ന്യൂഡൽഹി: രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനുവേണ്ടി പോരാടുകയും പിന്നീട് സ്വതന്ത്ര ഭാരതത്തിന്റെ വികസനത്തിന് ചുക്കാൻ പിടിക്കുകയും ചെയ്ത ഒട്ടേറെ നേതാക്കളുണ്ട്. എന്നാൽ, ഇത്തരം രാഷ്ട്ര നേതാക്കളിൽ, രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയൊഴികെയുള്ളവരെ തള്ളുകയാണ് കേന്ദ്രത്തിലെ നരേന്ദ്ര മോദി സർക്കാർ. ഗാന്ധിജി ഒഴികെയുള്ള കോൺഗ്രസ് നേതാക്കളുടെ ജയന്തി, സമാധി ദിനങ്ങൾ ആചരിക്കേണ്ടെന്ന് സർക്കാർ തീരുമാനിച്ചു.

സർക്കാരിന്റെ പുതിയ തീരുമാനപ്രകാരം, ഗാന്ധിജയന്തിയും രക്തസാക്ഷിത്വ ദിനവും മാത്രമാകും സർക്കാർ ആചരിക്കുക. ജവാഹർലാൽ നെഹ്‌റു, ലാൽബഹാദൂർ ശാസ്ത്രി, ഇന്ദിരാ ഗാന്ധി, രാജീവ് ഗാന്ധി തുടങ്ങിയ മുൻ കോൺഗ്രസ് പ്രധാനമന്ത്രിമാരുടെ ജനന, മരണ ദിവസങ്ങൾ സർക്കാർ തലത്തിൽ ആചരിക്കപ്പെടുകയില്ല. ഇത്തരം നേതാക്കളുടെ അനുസ്മരണച്ചടങ്ങുകൾ പാർട്ടികളുടെയോ ട്രസ്റ്റുകളുടെയോ നേതൃത്വത്തിലാകും സംഘടിപ്പിക്കപ്പെടുക.

മറ്റൊരു ശ്രദ്ധേയ തീരുമാനം കൂടി മോദി സർക്കാർ കൈക്കൊണ്ടിട്ടുണ്ട്. നെഹ്‌റുവിന്റെ 125-ാം ജന്മദിനം ആചരിക്കുന്നതിനുള്ള സമിതിയെ പുനഃസംഘടിപ്പിച്ചുകൊണ്ടാണ് ഈ നീക്കം. പ്രധാനമന്ത്രി നരേന്ദ്ര മോദി അദ്ധ്യക്ഷനായുള്ള സമിതിയാണ് ഇതിനായി സംഘടിപ്പിക്കപ്പെട്ടത്. കോൺഗ്രസ് നേതാക്കളായ മല്ലികാർജുൻ ഖാർഗെ, ഗുലാം നബി ആസാദ്, കരൻ സിങ് തുടങ്ങിയവർ സമിതിയിലുണ്ട്.

നേരത്തെ, യു.പി.എ സർക്കാർ പ്രധാനമന്ത്രി മന്മോഹൻ സിങ്ങിന്റെ അദ്ധ്യക്ഷതയിലാണ് സമിതി സംഘടിപ്പിച്ചിരുന്നത്. അതിൽ, നെഹ്‌റു കുടുംബാംഗമായ സോണിയ ഗാന്ധി അംഗവുമായിരുന്നു. എന്നാൽ, എൻ.ഡി.എ അധികാരത്തിൽ വന്നതോടെ, സോണിയ സമിതിയിൽനിന്ന് രാജിവച്ചു. ഇതേത്തുടർന്ന് മുൻ ഡൽഹി മുഖ്യമന്ത്രി ഷീല ദീക്ഷിതിന്റെ നേതൃത്വത്തിൽ കോൺഗ്രസ് അനുസ്മരണ കമ്മറ്റി പുനഃസംഘടിപ്പിക്കുകയും ചെയ്തിരുന്നു. ഇതിന് സമാന്തരമായാണ് എൻ.ഡി.എ. സർക്കാർ മോദി അദ്ധ്യക്ഷനായി പുതിയ സമിതിയെ നിയോഗിച്ചിട്ടുള്ളത്. ഈ സമിതിയിൽ, നെഹ്‌റു കുടുംബാംഗങ്ങളാരും തന്നെയില്ല. നെഹ്‌റു കുടുംബത്തോട് വിധേയത്വം പുലർത്തുന്ന മാദ്ധ്യമ പ്രവർത്തകൻ സുമൻ ദുബേ മാത്രമാണ് സമിതിയിലുള്ളത്.

മുൻ പ്രധാനമന്ത്രിമാരുടെ അനുസ്മരണ ദിനങ്ങൾ സർക്കാർതലത്തിൽ ആചരിക്കേണ്ടതില്ലെന്നത് വാജ്‌പേയി സർക്കാരിന്റെ കാലത്തെടുത്ത തീരുമാനമാണെന്നും അത് നടപ്പാക്കുക മാത്രമാണ് സർക്കാർ ചെയ്തതെന്നും ധനമന്ത്രി അരുൺ ജെയ്റ്റ്‌ലി പറഞ്ഞു. ഗാന്ധിജിയുടെ ജയന്തിയും സമാധിയും രാജ്ഘട്ട് കമ്മറ്റിയുടെ നേതൃത്വത്തിലാണ് ആചരിക്കുന്നത്. അത് തുടർന്നും കേന്ദ്ര സർക്കാർ തന്നെ സംഘടിപ്പിക്കും. എന്നാൽ, മറ്റു നേതാക്കളുടെ ചടങ്ങുകൾ അതാത് പാർട്ടികളും ട്രസ്റ്റുകളും നടത്തുന്ന സ്വകാര്യ ചടങ്ങുകൾ മാത്രമാകുമെന്നും ജെയ്റ്റ്‌ലി പറഞ്ഞു.

നെഹ്‌റുവിന്റെ 125-ാം ജന്മദിനം ആചരിക്കാനുള്ള സർക്കാർ സമിതിയിൽനിന്ന് നെഹ്‌റു-ഗാന്ധി കുടുംബാഗങ്ങളെ ഒഴിവാക്കിയത് ശരിയായില്ലെന്ന് മുൻ കേന്ദ്ര മന്ത്രി അജയ് മാക്കൻ പറഞ്ഞു. സമിതി പുനഃസംഘടിപ്പിക്കുന്നതിൽ ഇത്ര വൈകിയതും ശരിയായില്ല. മെയ് മാസത്തിൽ തിരഞ്ഞെടുപ്പ് ഫലം വന്നയുടനെ, സോണിയ സമിതിയിൽനിന്ന് രാജിവച്ചിരുന്നു. നവംബർ 14-ന് അനുസ്മരണച്ചടങ്ങുകൾ നടത്താനിരിക്കെ, ഇത്രയും വൈകിയത് മനപ്പൂർവമാണെന്നും മാക്കൻ ആരോപിച്ചു.