മുംബൈ: മഹാരാഷ്ട്രയിൽ കോവിഡ് വ്യാപനം രൂക്ഷമാകുന്നതിനിടയിൽ മുംബൈ നഗരവാസികൾക്ക് മുന്നറിയിപ്പുമായി മുംബൈ മേയർ രംഗത്തെത്തിയിരുന്നു. മുംബൈ നഗരത്തിലെ വാക്‌സിൻ സ്റ്റോക്ക് അവസാനിച്ചുകൊണ്ടിരിക്കയാണെന്നാണ് മുംബൈ മേയർ കിഷോറി പെഡ്‌നേക്കർ പറഞ്ഞത്. ഒരുലക്ഷത്തിനടുത്ത് കോവിഷീൽഡ് വാക്‌സിൻ മാത്രമാണ് ഇനി ശേഷിക്കുന്നതെന്നും മേയർ കിഷോറി പെഡ്‌നേക്കർ പറഞ്ഞു. 14 ലക്ഷം കോവിഡ് വാക്സിന്റെ സ്റ്റോക്ക് മാത്രമേ സംസ്ഥാനത്തുള്ളുവെന്നും മൂന്ന് ദിവസത്തേക്ക് മാത്രമേ അത് തികയുകയുള്ളുവെന്നും മഹാരാഷ്ട്ര സർക്കാരും നേരത്തെ കേന്ദ്രത്തെ അറിയിച്ചിരുന്നു. മഹാരാഷ്ട്രയ്ക്ക് പുറമേ ആന്ധ്രയും വാക്‌സിൻ ക്ഷാമമുണ്ടെന്ന് പരാതിപ്പെട്ടിരുന്നു. എന്നാൽ, രാജ്യത്ത് കോവിഡ് വാക്സിൻ ക്ഷാമമില്ലെന്ന് കേന്ദ്രആരോഗ്യ മന്ത്രി ഹർഷ വർധൻ വ്യക്തമാക്കി. ഓരോ സംസ്ഥാനത്തിനും വേണ്ട വാക്സിൻ ലഭിക്കുമെന്നും അദ്ദേഹം ഉറപ്പു നൽകി.

'ഒരു സംസ്ഥാനത്തും നിലവിൽ വാക്സിൻ ക്ഷാമം ഇല്ല. അങ്ങനെ ഒരവസ്ഥ സംജാതമാകാൻ അനുവദിക്കില്ല. എല്ലാ സംസ്ഥാനങ്ങളോടും ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്. വാക്സിൻ അപര്യാപ്തത ഇല്ല. ആവശ്യത്തിനനുസരിച്ചുള്ള വാക്സിൻ വിതരണം തുടരും', ഹർഷ വർധൻ പറഞ്ഞു.

ആന്ധ്രാപ്രദേശും വാക്‌സിൻ ക്ഷാമത്തിലുള്ള ആശങ്കയറിയിച്ച് രംഗത്തെത്തിയിരുന്നു. 3.7 ലക്ഷം വാക്‌സിസിൻ ഡോസുകൾ മാത്രമാണ് സംസ്ഥാനത്തുള്ളതെന്നായിരുന്നു ആന്ധ്ര സർക്കാർ കേന്ദ്രത്തെ അറിയിച്ചിരുന്നത്. 45 വയസ്സിന് മുകളിൽ പ്രായമുള്ളവർക്ക് വാക്‌സിൻ നൽകുന്നതിനായി ആവശ്യമായ വാക്‌സിൻ നൽകണമെന്ന് മുംബൈ മേയർ കേന്ദ്രത്തോട് അഭ്യർത്ഥിച്ചിരുന്നു.

'കൂടുതൽ ഡോസുകളും സർക്കാർ ആശുപത്രികൾക്കാണ് നൽകുന്നത്. നമ്മുടെ കൈയിൽ ഇനി ഒരു ലക്ഷത്തോളം കോവിഷീൽഡ് ഡോസുകളാണ് അവശേഷിക്കുന്നത്. വാക്‌സിൻ അപര്യാപ്തതയുണ്ട്. ഇക്കാര്യം സംസ്ഥാന ആരോഗ്യമന്ത്രി രാജേഷ് ടൊപ്പെ കേന്ദ്രത്തോടും മുഖ്യമന്ത്രിയോടും ഇക്കാര്യം സംസാരിച്ചിട്ടുണ്ട്.' മേയർ പറഞ്ഞു.

കോവിഡ് വ്യാപനം രൂക്ഷമാകുന്നതിന്റെ പശ്ചാത്തലത്തിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നതിൽ പ്രതിഷേധമുയർത്തരുതെന്ന് വ്യാപാരികളോട് മേയർ ആവശ്യപ്പെട്ടിട്ടുണ്ട്. വ്യാപാരികൾ നേരിടുന്ന സാമ്പത്തിക പ്രതിസന്ധികളെ കുറിച്ച് തനിക്ക് അറിയാം എന്നാൽ നിലവിലെ സാഹചര്യത്തിൽ മറ്റുമാർഗങ്ങളില്ല. വ്യാപാരികൾ നേരിടുന്ന സാമ്പത്തിക പ്രതിസന്ധികൾ നേരിടാൻ മുഖ്യമന്ത്രി സഹായിക്കും. മേയർ പറഞ്ഞു.

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടയിൽ 1,15,736 കോവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇതിൽ 55,000ത്തോളം കേസുകൾ മഹാരാഷ്ട്രയിൽ നിന്നാണ്. കേസുകൾ വർധിച്ചതിനെ തുടർന്ന് ശനി-ഞായർ ദിവസങ്ങളിൽ മഹാരാഷ്ട്ര കർഫ്യൂ ഏർപ്പെടുത്തിയിരുന്നു. മുംബൈയിൽ മാത്രം കഴിഞ്ഞ ദിവസം 10,030 പുതിയ കോവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്.