ന്യൂഡൽഹി: 10 വർഷം മുമ്പ് രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിൽ ഹിന്ദുത്വ ഭീകരൻ നടത്തിയ സ്‌ഫോടന കേസിലെ മുഖ്യകണ്ണിയെ ഇനിയും പിടികൂടാൻ കഴിയാതെ അന്വേഷണം സംഘം. ഇതോടെ എൻഎഐ അന്വേഷണം അവസാനിപ്പിക്കാനുള്ള നീക്കമാണ് നടക്കുന്നത്. കോഴിക്കോട് ജില്ലയിലെ കൊയിലാണ്ടി സ്വദേശി സുരേഷ് നായർക്കെതിരായ അന്വേഷണമാണ് എൻഐഎ അവസാനിപ്പിക്കാൻ ഒരുങ്ങുന്നത്.

രാജ്യത്തെ നടുക്കിയ ഏഴു സ്ഫോടന സംഭവങ്ങളിൽ നാലു കേസുകളുമായി ബന്ധമുള്ള കണ്ണിയാണ് സുരേഷ് നായർ. സ്ഫോടന പരമ്പരകളിൽ 124 പേർ കൊല്ലപ്പെടുകയും 293 പേർക്കു പരിക്കേൽക്കുകയും ചെയ്തിരുന്നു. 2011ൽ എൻഐഎ ഏറ്റെടുത്തതാണ് കേസുകൾ. ദുർബലമായ അന്വേഷണം നടത്തി സ്ഫോടന പരമ്പരയിലെ മുഖ്യപ്രതി അസീമാനന്ദയെ മക്കാമസ്ജിദ് സ്ഫോടനക്കേസിൽ ഈയിടെയാണ് കോടതി വെറുതെവിട്ടത്. വിധിന്യായത്തിലെ ചില പരാമർശങ്ങളും പ്രത്യേക കോടതി ജഡ്ജിയുടെ രാജിയും വിവാദമായി. പ്രതികളെ രക്ഷപ്പെടുത്താൻ എൻഐഎ പ്രത്യേകം ശ്രമിച്ചതായി ആരോപണമുയർന്നിരുന്നു. ഇതിന് പിന്നാലെയാണ് സുരേഷ് നായരെയും രക്ഷപെടുത്താൻ ശ്രമം ശക്തമായി നടക്കുന്നത്.

ആർഎസ്എസിന്റെ കേന്ദ്രസമിതി അംഗമായ ഇന്ദ്രേഷ് കുമാറിനും ആർഎസ്എസ് തലവൻ മോഹൻ ഭാഗവതിനും സ്ഫോടന പരമ്പരയിൽ പങ്കുള്ളതായി കോടതിയിൽ അസീമാനന്ദ മൊഴി നൽകിയിരുന്നു. പിന്നീട് ദുരൂഹ സാഹചര്യത്തിൽ മൊഴി മാറ്റിപ്പറഞ്ഞു. മൂന്ന് ആർപിഎഫ് ഉദ്യോഗസ്ഥരും പാക്കിസ്ഥാനികളുമടക്കം 68 പേർ കൊല്ലപ്പെട്ട സംജോത സ്ഫോടനത്തിനു പിന്നിലും 2007 ഒക്ടോബർ 11നു അജ്മീർ ദർഗയിൽ നടന്ന സ്ഫോടന പരമ്പരയ്ക്കു പിന്നിലും സുരേഷ് നായർകക് പങ്കുണ്ടെന്നാണഅ ആരോപണം ഉയർന്നത്.

അധികൃതർ 2011ൽ രണ്ടു ലക്ഷം രൂപ ഇനാം പ്രഖ്യാപിച്ച സുരേഷ് നായർക്കെതിരേ ഒരന്വേഷണവും പിന്നീട് നടന്നില്ല എന്നാണു വ്യക്തമാവുന്നത്. 2011ൽ മോസ്റ്റ് വാണ്ടഡ് ലിസ്റ്റിൽപ്പെടുത്തി എൻഐഎയുടെ വെബ്സൈറ്റിൽ പുറത്തുവിട്ട വിവരത്തിൽ വ്യക്തമാക്കിയിരുന്നു. കേസ് എൻഐഎ ഏറ്റെടുത്ത് ഏഴു വർഷം കഴിഞ്ഞിട്ടും സുരേഷ് നായരെ തിരിച്ചറിയാനുള്ള ഒരു വിവരം പോലും അധികൃതർക്കു ലഭിച്ചില്ല. എൻഐഎയുടെ ഏറ്റവും പുതിയ ലിസ്റ്റിലും നായരുടെ പേരുണ്ട്. കൊയിലാണ്ടി പേലിയക്കടുത്ത് ആർഎസ്എസ് കേന്ദ്രത്തിൽ നിന്നു ഗുജറാത്തിലേക്ക് ഏതാനും വർഷം മുമ്പ് പോയി എന്ന് പറയപ്പെടുന്ന സുരേഷ് നായരുടെ കൊയിലാണ്ടിയിലെ ഒരു വിലാസവും ലുക്ക് ഔട്ട് നോട്ടീസിൽ കാണാൻ കഴിയില്ല.

ഒരു ദാമോദരൻ നായരുടെ മകൻ എന്ന് മാത്രം പറഞ്ഞ് റിവാർഡ് പ്രഖ്യാപിച്ച് അന്വേഷണ പ്രഹസനമാണ് എൻഐഎ ഇതുവരെ നടത്തിയതെന്നാണു മനസ്സിലാക്കുന്നത്. ഇയാളുടെ സംഘടനയെക്കുറിച്ച് പരാമർശിക്കുന്ന കോളത്തിൽ ഒരു ഭീകരസംഘം എന്നു മാത്രമാണു ചേർത്തിരിക്കുന്നത്. അതേയവസരത്തിൽ കൂട്ടുപ്രതിയും സ്ഫോടനക്കേസിൽ എൻഐഎ 10 ലക്ഷം രൂപ റിവാർഡ് പ്രഖ്യാപിച്ചയാളുമായ സന്ദീപ് ഡാങ്കേയുടെ വിശദവിവരം എൻഐഎയുടെ വെബ് സൈറ്റിൽ കാണാം. സ്ഫോടന പരമ്പര കേസിലെ മറ്റൊരു പ്രതിയായ ആർഎസ്എസ് നേതൃത്വവുമായി ബന്ധമുണ്ടായിരുന്ന പ്രചാരക് സുനിൽ ജോഷി 2007 ഡിസംബറിൽ ദുരൂഹ സാഹചര്യത്തിൽ കൊല്ലപ്പെട്ടിരുന്നു.

ഇതുപോലെ ദേശീയ അന്വേഷണ ഏജൻസി തിരയുന്നു എന്നു പറയുന്ന മറ്റു ചില പ്രതികളും ദുരൂഹ സാഹചര്യത്തിൽ അപ്രത്യക്ഷരായിട്ടുമുണ്ട്. കേരളത്തിലെ ഏത് പെറ്റി കേസിലും പ്രതികളുടെ കുടുംബ പാരമ്പര്യം പോലും ശേഖരിച്ച്‌ ്രൈകം റിക്കാർഡ്സ് ബ്യൂറോയുടെ പ്രത്യേക ഫയലിൽ ശേഖരിക്കുന്ന കേരള പൊലീസ്, 124 പേരെ സ്ഫോടനത്തിലൂടെ വധിച്ച കൊടുംക്രിമിനലിനെ പറ്റി ഒരു വിവരവും ശേഖരിച്ചിട്ടില്ല എന്നതാണ് മറ്റൊരു വിരോധാഭാസം.

സുരേഷ് നായർക്കൊപ്പം ഒളിവിൽ പോയ മേഹുൽ ആണ് കൊല്ലപ്പെട്ട സുനിൽ ജോഷിക്കും കട്ടാരിയക്കും ഒപ്പം മധ്യപ്രദേശിലെ ദേവസിൽനിന്ന് ഗുജറാത്തിലെ ഗോധ്രയിലേക്കും അജ്മീറിലേക്കുമുള്ള സ്‌ഫോടകവസ്തുക്കൾ കാറിൽ എത്തിച്ചത്. സുനിൽ ജോഷിയെ കൊലപ്പെടുത്തിയ കേസിൽ ആരോപണവിധേയനായ ആനന്ദ് രാജ് കട്ടാരിയയുടേതായിരുന്നു ഈ കാർ. ഗോധ്രയിലെ ഗൂഢാലോചനക്ക് ശേഷം സുരേഷ് നായർ, മുകേഷ് വാസനി, മേഹുൽ, ഭവേഷ്, സണ്ണി എന്നിവർക്കൊപ്പം അജ്മീറിലേക്ക് സർക്കാർ ബസിൽ സംശയം തോന്നാത്ത വിധം കൊണ്ടുപോകുകയായിരുന്നു.

ഗുജറാത്ത് കേന്ദ്രീകരിച്ച് ഭീകരപ്രവർത്തനം നടത്തിയ സുരേഷ് നായരുടെ കേരളത്തിലെ പ്രവർത്തനങ്ങളെക്കുറിച്ച് വിവരം അറിയിക്കണമെന്ന് മുകേഷ് വാസ്‌നി അറസ്റ്റിലായ സമയത്ത് രാജസ്ഥാൻ ഭീകരവിരുദ്ധ സ്‌ക്വാഡ് ആവശ്യപ്പെട്ടിരുന്നു. തങ്ങൾക്ക് ബന്ധമുള്ള സ്ഥലങ്ങളിലേക്കെല്ലാം ഭീകരപ്രവർത്തനം വ്യാപിപ്പിച്ച ഈ സംഘം സുരേഷ് നായരെ ഉപയോഗിച്ച് കേരളത്തിൽ വല്ല വിധ്വംസക പ്രവർത്തനങ്ങളും നടത്തിയോ എന്നാണ് രാജസ്ഥാൻ എ.ടി.എസ് പ്രധാനമായും ആരാഞ്ഞത്. ഇതിനായി സുരേഷ് നായർ കേരളത്തിൽ വന്നാൽ ബന്ധപ്പെടാറുള്ള വീടുകളുടെയും വ്യക്തികളുടെയും വ്യക്തമായ വിലാസങ്ങളും രാജസ്ഥാൻ പൊലീസ് കേരള പൊലീസിന് നൽകി. കേരളത്തിൽ സുരേഷിന് ചങ്ങാത്തമുള്ള പല യുവാക്കളുടെയും പേരും വിലാസവും ഇങ്ങനെ കൈമാറിയിരുന്നു.

എന്നാൽ, വർഷങ്ങൾക്കുമുമ്പ് ഗുജറാത്തിൽ സ്ഥിരതാമസമാക്കിയ സുരേഷ്‌നായരുടെ കുടുംബം വല്ലപ്പോഴുമാണ് കേരളത്തിൽ വരാറുള്ളതെന്നും ആറുവർഷം മുമ്പ് ഒരു ബന്ധുവിന്റെ വിവാഹച്ചടങ്ങിന് വന്ന സുരേഷ് പിന്നീട് വന്നിട്ടില്‌ളെന്നും കേരളം അന്ന് അറിയിച്ചു. കേരളത്തിന്റെ ആഭ്യന്തര സുരക്ഷാ അന്വേഷണ സംഘം (ഐ.എസ്‌ഐ.ടി) നേരിട്ട് അന്വേഷണം നടത്തിയാണ് അജ്മീർ സ്‌ഫോടനക്കേസ് അന്വേഷിക്കുന്ന രാജസ്ഥാൻ ഭീകര വിരുദ്ധ സ്‌ക്വാഡിന്റെ അഡീഷനൽ എസ്‌പി സത്യേന്ദ്ര സിങ്ങിന് ഈ വിവരം കൈമാറിയത്.