- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Politics
- /
- PARLIAMENT
വിവാദങ്ങൾക്ക് തടയിടാൻ കൊങ്കുനാട് ആലോചനകൾ മാറ്റി വച്ച് കേന്ദ്ര സർക്കാർ; തമിഴ്നാടിനെ വിഭജിക്കില്ലെന്ന് ആഭ്യന്തര മന്ത്രാലയം; തീരുമാനം തമിഴ്നാട് ബിജെപിയിലും ഭിന്നാഭിപ്രായം ഉയർന്നതോടെ; വാർത്ത പ്രസിദ്ധീകരിച്ച പത്രങ്ങൾ കത്തിച്ചും സോഷ്യൽ മീഡിയയിൽ കാമ്പെയിനുകൾ അഴിച്ചുവിട്ടും തമിഴ് മക്കൾ പ്രതിഷേധം കടുപ്പിച്ചതോടെ പിന്മാറ്റം
ന്യൂഡൽഹി: തമിഴ്നാടിനെ വിഭജിക്കില്ലെന്ന് കേന്ദ്രസർക്കാർ അറിയിച്ചു. കൊങ്കുനാട് വിവാദം വൻ പ്രതിഷേധങ്ങൾക്ക് വഴിവച്ചതോടെയാണ കേന്ദ്ര ആഭ്യന്തര മന്ത്രാലയം പാർലമെന്റിൽ നിലപാട് വ്യക്തമാക്കിയത്.
തമിഴ്നാടിനെ വിഭജിച്ച് കൊങ്കുനാട് രൂപീകരിക്കണമെന്ന പേരിൽ സോഷ്യൽ മീഡിയയിൽ കാമ്പയിനുകൾ പ്രത്യക്ഷപ്പെട്ടതോടെയാണ് വിവാദം കത്തിപ്പടർന്നത്. ഈ ആവശ്യം ഏറ്റെടുത്ത് ബിജെപി നേതാക്കൾ കൂടി രംഗത്തെത്തിയതോടെ പ്രതിഷേധം കനത്തു. ഇത്തരത്തിലുള്ള വാർത്തകൾ പ്രസിദ്ധീകരിച്ച പത്രങ്ങൾപോലും കത്തിച്ചുകൊണ്ടായിരുന്നു പ്രതിഷേധം. ബിജെപിക്ക് ചുളുവിൽ സംസ്ഥാനത്ത് അധികാരത്തിലെത്താനുള്ള വഴിയാണ് വിഭജനം എന്നായിരുന്നു തമിഴ് ജനതയുടെ പ്രധാന ആരോപണം. വിഭജനത്തിന് എതിരെ സിനിമാ, സാംസ്കാരിക രംഗത്തുള്ളവരും മുന്നോട്ടുവന്നിരുന്നു.
വിഷയവുമായി ബന്ധപ്പെട്ട് സംസ്ഥാന ബിജെപിയിൽ തന്നെ വിഭാഗീയത രൂക്ഷമായി. ബിജെപിയിലെ ഒരു വിഭാഗം കൊങ്കുനാട് രൂപീകരണത്തെ അനുകൂലിച്ച് രംഗത്തെത്തിയപ്പോൾ മറ്റുള്ളവർ ശക്തമായ എതിർപ്പറിയിക്കുകയും പ്രതിഷേധം രേഖപ്പെടുത്തുകയും ചെയ്തു.കൊങ്കുനാട് രൂപീകരണം തമിഴ് ദേശീയത തകർക്കാനാണെന്ന ആക്ഷേപമായിരുന്നു പ്രധാനമായും ഉയർന്നിരുന്നത്. കോയമ്പത്തൂർ, തിരുപ്പൂർ, ഈറോഡ്, നാമക്കൽ, സേലം, ധർമപുരി, നീലഗിരി, കരൂർ, കൃഷ്ണഗിരി എന്നീ ജില്ലകൾ ഉൾപ്പെടുന്ന പ്രദേശത്തിന് കീഴിൽ പത്തു ലോക്സഭ മണ്ഡലങ്ങളും 61 നിയമസഭ മണ്ഡലങ്ങളുമാണുള്ളത്.
അണ്ണാഡിഎംകെയുടെ ശക്തികേന്ദ്രമാണ് കൊങ്കുനാട്. ഒ പനീർസെൽവത്തിന്റെയും പളനിസ്വാമിയുടെയും അടക്കം അണ്ണാഡിഎംകെയുടെ സുരക്ഷിത മണ്ഡലങ്ങളുള്ള മേഖലയാണിത്. സംസ്ഥാനത്ത് ബിജെപിക്ക് രണ്ട് എംഎൽഎമാരെ ഇത്തവണ ലഭിച്ച ഇടം. ഡിഎംകെ വന്മുന്നേറ്റം നടത്തിയപ്പോഴും അണ്ണാഡിഎംകെയുടെ വോട്ട്ബാങ്ക് സുരക്ഷിതമായി കാത്ത മേഖല. വണ്ണിയാർ സമുദായത്തിന് ശക്തമായ സ്വാധീനമുള്ള ഇടം. പിഎംകെയുടെ അടക്കം പിന്തുണ. എൻഡിഎ സഖ്യകക്ഷികളുടെ സുരക്ഷിത ഇടമാണ് കൊങ്കുനാട്.
പുതിയ കേന്ദ്രസഹമന്ത്രി എൽ മുരുകൻ, ബിജെപി തമിഴ്നാട് പുതിയ അധ്യക്ഷൻ അണ്ണാമലൈ എന്നിവരും കൊങ്കുമേഖലയിൽ നിന്നുള്ളവരാണ്. കൊങ്കുനേതാക്കൾ എന്നാണ് ഇവരെ ബിജെപി വിശേഷിപ്പിച്ചത്. 2024 ലോക്സഭാ തെരഞ്ഞെടുപ്പ് മുൻനിർത്തി സംസ്ഥാന വിഭജനമെന്ന ആവശ്യം ബിജെപിയുടെ രാഷ്ട്രീയകേന്ദ്രങ്ങളിൽ ഉയരുന്നതിന് കാരണവും ഇത് തന്നെ. കൊങ്കുനാട് രൂപീകരണത്തിൽ ഡിഎംകെ ഭയപ്പെടുന്നത് എന്തിനെന്നാണ് ബിജെപിയുടെ ചോദ്യം . കോയമ്പത്തൂർ ആസ്ഥാനമായി പുതിയ സംസ്ഥാനമെന്നാണ് ആവശ്യം.
സമീപ മേഖലയിലെ കുറച്ചു മണ്ഡലങ്ങൾ കൂടി ചേർത്ത് 90 നിയമസഭാ മണ്ഡലങ്ങളോടെ 2024 ലെ ലോക്സഭ തിരഞ്ഞെടുപ്പിനുമുമ്പ് കൊങ്കുനാട് സംസ്ഥാനമാക്കി മാറ്റാൻ ബിജെപി ശ്രമിക്കുന്നു എന്നായിരുന്നു പ്രധാനമായും ഉയർന്നിരുന്ന ആരോപണം. ഇതിനെതിരെ ശക്തമായ പ്രതിഷേധവും ക്യാമ്പയിനും ഉടലെടുത്തതോടുകൂടിയാണ് തമിഴ്നാട് വിഭജിക്കുന്നില്ലെന്ന നിലപാട് കേന്ദ്രം പാർലമെന്റിൽ വ്യക്തമാക്കിയത്.
മറുനാടന് മലയാളി ബ്യൂറോ