ദോഹ: പ്രവാസി തൊഴിലാളികൾക്ക് ഏറെ ആശ്വാസമാകുന്ന സ്‌പോൺസർഷിപ്പ് സംവിധാനം നടപ്പിൽ വരുത്തുമെന്ന് അധികൃതരുടെ ഉറപ്പ്. സ്‌പോൺസർഷിപ്പ്, എക്‌സിറ്റ് പെർമിറ്റ് സംവിധാനങ്ങൾ ഭേദഗതി വരുത്താനുള്ള തീരുമാനത്തിൽ നിന്ന് പിന്നോട്ട് പോകുന്ന പ്രശ്‌നമുദിക്കുന്നില്ലെന്ന് തൊഴിൽ-സാമൂഹിക ക്ഷേമ മന്ത്രി അബ്്ദുല്ല സാലിഹ് മുബാറക് അൽഖുലൈഫി വ്യക്തമാക്കിയതോടെയാണ് തൊഴിലാളികൾക്ക് വീണ്ടും പ്രതീക്ഷ നല്കുന്നത്. എന്നാൽ കൃത്യമായ തിയ്യതി വ്യക്തമാക്കാനാവില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു

ഈ വർഷമാദ്യം നടപ്പാക്കുമെന്നു നേരത്തേ സൂചിപ്പിച്ച നിയമമാറ്റമാണു നീളുന്നത്. സ്‌പോൺസർഷിപ് നിയമത്തിലും എക്‌സിറ്റ് പെർമിറ്റ് വ്യവസ്ഥയിലും മാറ്റം വരുത്തുമെന്ന് ഉറപ്പാണ്. ഇക്കാര്യം നേരത്തേ തന്നെ ഖത്തർ സർക്കാർ പ്രഖ്യാപിച്ചിട്ടുള്ളതാണെന്നും അതിൽ പിന്നാക്കം പോകില്ലെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തെ വിവിധ നയതന്ത്ര പ്രതിനിധികളുമായുള്ള കൂടിക്കാഴ്ചയിൽ പങ്കെടുക്കുകയായിരുന്നു മന്ത്രി. സ്‌പോൺസർഷിപ് നിയമമാറ്റം കഴിഞ്ഞ വർഷം മേയിലാണു സർക്കാർ പ്രഖ്യാപിച്ചത്. നിയമം ഭേദഗതികൾക്കായി ആഭ്യന്തര മന്ത്രാലയത്തിന്റെ പക്കലാണെന്നും അദ്ദേഹം പറഞ്ഞു.

പുതിയ നിയമത്തിൽ സ്‌പോൺസർഷിപ്പ് എന്ന പ്രയോഗം തന്നെ ഒഴിവാക്കി പൂർണമായും തൊഴിലുടമയും തൊഴിലാളിയും തമ്മിൽ ഒപ്പിടുന്ന കരാറിന്റെ അടിസ്ഥാനത്തിലാക്കും. തൊഴിലാളിയുടെ അവകാശങ്ങളും കടമകളും സംബന്ധിച്ച് കരാറിലുണ്ടാകും. തൊഴിലാളിയും തൊഴിലുടമയും തമ്മിലുള്ള പരസ്പര ധാരണപ്രകാരമായിരിക്കും ഉപാധികൾ തീരുമാനിക്കുക. പുതിയ നിയമം അന്തിമഘട്ടത്തിലാണെന്നും മന്ത്രി വ്യക്തമാക്കി.