കുവൈറ്റ് സിറ്റി: അശ്രദ്ധയോടെ വാഹനമോടിക്കുന്നവരുടെ ലൈസൻസ് റദ്ദാക്കുകയും വാഹനം പിടിച്ചെടുക്കുകയും ചെയ്യുന്നുവെന്ന പരാതിയിൽ ആഭ്യന്തര മന്ത്രാലയം ഉത്തരവിറക്കി. ഗതാഗത നിയമം ലംഘിച്ച് വാഹനമോടിക്കുന്നവരുടെ ലൈസൻസ് റദ്ദാക്കുകയോ വാഹനം പിടിച്ചെടുക്കുകയോ ചെയ്താൽ മതിയെന്നും ഇതിന് രണ്ടു ശിക്ഷയും കൂടി നൽകേണ്ടതില്ലെന്നുമാണ് ആഭ്യന്തര മന്ത്രാലയം അസിസ്റ്റന്റ് അണ്ടർ സെക്രട്ടറി ഫോർ ട്രാഫിക് അഫേഴ്‌സ് മേജർ ജനറൽ ജമാൽ ഹത്തേം അറിയിച്ചിരിക്കുന്നത്.

മന്ത്രാലയത്തിന്റെ പുതിയ ഉത്തരവ് വിവിധ ട്രാഫിക് ഡിപ്പാർട്ട്‌മെന്റിലേക്കും പട്രോളിങ് ഓഫീസർമാർക്കും അയച്ചിട്ടുണ്ട്. ഉത്തരവ് ഉടൻ തന്നെ നടപ്പാക്കണമെന്നാണ് മന്ത്രാലയം വ്യക്തമാക്കിയിട്ടുള്ളത്. പലയിടങ്ങളിലും ട്രാഫിക് പൊലീസ് ഗതാഗത നിയമം തെറ്റിക്കുന്ന വാഹനഉടമകൾക്കെതിരേ ഇരട്ട ശിക്ഷാ നടപടികളാണ് അടുത്തകാലത്തായി സ്വീകരിച്ചു വന്നിരുന്നത്. ഇതിനെതിരേ വ്യാപക പരാതി ഉണ്ടായതിനെ തുടർന്നാണ് മന്ത്രാലയം ഇടപെട്ടത്.