- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ക്ഷേത്രത്തിൽ ശമ്പളമുൾപ്പടെയുള്ള ചെലവാകുന്നത് ഒന്നേകാൽ കോടി രൂപ; കോവിഡ് പ്രതിസന്ധിയിൽ പിടിച്ചുനിന്നത് സ്ഥിര നിക്ഷേപങ്ങളിലെയും സേവിങ്സ് ബാങ്ക് അക്കൗണ്ടിലേയും പണം കൊണ്ട്; സർക്കാർ സഹായം ലഭിച്ചില്ല;പത്മനാഭസ്വാമി ക്ഷേത്രം ഗുരുതരമായ സാമ്പത്തീക പ്രതിസന്ധിയിലെന്ന് ഭരണസമിതി അധ്യക്ഷൻ സുപ്രീംകോടതിയിൽ
തിരുവനന്തപുരം: പത്മനാഭസ്വാമിക്ഷേത്രം ഗുരുതര സാമ്പത്തീക പ്രതിസന്ധിയിലെന്ന് റിപ്പോർട്ട്. ക്ഷേത്രത്തിലെ നിലവിലെ സാമ്പത്തീക സ്ഥിതിയെക്കുറിച്ച് ഭരണസമിതി അധ്യക്ഷൻ ജസ്റ്റിസ് പി. കൃഷ്ണ കുമാർ സുപ്രീംകോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ക്ഷേത്രത്തിലെ ചെലവുകൾക്കും ജീവനക്കാരുടെ ശമ്പളത്തിനുമായി ഒന്നേകാൽ കോടി രൂപയാണ് പ്രതിമാസം ചെലവാകുന്നത്. എന്നാൽ അമ്പത് -അറുപത് ലക്ഷം രൂപ മാത്രമാണ് ഇപ്പോൾ വരുമാനം ലഭിക്കുന്നത്.ക്ഷേത്രത്തിന്റെ പേരിലുള്ള സ്ഥിര നിക്ഷേപങ്ങളിലെയും സേവിങ്സ് ബാങ്ക് അകൗണ്ടിലേയും പണം കൊണ്ടാണ് ഇതുവരെ പ്രതിസന്ധിയെ നേരിട്ടത്. എന്നാൽ ഇവ ഉടൻ തന്നെ തീരുമെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
ഗുരുതര സാമ്പത്തീക പ്രതിസന്ധിക്കിടയിൽ സഹായത്തിനായി സർക്കാറിനെ സമീപിച്ചിരുന്നു. എഹ്കിലും അനുകൂലമായ നിലപാട് ഉണ്ടായിട്ടില്ല.തിരു കൊച്ചി ഹിന്ദു മത സ്ഥാപന നിയമത്തിലെ 18 (1) വകുപ്പ് പ്രകാരം പ്രതിവർഷം ആറ് ലക്ഷം രൂപയാണ് സംസ്ഥാന സർക്കാർ പത്മനാഭ സ്വാമി ക്ഷേത്രത്തിന് നൽകുന്നത്. പണപ്പെരുപ്പത്തിന് അനുസൃതമായി ഈ തുക വർദ്ധിപ്പിച്ചിട്ടില്ലെന്നും കൃഷ്ണകുമാർ സുപ്രീം കോടതിക്ക് കൈമാറിയ റിപ്പോർട്ടിൽ വിശദീകരിച്ചിട്ടുണ്ട്.സർക്കാർ സഹായിച്ചാൽ മാത്രമേ അഭൂതപൂർവ്വമായ പ്രതിസന്ധി മറികടക്കാൻ കഴിയുകയുള്ളൂ എന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.
ഓഗസ്റ്റ് 24 ന് ചേർന്ന ഭരണസമിതിയുടെയും ഉപദേശക സമിതിയുടെയും സംയുക്ത യോഗത്തിൽ ട്രസ്റ്റിന്റെ മുഴുവൻ വരുമാനവും ക്ഷേത്രത്തിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ടിരുന്നു. ട്രസ്റ്റ് രൂപീകരിച്ചതുതന്നെ ക്ഷേത്രത്തിന്റെ പ്രയോജനത്തിന് വേണ്ടിയാണെന്നും ഭരണസമിതി അധ്യക്ഷൻ തന്റെ റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടുണ്ട്. സംസ്ഥാന സർക്കാരും പത്മനാഭ സ്വാമി ക്ഷേത്ര ട്രസ്റ്റും സഹായിച്ചാൽ മാത്രമേ ഇപ്പോഴത്തെ പ്രതിസന്ധി മറികടക്കാൻ കഴിയുകയുള്ളു എന്നും ഭരണസമിതി അധ്യക്ഷന്റെ റിപ്പോർട്ടിൽ പരാമർശിച്ചിട്ടുണ്ട്.
ഇതിനോടൊപ്പം കോടതി നിർദ്ദേശപ്രകാരം നൽകാനുള്ള 11.7 കോടി രൂപ എഴുതി തള്ളണമെന്ന് ആവശ്യപ്പെട്ട് സർക്കാരിന് ക്ഷേത്രം എക്സിക്യൂട്ടീവ് ഓഫീസർ കത്ത് നൽകും.പ്രത്യേക ഓഡിറ്റിൽ നിന്ന് ഒഴിവാക്കണമെന്ന ട്രസ്റ്റിന്റെ ആവശ്യം സുപ്രീം കോടതി വിധി പറയാനായി മാറ്റിയിരിക്കുകയാണ്.
അതേസമയം ക്ഷേത്രങ്ങൾക്ക് നൽകുന്ന 'തിരുപുവാര' തുക ഉയർത്തണമെന്ന ആവശ്യവും ഉയർന്നിട്ടുണ്ട്.ക്ഷേത്രം ഉപദേശക സമിതി അധ്യക്ഷൻ റിട്ടയേർഡ് ജസ്റ്റിസ് എൻ കൃഷ്ണൻ നായർ സുപ്രീം കോടതിക്ക് കൈമാറിയ റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്.49 വില്ലേജുകളിലായുള്ള പത്മനാഭ സ്വാമി ക്ഷേത്രത്തിന്റെ ഭൂമികൾക്ക് സംസ്ഥാന സർക്കാർ പ്രതിവർഷം തിരുപുവാരം ആയി നൽകുന്നത് 31998 രൂപ ആണ്. 1970 - 71 കാലഘട്ടത്തിൽ തിരുവനന്തപുരം ഡെപ്യൂട്ടി കളക്ടർ ആണ് ഈ തുക നിശ്ചയിച്ചത്.പണപ്പെരുപ്പം കണക്കിലെടുത്ത് ഈ തുക കാലോചിതമായി വർദ്ധിപ്പിക്കണമെന്ന് സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.
ഇത്തരം പ്രതിസന്ധി സാഹചര്യത്തിൽ സംസ്ഥാന സർക്കാർ പത്മനാഭ സ്വാമി ക്ഷേത്രത്തിൽ ചെലവഴിച്ച തുക എഴുതിത്ത്ത്ത്ത്തള്ളണമെന്നും റിപ്പോർട്ടിൽ ആവശ്യപ്പെടുന്നു.ഇത് സംബന്ധിച്ച് കത്ത് നൽകാൻ നിർദ്ദേശിച്ചതായും റിപ്പോർട്ടിൽ പറയുന്നു.2012 നും 19 നും ഇടയിൽ സംസ്ഥാന സർക്കാർ പത്മനാഭ സ്വാമി ക്ഷേത്രത്തിൽ ചെലവഴിച്ച 11,70,11,000 രൂപ തിരികെ നൽകണമെന്ന് സുപ്രീം കോടതി നേരത്തെ നിർദ്ദേശിച്ചിരുന്നു. ഈ തുകയാണ് എഴുതിത്ത്ത്ത്ത്തള്ളാൻ ആവശ്യപ്പെടുന്നത്.
ആരാധനാലയങ്ങൾക്കും മത സ്ഥാപനങ്ങൾക്കും നൽകുന്ന തിരുപുവാരവും മറ്റ് ആനുകൂല്യങ്ങളും തമിഴ്നാട് സർക്കാർ 2008 മുതൽ പത്തിരട്ടി വർധിപ്പിച്ചു. പത്മനാഭ സ്വാമി ക്ഷേത്രത്തിന് നൽകുന്ന തുക വർദ്ധിപ്പിച്ചില്ലെങ്കിൽ ഹൈക്കോടതിയെ സമീപിക്കാൻ തീരുമാനിച്ചതായും ക്ഷേത്രം ഉപദേശക സമിതി അധ്യക്ഷൻ സുപ്രീം കോടതിയെ അറിയിച്ചു.
മറുനാടന് മലയാളി ബ്യൂറോ