്ടെ കോളജിൽ ചേർന്നു. അതിനുശേഷം അവൾ പുസ്തകങ്ങളെ സ്നേഹിക്കുന്നത് അച്ഛനമ്മമാർ കണ്ടില്ല. ടിവിയും മൊബൈലുമായിരുന്നു പിന്നീടു കൂട്ട്.
പാലായിൽ പോകുന്നതിനു മുൻപു വരെ വീട്ടുകാർക്കൊപ്പം പുറത്തു പോകാൻ അവൾ ഉൽസാഹം പ്രകടിപ്പിച്ചിരുന്നു. എന്നാൽ ആലത്തൂരിൽ എത്തിയ ശേഷം അവൾ വീട്ടിൽനിന്നു പുറത്തിറങ്ങാതെയായി. അച്ഛനമ്മമാരോടും അനുജനോടും അവൾ ദേഷ്യപ്പെട്ടുതുടങ്ങി. റാങ്ക് ലിസ്റ്റിൽ ഉൾപ്പെടാതിരുന്നത് അവളിൽ വേദനയുണ്ടാക്കിയെന്ന് മാതാപിതാക്കൾ തിരിച്ചറിഞ്ഞു. പഠനത്തിന്റെ പേരിൽ ഇതുവരെ മകളെ നിർബന്ധിച്ചിട്ടില്ലെന്ന് അച്ഛൻ രാധാകൃഷ്ണൻ പറയുന്നു.
പാലക്കാട്ട് മേഴ്സി കോളജിൽ ഇംഗ്ലിഷ് ബിരുദ പഠനത്തിന് ചേർന്നെങ്കിലും ലോക്ഡൗൺ കാരണം ഓൺലൈനായിരുന്നു പഠനം. ചുരുങ്ങിയ ദിവസങ്ങൾ മാത്രമേ കോളജിൽ പോയിരുന്നുള്ളു. ഒൻപതാം ക്ലാസിൽ പഠിക്കുന്ന അനുജനും സൂര്യയ്ക്കും ഓൺലൈൻ പഠനത്തിന് ഒരു ഫോൺ മാത്രമാണുണ്ടായിരുന്നത്. സൂര്യ ഏറെ നേരം ഫോണിൽ സമയം ചെലവഴിക്കുമായിരുന്നു. പലപ്പോഴും അവൾക്കു പല ആഗ്രഹങ്ങളായിരുന്നു. ഡോക്ടർ, പൈലറ്റ്, ട്രാവലർ തുടങ്ങി ഒട്ടേറെ മോഹങ്ങൾ അവൾ അമ്മയോടു പങ്കു വച്ചിരുന്നു.
ട്രാവലർ എന്ന ആഗ്രഹത്തിൽ അവളുടെ മനസ്സുടക്കി. മൊബൈൽ ഫോണിലെ വിഡിയോകളിലൂടെ അവൾ ഒട്ടേറെ യാത്രകൾ നടത്തി. അവളുടെ മനസ്സിലേക്ക് അങ്ങനെ ഗോവയും കടന്നു വന്നു. ഗോവയിൽ പോകണം, അവിടെ ജീവിക്കണം, നല്ല കാലാവസ്ഥയാണ് എന്നൊക്കെ ഇടയ്ക്കിടെ അവൾ പറയുമായിരുന്നു. വീട്ടുകാരോട് ദേഷ്യം പിടിക്കുമ്പോഴൊക്കെ താൻ ഗോവയ്ക്കു പോകുമെന്ന് അവൾ പറഞ്ഞു തുടങ്ങി. പിണക്കത്തിലും വാശിയിലും 'ഗോവ' ഇടയ്ക്കിടെ കടന്നു വന്നിരുന്നു. എന്നാൽ വീട്ടുകാർ അതൊന്നും കാര്യമാക്കിയിരുന്നില്ല.
കാണാതാകുന്നതിന്റെ അന്നു രാവിലെ അച്ഛനാണ് സൂര്യയെ വിളിച്ചുണർത്തിയത്. ബുക്ക് സ്റ്റാളിൽ പോകുന്നതിനെക്കുറിച്ചും സംസാരിച്ചിരുന്നു. അച്ഛൻ പോയ ശേഷം സൂര്യ വീണ്ടും കിടന്നു. 11 മണിയോടെ അമ്മ വിളിച്ചുണർത്തി. ഇതിനിടെ അമ്മയുമായി വഴക്കായി. അമ്മ ഒരു അടി കൊടുത്തതോടെ അവൾക്കു വാശിയായി. അച്ഛൻ രാധാകൃഷ്ണൻ അപ്പോൾ ആലത്തൂരിൽ അവളെ കാത്തു നിൽക്കുന്നുണ്ടായിരുന്നു. ദേഷ്യത്തോടെ അവൾ ഇറങ്ങി.
അച്ഛന്റെ അടുത്തേക്കാകും പോകുന്നതെന്ന് അമ്മ കരുതി. പക്ഷേ ഇറങ്ങുമ്പോൾ അവൾ ബാഗിൽ രണ്ടു ജോഡി വസ്ത്രങ്ങളും എടുത്തു. അമ്മയോടു സ്ഥിരം പറയുന്ന പോലെ ഗോവയ്ക്കു പോകുമെന്നും അറിയിച്ചു. തന്നെ പേടിപ്പിക്കാൻ പറഞ്ഞാതാകും എന്നാണ് അമ്മ കരുതിയത്. അവൾ ബുക്ക് വാങ്ങാൻ പുറപ്പെട്ട കാര്യം അച്ഛനെയും വിളിച്ചറിയിച്ചു. മൊബൈൽ ഫോൺ ഇല്ലാതെയാണ് ഇറങ്ങിയതെന്നും പറഞ്ഞു.
ആലത്തൂരിലേക്ക് സ്ഥിരമായി സഞ്ചരിക്കാറുള്ള വഴിയേയായിരുന്നില്ല സൂര്യ ഓഗസ്റ്റ് 30നു പോയത്. വീട്ടുകാർക്കൊപ്പം പോലും ആ വഴി സൂര്യ മുൻപ് സഞ്ചരിച്ചിട്ടില്ലെന്ന് രാധാകൃഷ്ണൻ പറഞ്ഞു. ട്രെയിനിൽ പോലും അവൾ കയറിയിട്ടില്ല. പാലായിൽ പഠിക്കുമ്പോൾ കൂട്ടിക്കൊണ്ടു വരുന്നതും കൊണ്ടുവിടുന്നതും അച്ഛനായിരുന്നു. ബന്ധുക്കളുടെ വീടുകളിൽ പോലും താമസിച്ചിട്ടില്ല. യാത്രയ്ക്കു പോലും പണം കയ്യിലില്ലാത്ത മകൾ എങ്ങോട്ടു പോയി എന്ന ആശങ്കയിലാണ് കുടുംബം.
ജില്ലാ പൊലീസ് മേധാവിയുടെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണസംഘം രൂപവത്കരിച്ചിട്ടുണ്ട്. ആലത്തൂർ ഡിവൈ.എസ്പി. കെ.എ. ദേവസ്യ, ഇൻസ്പെക്ടർമാരായ റിയാസ് ചാക്കീരി, ദീപക് കുമാർ എന്നിവരടങ്ങിയ ഏഴംഗസംഘമാണ് കേസ് അന്വേഷിക്കുന്നത്.
മറുനാടന് മലയാളി ബ്യൂറോ