ദുബൈ: ദുബൈ സർക്കാർ നടപ്പാക്കുന്ന നിർബന്ധിത ആരോഗ്യ ഇൻഷുറൻസ് പദ്ധതിയുടെ രണ്ടുഘട്ടം പൂർത്തിയായതായി ദുബൈ ഹെൽത്ത് അഥോറിറ്റി അധികൃതർ അറിയിച്ചു.നൂറിന് മുകളിൽ തൊഴിലാളികൾ ജോലി ചെയ്യുന്ന എല്ലാ കമ്പനികളും വിസ ലഭിക്കാൻ ഇനി ആരോഗ്യ ഇൻഷുറൻസ് സർട്ടിഫിക്കറ്റ് ഹാജരാക്കേണ്ടിവരും. ഫാമിലി വിസയിലുള്ള കുടുംബാംഗങ്ങൾക്കും ഇതോടെ ഇൻഷുറൻസ് നിർബന്ധമാകും.

നിർബന്ധിത ആരോഗ്യ ഇൻഷുറൻസ് പദ്ധതിയുടെ രണ്ടുഘട്ടങ്ങളാണ് ഇപ്പോൾ പൂർത്തിയായത്. സ്വദേശികളും വിദേശികളുമടക്കം 27 ലക്ഷം പേർക്ക് ഇപ്പോൾ ആരോഗ്യ ഇൻഷുറൻസ് പരിരക്ഷ ലഭിച്ചതായി ദുബൈ ഹെൽത്ത് അഥോറിറ്റി ഹെൽത്ത് ഫണ്ടിങ് ഡയറക്ടർ ഹൈദർ അൽ യൂസുഫ് പറഞ്ഞു. നൂറിലേറെ തൊഴിലാളികൾ ജോലി ചെയ്യുന്ന എല്ലാ സ്ഥാപനങ്ങളും ഇനി മുതൽ വിസ ലഭിക്കാൻ ഇനി ആരോഗ്യ ഇൻഷുറൻസ് സർട്ടിഫിക്കറ്റ് ഹാജരാക്കേണ്ടിവരും.

നൂറിൽ താഴെ ജീവനക്കാരുള്ള കമ്പനികൾക്ക് അടുത്തവർഷം ജൂണിൽ മാത്രമേ നിയമം ബാധകമാകൂ. നൂറിന് മുകളിൽ ജീവനക്കാരുടള്ള സ്ഥാപനങ്ങൾക്ക് വിസ ലഭിക്കാൻ ആരോഗ്യ ഇൻഷുറൻസ് നിർബന്ധമാണെന്ന ചട്ടം ഈമാസം ഒന്ന് മുതലാണ് പ്രാബല്യത്തിൽ വന്നത്. കമ്പനികൾ വിസക്ക് അപേക്ഷിക്കുമ്പോൾ തൊഴിലാളിക്ക് ഇൻഷുറൻസ് കമ്പനി നൽകിയ മെഡിക്കൾ സർട്ടിഫിക്കറ്റ് കൂടി ഹാജരാക്കണം. തൊഴിലാളികൾക്ക് ആരോഗ്യ ഇൻഷുറൻസ് ഉറപ്പുവരുത്തേണ്ടത് കമ്പനികളുടെ ബാധ്യതയാണ്. വിസ പുതുക്കുന്ന സമയത്ത് മെഡിക്കൽ സർട്ടിഫിക്കറ്റ് ഹാജരാക്കിയില്ലെങ്കിൽ സ്ഥാപനങ്ങൾ പിഴയടക്കേണ്ടിവരും.

ഇൻഷുറൻസ് കമ്പനികൾ സൗജന്യമായാണ് സർട്ടിഫിക്കറ്റ് നൽകേണ്ടത്.വിസക്ക് അപേക്ഷിക്കാനായി താമസകുടിയേറ്റ വകുപ്പ് ഓഫിസിലത്തെുമ്പോൾ മറ്റ് രേഖകൾക്കൊപ്പം മെഡിക്കൽ സർട്ടിഫിക്കറ്റും നൽകണം. ഓൺലൈനായി അപേക്ഷിക്കുകയാണെങ്കിൽ സർട്ടിഫിക്കറ്റ് അപ്ലോഡ് ചെയ്യണം.

അടുത്ത ഘട്ടത്തിൽ സന്ദർശക വിസയിലത്തെുന്നവർക്കും ആരോഗ്യ ഇൻഷുറൻസ് നിർബന്ധമാകും. ഇതിന്റെ വിശദാംശങ്ങൾ അഥോറിറ്റി പിന്നീട് പ്രഖ്യാപിക്കുമെന്ന് ഹൈദർ അൽ യൂസുഫ് പറഞ്ഞു. മൂന്നാംഘട്ടത്തിൽ ജീവനക്കാർക്ക് പുറമെ അവർ സ്‌പോൺസർ ചെയ്യുന്ന കുടുംബാംഗങ്ങൾക്കും വീട്ടുജോലിക്കാർക്കും ഇൻഷുറൻസ് നിർബന്ധമാക്കും. ഇതിന്റെ പ്രീമിയം തുക ജീവനക്കാരാണ് വഹിക്കേണ്ടത്.