ന്യൂഡൽഹി: രാജ്യം ഭരിക്കുന്ന ബിജെപി സർക്കാരിനെ നിയന്ത്രിക്കുന്നത് ആർഎസ്എസ് അല്ലെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ്. ഇത്തരത്തിൽ പ്രചരിക്കുന്ന വാർത്തകൾക്ക് അടിസ്ഥാനമില്ലെന്നും അദ്ദേഹം പറഞ്ഞു. ഞാനും പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആർഎസ്എസ് പ്രവർത്തകരാണ്. എന്നാൽ, സർക്കാരിന്റെ അജൻഡകളും രഹസ്യങ്ങളുമൊന്നും ആർഎസ്എസ് വേദിയിൽ പങ്കുവയ്ക്കില്ലെന്നും രാജ്‌നാഥ് പറഞ്ഞു.

ആർഎസ്എസിന്റെ റിമോട്ട് കൺട്രോൾ ഭരണമാണ് കേന്ദ്രത്തിൽ നടക്കുന്നതെന്നു കോൺഗ്രസ് ആരോപിച്ചിരുന്നു. ഇതിനു മറുപടിയുമായാണ് രാജ്‌നാഥ് രംഗത്തെത്തിയത്.

ആർഎസ്എസ് സംഘടിപ്പിച്ച സർക്കാർ ഏകോപന സമിതിയിൽ കേന്ദ്രമന്ത്രിമാർ പങ്കെടുത്തത് സത്യപ്രതിജ്ഞാ ലംഘനമല്ല. ഒരു യോഗത്തിൽ പങ്കെടുക്കുക വഴി സത്യപ്രതിജ്ഞാ ലംഘനമുണ്ടാകില്ലെന്നും രാജ്‌നാഥ് പറഞ്ഞു.

ഡൽഹിയിലെ വസന്ത് കുഞ്ചിൽ കഴിഞ്ഞ മൂന്ന് ദിവസമായി നടന്ന ആർഎസ്എസ് യോഗത്തിൽ കേന്ദ്ര മന്ത്രിമാർ പങ്കെടുക്കുകയും തങ്ങളുടെ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിക്കുകയും ചെയ്തത് വിവാദമായിരുന്നു. ആർഎസ്എസ് മേധാവി മോഹൻ ഭാഗവതിന്റെ നേതൃത്വത്തിലാണ് മോദി സർക്കാരിന്റെ 15 മാസം വിലയിരുത്താൻ യോഗം വിളിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയും യോഗത്തിൽ പങ്കെടുത്തിരുന്നു.

ആർഎസ്എസ് റിമോട്ട് കണ്ട്രോളിലൂടെ കേന്ദ്രം ഭരിക്കുകയാണെന്നും സംഘപരിവാറിനോട് വിധേയരായി കേന്ദ്രമന്ത്രിമാർ യോഗത്തിൽ പങ്കെടുത്തത് ഇതിന്റെ തെളിവാണെന്നും കോൺഗ്രസ് ആരോപിച്ചിരുന്നു. ജനങ്ങളോട് ഉത്തരവാദിത്തം പുലർത്തേണ്ട കേന്ദ്രമന്ത്രിമാർ ആർഎസ്എസിന് മുന്നിൽ വിശദീകരണം നൽകിയത് ഭരണഘടനയെയും ജനാധിപത്യത്തെയും പരിഹസിക്കലാണെന്നും പ്രതിപക്ഷം ആരോപിച്ചിരുന്നു.