ഡബ്ലിൻ: ഐറീഷ് വാട്ടറിൽ പേര് രജിസ്റ്റർ ചെയ്ത് മീറ്റർ ഇൻസ്റ്റാൾ ചെയ്തിട്ടില്ലാത്തവർക്ക് അവരുടെ പ്രോപ്പർട്ടിയിൽ ഉണ്ടാകുന്ന വാട്ടർ ലീക്കുകൾ സൗജന്യമായി നേരെയാക്കികൊടുക്കില്ലെന്ന് എനർജി റെഗുലേറ്റർ. വാട്ടർ പൈപ്പുകൾ പ്രോപ്പർട്ടി കടക്കുന്നതു മുതൽ വീടു വരെയുള്ള ലീക്കുകളെ ഐറീഷ് വാട്ടർ സൗജന്യമായി ചെയ്തു കൊടുക്കുകയുള്ളൂ. വീടിനുള്ളിലോ അപ്പാർട്ട്‌മെന്റിനുള്ളിലോ ഏതെങ്കിലും തരത്തിലുള്ള ലീക്കുകൾ കണ്ടെത്തിയാൽ അത് ഉടമ തന്നെയ നന്നാക്കണമെന്നാണ് എനർജി റെഗുലേറ്ററുടെ നിർദ്ദേശം.

ഐറീഷ് വാട്ടറിന്റെ ഫസ്റ്റ് ഫ്രീ ഫിക്‌സ് പോളിസി പ്രഖ്യാപനത്തിനിടെയാണ് എനർജി റെഗുലേറ്റർ ലീക്ക് നന്നാക്കുന്നതിന്റെ നടപടിക്രമങ്ങൾ വ്യക്തമാക്കിയത്. ഈ വർഷം കമ്പനി ഈയിനത്തിൽ 51 മില്യൺ യൂറോയാണ് ചെലവഴിക്കുന്നത്. ഐറീഷ് വാട്ടറിൽ രജിസ്റ്റർ ചെയ്തവർക്കു മാത്രമേ സൗജന്യമായി റിപ്പയറിങ് ചെയ്തുകൊടുക്കൂ എന്നത് ഏറെ വിവാദത്തിന് വഴിതെളിച്ചിരിക്കുകയാണ്. പൈപ്പുകൾ ഇടുന്നത് മുമ്പു തന്നെ ഐറീഷ് വാട്ടറിൽ എന്തിന് രജിസ്റ്റർ ചെയ്യണമെന്നാണ് ഉപയോക്താക്കൾ ചോദ്യമുന്നയിക്കുന്നത്.

അതേസമയം എവിടെയൊക്കെ ലീക്കുകൾ ഉണ്ടെന്ന കാര്യം പരിശോധിച്ച് വീട്ടുടമയെ അറിയിക്കാമെന്ന് ഐറീഷ് വാട്ടർ സമ്മതിച്ചിട്ടുള്ളതായി റെഗുലേറ്റർ വ്യക്തമാക്കിയിട്ടുണ്ട്. ലീക്കുണ്ടെന്ന കാര്യം വീട്ടുടമയുടെ ശ്രദ്ധയിൽപെട്ടു കഴിഞ്ഞാൽ ഐറീഷ് വാട്ടർ ഒരു ഇൻവെസ്റ്റിഗേഷൻ ടീമിനെ സ്ഥലത്തേക്ക് അയയ്ക്കും. എന്നാൽ കമ്പനിയിൽ രജിസ്റ്റർ ചെയ്തിട്ടില്ലാത്തവർക്ക് സൗജന്യമായി റിപ്പയർ ചെയ്തുകൊടുക്കില്ലെന്നാണ് ഐറീഷ് വാട്ടർ പറയുന്നത്. രജിസ്റ്റർ ചെയ്തിട്ടില്ലാത്ത ഉപയോക്താവ് ആണെങ്കിൽ ഇൻവെസ്റ്റിഗേഷൻ ടീം ലീക്ക് പരിശോധിക്കുന്നതിന് മുമ്പു തന്നെ ഇവർ രജിസ്റ്റർ ചെയ്തിരിക്കണം.