ന്യൂഡൽഹി: റോഹിങ്യൻ അഭയാർത്ഥികളെ പുനരധിവസിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് കേന്ദ്ര നഗരവികസന മന്ത്രി ഹർദീപ് സിങ് പുരി നടത്തിയ പ്രഖ്യാപനത്തെ തിരുത്തി കേന്ദ്ര ആഭ്യന്തര മന്ത്രാലയം. റോഹിങ്യൻ അഭയാർത്ഥികൾക്കുവേണ്ടി ഡൽഹിയിൽ ഫ്ളാറ്റുകൾ നിർമ്മിച്ചു നൽകാൻ കേന്ദ്ര സർക്കാർ നിർദ്ദേശം നൽകിയിട്ടില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.

റോഹിൻഗ്യൻ അഭയാർഥികൾക്ക് സർക്കാർ ഫ്‌ളാറ്റുകൾ നൽകാൻ തീരുമാനിച്ചിട്ടില്ലെന്നും റോഹിൻഗ്യകളെ തിരിച്ചയയ്ക്കാൻ നടപടി തുടങ്ങിയെന്നും കേന്ദ്ര ആഭ്യന്തരമന്ത്രാലയം അറിയിച്ചു. മ്യാന്മറിൽ നിന്നുള്ള റോഹിൻഗ്യൻ അഭയാർഥികൾക്ക് ഡൽഹിയിൽ ഫ്‌ളാറ്റുകളും പൊലീസ് സംരക്ഷണവും നൽകുമെന്നായിരുന്നു കേന്ദ്ര ഭവന, നഗരകാര്യ മന്ത്രി ഹർദീപ് സിങ് പുരി ട്വീറ്റ് ചെയ്തിരുന്നു. ഈ പ്രഖ്യാപനം തിരുത്തിയാണ് ആഭ്യന്തര മന്ത്രാലയം വിഷയത്തിൽ വ്യക്തത വരുത്തിയത്.

അനധികൃത കുടിയേറ്റക്കാരായ വിദേശികളെ തിരിച്ചയക്കുംവരെ നിയമപരമായി തടങ്കൽ പാളയത്തിൽ പാർപ്പിക്കും. നിലവിലുള്ള സ്ഥലം തടങ്കൽ പാളയമായി ഡൽഹി സർക്കാർ പ്രഖ്യാപിച്ചിട്ടില്ല. വളരെ പെട്ടെന്നുതന്നെ അതിനുള്ള നിർദ്ദേശങ്ങൾ അവർ നൽകുമെന്നും കേന്ദ്ര ആഭ്യന്തര മന്ത്രാലയം ട്വീറ്റ് ചെയ്തു. റോഹിങ്യൻ മുസ്ലിങ്ങൾ നിലവിലുള്ള സ്ഥലത്തുതന്നെ തുടരുന്നുണ്ടെന്ന് ഉറപ്പു വരുത്താൻ വേണ്ടി ഡൽഹി സർക്കാരിനോട് കേന്ദ്ര ആഭ്യന്തരമന്ത്രാലയം നിർദ്ദേശിച്ചിട്ടുണ്ട്.

എല്ലാ റോഹിങ്യൻ അഭയാർഥികൾക്കും ഡൽഹിയിൽ താമസസൗകര്യം ഒരുക്കുമെന്നായിരുന്നു കേന്ദ്ര നഗരവികസന മന്ത്രി ഹർദീപ് സിങ് പുരിയുടെ പ്രഖ്യാപനം. ഡൽഹിയിലെ ബക്കർവാല പ്രദേശത്ത് ഫ്ളാറ്റുകൾ നൽകുമെന്നും ഡൽഹി പൊലീസിന്റെ സുരക്ഷ ഉറപ്പാക്കുമെന്നുമായിരുന്നു കേന്ദ്രമന്ത്രി പ്രഖ്യാപിച്ചത്.

''അഭയം തേടിയവരെ ഇന്ത്യ എല്ലായ്‌പ്പോഴും സ്വാഗതം ചെയ്യുന്നു. 1951ലെ യുഎൻ അഭയാർഥി കൺവൻഷനെ ഇന്ത്യ ബഹുമാനിക്കുകയും പിന്തുടരുകയും ചെയ്യുന്നു. വംശമോ മതമോ പരിഗണിക്കാതെ എല്ലാവർക്കും അഭയം നൽകുന്നു'' അദ്ദേഹം ട്വീറ്റ് ചെയ്തു.

അതേസമയം, ഹർദീപ് സിങ് പുരിയുടെ പരാമർശത്തിൽ വിമർശനവുമായി വിശ്വഹിന്ദു പരിഷത്ത് രംഗത്തെത്തി. ഹർദീപ് സിങ് പുരിയുടെ പരാമർശം നിർഭാഗ്യകരമെന്ന് വിശ്വഹിന്ദു പരിഷത്തിന്റെ രാജ്യാന്തര ജോയിന്റ് ജനറൽ സെക്രട്ടറി സുരേന്ദ്ര ജെയിൻ പറഞ്ഞു. കേന്ദ്രസർക്കാർ തീരുമാനം പുനഃപരിശോധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

അഭയാർഥികളുടെ അവകാശങ്ങളും അവരെ സംരക്ഷിക്കാനുള്ള രാജ്യങ്ങളുടെ ബാധ്യതകളും വ്യക്തമാക്കുന്ന 1951ലെ യുഎൻ കൺവൻഷനിൽ ഇന്ത്യ ഒപ്പുവച്ചിട്ടില്ല. മ്യാന്മറിലെ ലക്ഷക്കണക്കിന് റോഹിൻഗ്യകൾ പീഡനങ്ങളെ തുടർന്ന് വർഷങ്ങളായി മറ്റു രാജ്യങ്ങളിലേക്ക് പലായനം ചെയ്യുന്നു. ഒരു ദശലക്ഷത്തോളം റോഹിൻഗ്യകൾക്ക് ബംഗ്ലാദേശ് അഭയം നൽകിയിട്ടുണ്ട്.