ഭോപ്പാൽ: വ്യാപം കേസും കേന്ദ്ര മന്ത്രിസഭയിലെ അംഗങ്ങൾക്കെതിരായ അഴിമതി ആരോപണങ്ങളുമൊന്നും മധ്യപ്രദേശിൽ ബിജെപിയെ ബാധിച്ചില്ല. സംസ്ഥാനത്തെ മുനിസിപ്പൽ കോർപ്പറേഷനുകൾ മുഴുവൻ പിടിച്ചെടുത്തു തെരഞ്ഞെടുപ്പിൽ ബിജെപി മിന്നുന്ന പ്രകടനം കാഴ്ചവച്ചു.

സംസ്ഥാനത്ത് ആകെയുള്ള 16 മുനിസിപ്പൽ കോർപ്പറേഷനുകളിലും വ്യക്തമായ ആധിപത്യത്തോടെയാണ് ബിജെപി അധികാരം ഉറപ്പിച്ചത്. എട്ട് കോർപ്പറേഷനിൽ നേരത്തെ അധികാരത്തിലിരുന്ന കോൺഗ്രസിനു പക്ഷേ, ഇവ നിലനിർത്താനായില്ല.

ദുരൂഹതകൾ നിറഞ്ഞ വ്യാപം അഴിമതി ഏറെ കോളിളക്കമാണു മധ്യപ്രദേശിൽ സൃഷ്ടിച്ചത്. പാർലമെന്റിൽ വരെ അതിന്റെ അലയൊലികൾ എത്തിയിരുന്നു. എന്നാൽ, ഇതൊന്നും ജനങ്ങളെ ഒട്ടും ബാധിച്ചിട്ടില്ലെന്നു തന്നെയാണു തെരഞ്ഞെടുപ്പു ഫലം വ്യക്തമാക്കുന്നത്. എന്തായാലും കോർപ്പറേഷൻ തെരഞ്ഞെടുപ്പു ഫലം ബിജെപിക്കും മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാനും വലിയ ആശ്വാസമാണു നൽകിയിരിക്കുന്നത്.

വ്യാപം അഴിമതിയെ തുടർന്നു കോൺഗ്രസ് ചൗഹാന്റെ രാജി ആവശ്യ നിരന്തരമായി ഉയർത്തിയിരുന്നു. സംസ്ഥാനത്തെ മറ്റു മന്ത്രിമാരും ഉദ്യോഗസ്ഥ വൃന്ദവും ഭാഗമായ അഴിമതിക്കേസ് ദുരൂഹ മരണങ്ങളുടെ പേരിലാണ് രാജ്യമാകെ ശ്രദ്ധിക്കപ്പെട്ടത്. പാർലമെന്റിന്റെ മൺസൂൺ സമ്മേളനം വരെ ഈ വിഷയത്തിൽ സ്തംഭിച്ചിരുന്നു.

ഇതാദ്യമായാണ് മധ്യപ്രദേശി 16 കോർപ്പറേഷനുകളിൽ ബിജെപി വിജയിക്കുന്നത്. അപവാദ പ്രചാരണങ്ങൾ ഒരിക്കലും കോൺഗ്രസിനു രാഷ്ട്രീയ നേട്ടങ്ങൾ ഉണ്ടാക്കില്ലെന്നതിനു തെളിവാണു ബിജെപി നേടിയ വിജയമെന്നു ശിവരാജ് സിങ് ചൗഹാൻ മാദ്ധ്യമങ്ങളോടു പറഞ്ഞു.

യുഎഇയിൽ ദ്വിദിന സന്ദർശനത്തിനു പോയ പ്രധാനമന്ത്രി നരേന്ദ്ര മോദി ട്വിറ്ററിലൂടെ വിജയികൾക്കു അഭിനന്ദനം അറിയിച്ചു.

കോൺഗ്രസിന് ആകെയുണ്ടായിരുന്ന പ്രതീക്ഷയാണ് മുനിസിപ്പൽ തെരഞ്ഞെടുപ്പു ഫലം വന്നതോടെ ഇല്ലാതായത്. നിയമസഭ തെരഞ്ഞെടുപ്പിൽ തുടർച്ചയായ മൂന്നാം വട്ടവും വിജയം കൈവരിച്ച ബിജെപി കഴിഞ്ഞ ലോക്‌സഭ തെരഞ്ഞെടുപ്പിലും സംസ്ഥാനത്തു വൻ നേട്ടമാണു കൊയ്തത്. ആകെയുള്ള 29 സീറ്റിൽ 27ഉം സ്വന്തമാക്കാൻ ബിജെപിക്കു കഴിഞ്ഞിരുന്നു.