- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മന്ത്രിക്ക് പ്രത്യേക പരിഗണനയില്ലെന്ന് കോടതി; കോടതിയുടെ പരാമർശം കേസ് പരിഗണിച്ചപ്പോൾ മന്ത്രി അഭാവത്തെത്തുടർന്ന്
തിരുവനന്തപുരം: കോടതിയിൽ കേസുമായി എത്തുന്ന എല്ലാവരും തുല്യരാണെന്നും മന്ത്രിക്ക് പ്രത്യേക പരിഗണനയില്ലെന്നും കോടതി. മാറ്റിവച്ച കേസ് വീണ്ടും പരിഗണിച്ചപ്പോൾ പ്രതിയായ മന്ത്രി കടകംപള്ളി സുരേന്ദ്രൻ കോടതിയിലില്ലെന്നു കണ്ടാണ് അഡീഷണൽ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് വിവിജ രവീന്ദ്രന്റെ പരാമർശം.
നിയമസഭാ തിരഞ്ഞെടുപ്പ് മുന്നിൽക്കണ്ടാണ് നിലവിലെ കേസിൽ ജാമ്യമെടുക്കാൻ മന്ത്രി കടകംപള്ളി സുരേന്ദ്രനും മുൻ എംഎൽഎ. വി.ശിവൻകുട്ടിയും കോടതിയിലെത്തിയത്. ഇരുവരും പ്രതികളായ റോഡ് ഉപരോധ കേസാണ് കോടതി ആദ്യം പരിഗണിച്ചത്. ശിവൻകുട്ടിക്ക് മറ്റൊരു കേസിൽ വാറണ്ട് നിലവിലുള്ള കാര്യം മനസ്സിലാക്കിയ കോടതി, ശിവൻകുട്ടിയോട് പ്രതിക്കൂട്ടിൽ മാറിനിൽക്കാനും കടകംപള്ളി സുരേന്ദ്രനോട് പുറത്തുനിൽക്കാനും നിർദേശിച്ചു.
കേസ് കഴിഞ്ഞെന്നു തെറ്റിദ്ധരിച്ച മന്ത്രി ഉടൻ മടങ്ങുകയും ചെയ്തു. വാറണ്ടുള്ള കേസിൽ ശിവൻകുട്ടി ജാമ്യമെടുത്തു കഴിഞ്ഞപ്പോൾ ഇരുവരും പ്രതിയായ കേസ് കോടതി വീണ്ടും പരിഗണിച്ചപ്പോഴാണ് മന്ത്രി കോടതിയിൽനിന്നു മടങ്ങിപ്പോയ കാര്യം കോടതിയുടെ ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് മന്ത്രിയെ വിളിച്ചുവരുത്താൻ കോടതി നിർദേശിച്ചു. മന്ത്രി കോടതി പിരിയുന്നതിനു മുൻപെത്തി ജാമ്യമെടുക്കുകയും ചെയ്തു.
2012 മാർച്ച് 29-ന് ശിശുക്ഷേമസമിതിയിൽ പാർപ്പിച്ചിരുന്ന പെൺകുട്ടി വെള്ളത്തിൽ വീണ് മരിച്ചതിൽ സർക്കാരിന്റെ അനാസ്ഥയുണ്ടെന്നാരോപിച്ചാണ് ശിവൻകുട്ടിയുടെയും കടകംപള്ളി സുരേന്ദ്രന്റെയും നേതൃത്വത്തിൽ സിപിഎം. പ്രവർത്തകർ പൂജപ്പുര റോഡ് ഉപരോധിച്ചത്. 2014 ജൂലായ് 27-ന് ഉള്ളൂർ സഹകരണ സംഘത്തിന്റെ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സംഘർഷമുണ്ടായ കേസിലാണ് ശിവൻകുട്ടിക്ക് വാറണ്ട് ഉണ്ടായിരുന്നത്.