കണ്ണൂർ : തിരഞ്ഞെടുപ്പ് കമ്മീഷന് ആന്തൂരിലെ ജനങ്ങളുടെ വക ഒരു സഹായം. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഒരു ജോലിക്കുമായി ആരും ആന്തൂരിലെ 14 വാർഡുകളിലേക്ക് വരണ്ട, തിരഞ്ഞെടുപ്പിന് മുമ്പ് തന്നെ ആന്തൂർ നഗരസഭ എൽ.എഡി.എഫ് സ്വന്തമാക്കി. 28 വാർഡുകളിലെ 14 വാർഡുകളിൽ മൽസരിക്കാൻ എതിരാളികളില്ലാതെ പിന്നെന്തു തിരഞ്ഞെടുപ്പ്.

ഇന്നലെ നടന്ന സൂക്ഷ്മപരിശോധനയിൽ നാലുപേരുടെ പത്രിക കൂടി തള്ളിയതോടെ 14 വാർഡുകളിൽ എൽ.ഡി.എഫ് വിജയം ഉറപ്പിച്ചു. 14 വാർഡുകളിൽ സ്ഥാനാർത്ഥികളെ കണ്ടെത്താൻ കോൺഗ്രസ് പഠിച്ച പണി പതിനെട്ടും നോക്കിയിട്ടും ഫലമുണ്ടായില്ല. ഒടുവിൽ പ്രാദേശിക കോൺഗ്രസ് നേതൃത്വം കണ്ടെത്തി പോംവഴി ഇതായിരുന്നു.

പത്രിക സമർപ്പിക്കാനെത്തുന്നവരെ ഭീഷണിപ്പെടുത്തി പിന്തിരിപ്പിക്കുകയാണ് സിപിഐഎം ആന്തൂരിൽ ചെയ്‌തെന്നാണ് ആരോപണവുമായി രംഗത്തിറങ്ങുക. എന്നാൽ 28 വാർഡിലും സ്ഥാനാർത്ഥികളെ നിർത്തിയാലും ആന്തൂരിന് ചെങ്കൊടിയോട് ആണ് അടുപ്പമെന്നുള്ളതിൽ ആർക്കും സംശയമില്ലാത്ത കാര്യമാണെന്ന് പാർട്ടി നേതാക്കൾ അടിവരയിട്ടു പറയുന്നു. പത്രികാസമർപ്പണം അവസാനിച്ച ദിവസം 10 സിപിഐ(എം). വനിതാ സ്ഥാനാർത്ഥികൾ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടിരുന്നു. മത്സരം നടക്കാനിരിക്കുന്ന ശേഷിക്കുന്ന വാർഡുകളും ഇടതുകോട്ടകളാണ്. 

കെ. ജഷി (വെള്ളിക്കീൽ), പി.കെ. മുജീബ് റഹ്മാൻ (പുന്നക്കുളങ്ങര), എം. വസന്തകുമാരി (പൊടിക്കുണ്ട്), കെ.പി. നന്ദനൻ (കാനൂൽ) എന്നിവരുടെ എതിർസ്ഥാനാർത്ഥികളുടെ പത്രികകളാണ് ഇന്നലെ സൂക്ഷ്മപരിശോധനയിൽ തള്ളിയത്. നാമനിർദ്ദേശ പത്രികപോലും സമർപ്പിക്കാൻ ആളില്ലാത്തതിനാൽ പത്തു സിപിഐ(എം) വനിതാ സ്ഥാനാർത്ഥികൾ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെടുമെന്ന് നേരത്തേ ഉറപ്പായിരുന്നു. തിരഞ്ഞെടുക്കപ്പെടുന്നവരിൽ പതിമൂന്നു പേർ സിപിഐ(എം) സ്ഥാനാർത്ഥികളും മുജീബ് റഹ്മാൻ സിപിഐ സ്ഥാനാർത്ഥിയുമാണ്.

ആന്തൂർ പഞ്ചായത്ത് മുമ്പ് തളിപ്പറമ്പ് നഗരസഭയുടെ ഭാഗമായിരുന്നു. മുമ്പ് നഗരസഭയുടെ ഭരണം പിടിക്കാൻ തളിപ്പറമ്പിനോട് കൂട്ടിച്ചേർത്തതാണെങ്കിലും ആന്തൂർ ചുവപ്പിനൊപ്പം നിൽക്കുമെന്ന തിരിച്ചറിഞ്ഞതോടെ വീണ്ടും ആന്തൂർ നഗരസഭയായി. നഗരസഭാ ചെയർപേഴ്‌സണായി സിപിഐ(എം). പരിഗണിക്കുന്ന പി.കെ. ശ്യാമള(മോറാഴ)യ്ക്കും എതിർസ്ഥാനാർത്ഥിയുണ്ടായിരുന്നില്ല. സിപിഐ(എം). സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എം വി ഗോവിന്ദന്റെ ഭാര്യയാണു ശ്യാമള. എം. പ്രീത (മുണ്ടപ്രം), എം. സതി (മൈലാട്ട്), പി.പി. ഉഷ (കോടല്ലൂർ), കെ.പി. ശ്യാമള (പറശിനി), ടി.യു. സുനിത (തളിവയൽ), ഒ. പ്രീത (സി.എച്ച്. നഗർ), എം വി സരോജം (വേണിയിൽ), ടി. ലത (പാളയത്തുവളപ്പ്) എന്നിവരാണ് എതിർസ്ഥാനാർത്ഥികൾ പത്രിക നൽകാത്തതിനാൽ കഴിഞ്ഞദിവസം തെരഞ്ഞെടുക്കപ്പെട്ടത്.

അതേസമയം ആന്തൂരിൽ പത്രിക സമർപ്പിക്കാനൊരുങ്ങിയ യുഡിഎഫ് പ്രവർത്തകരെ സിപിഐ(എം) ഭീഷണിപ്പെടുത്തി തടയുകയായിരുന്നെന്ന് കോൺഗ്രസ് നേതാവ് കെ. സുധാകരൻ ആരോപിക്കുന്നു. തിരഞ്ഞെടുപ്പിൽ പത്രിക നൽകിയവരെ ബലമായി പിൻവലിപ്പിച്ചു. കൂടാതെ സ്ഥാനാർത്ഥിയായി നിശ്ചയിച്ച യുഡിഎഫ് പ്രവർത്തകരുടെ വീടിനു മുന്നിൽ സിപിഐ(എം) പ്രവർത്തകർ കാവൽ നിൽക്കുകയായിരുന്നുവെന്നും കെ.സുധാകരൻ ആരോപിക്കുന്നു. കോൺഗ്രസിന്റെ ആന്തൂർ മണ്ഡലം പ്രസിഡന്റിനെ സിപിഎമ്മുകാർ വെട്ടിക്കൊന്നതിന്റെ ഭീതി മൂലമാണ് സിപിഐഎമ്മുകാർ കോൺഗ്രസ് സ്ഥാനാർത്ഥികളെ തടയുന്നതെന്നും കോൺഗ്രസ് നേതാക്കളിൽ നിന്ന് ആരോപണം ഉയർന്നിരുന്നു.

അതേസമയം ആരോപണങ്ങൾ ഉന്നയിക്കുന്നവർ ഒരു പരാതി പോലും നൽകാൻ മുന്നോട്ടുവന്നിട്ടില്ലെന്നുള്ളത് കോൺഗ്രസിന്റെ ആരോപണങ്ങൾ കള്ളത്തരമാണെന്നതിന്റെ പ്രധാന തെളിവാണ്. ആന്തൂരിലെ ജനങ്ങൾ ഇടത്പക്ഷത്തിനൊപ്പം നിൽക്കുന്നത് കണ്ണൂരിലെ യുഡിഎഫിന്റെയും ബിജെപിയുടെയും കഴിവുകേടാണെന്നും സിപിഐഎം ജില്ലാ സെക്രട്ടറി പി.ജയരാജൻ പറഞ്ഞു. യുഡിഎഫ് സ്ഥാനാർത്ഥിയെ പിന്താങ്ങാൻ പോലും ആളില്ലാത്ത സ്ഥലങ്ങൾ കണ്ണൂരിലുണ്ടെന്നുള്ള യാഥാർഥ്യം മറയ്ക്കാനാണ് കഴമ്പില്ലാത്ത ആരോപണങ്ങൾ ഉന്നയിക്കുന്നതെന്നും പി.ജയരാജൻ ചൂണ്ടിക്കാട്ടി.