ന്യൂഡൽഹി: അമ്പതിനായിരം രൂപയിൽ നിന്ന് ഒരു ലക്ഷം രൂപയായി എംപിമാരുടെ ശമ്പളം വർധിപ്പിക്കാനുള്ള ശുപാർശ കേന്ദ്രസർക്കാർ തള്ളി. യോഗി ആദിത്യനാഥ് അദ്ധ്യക്ഷനായ പാർലമെന്ററി സമിതിയുടെ നിർദ്ദേശങ്ങളാണ് സർക്കാർ തള്ളിയത്.

എംപിമാരുടെ പെൻഷനിൽ 75 ശതമാനം വർദ്ധനയും സിറ്റിങ് ഫീസിലെ വർധനയും സമിതി ശുപാർശ ചെയ്തിരുന്നു. എന്നാൽ ഇതെല്ലാം തള്ളുകയായിരുന്നു കേന്ദ്രസർക്കാർ.

എംപിമാരുടെ വേതനം 50,000 രൂപയും സിറ്റിങ് അലവൻസ് ഇനത്തിൽ ദിവസം 2000 രൂപയുമായി നിശ്ചയിച്ചത് 2010ലാണ്. ജീവിത ചെലവുകളിലെ വർദ്ധനയും ഡി.എ ഇല്ലാത്തതും പരിഗണിച്ച് ശമ്പളം ഇരട്ടിയാക്കാനാണ് ശുപാർശ നൽകിയിരുന്നത്.

സിറ്റിങ് അലവൻസ്, പെൻഷൻ എന്നിവ വർദ്ധിപ്പിക്കാനും ശുപാർശ ചെയ്തു. 20,000 രൂപയാണ് സാധാരണ പെൻഷൻ. ഇത് 35,000 രൂപയാക്കണമെന്നായിരുന്നു സമിതിയുടെ ശുപാർശ. മുൻ എംപിമാർക്ക് വർഷത്തിൽ 30 തവണവരെ സൗജന്യ വിമാനയാത്ര അനുവദിക്കണമെന്നുമുണ്ട്.

യോഗി ആദിത്യനാഥ് അധ്യക്ഷനായ സമിതിയുടെ 65 നിർദ്ദേശങ്ങളിൽ 18 എണ്ണം തള്ളുകയും 15 എണ്ണം അംഗീകരിക്കില്ലെന്നും സർക്കാർ അറിയിച്ചു. മൂന്നു നിർദ്ദേശങ്ങൾ ആവശ്യ സമയത്തു പരിഗണിക്കാമെന്നും നാലെണ്ണത്തിൽ നിലവിൽ യാതൊരു മാറ്റവും വരുത്തേണ്ടതില്ലെന്നുമാണ് സർക്കാരിന്റെ തീരുമാനം. നിലവിൽ 50,000 രൂപയാണ് എംപിമാരുടെ മാസ ശമ്പളം. എന്നാൽ, വിവിധ ആനുകൂല്യങ്ങളടക്കം മാസാമാസം എംപിമാർക്ക് ലഭിക്കുന്ന തുക ഇതിന്റെ ഇരട്ടിയിലധികമാണ്.

എംപിക്കും ഭാര്യക്കും നിലവിലുള്ള ഒന്നാം ക്ലാസ് ട്രെയിൻ യാത്രാസൗകര്യം എംപിയോടൊപ്പം സഹായിയെന്ന നിലയിൽ യാത്ര ചെയ്യുന്നവർക്കും നൽകുക, എംപിമാർക്ക് ഫസ്റ്റ് ക്‌ളാസ് എസി നിരക്കിനു തുല്ല്യമായ അലവൻസ്(നിലവിൽ സെക്കണ്ട് ക്‌ളാസ് എ.സി നിരക്കിന് തുല്ല്യ തുക.) നൽകുക, വിമാനക്കൂലിക്കൊപ്പം തുല്ല്യമായ തുക അലവൻസ് നൽകുക, വിമാനത്താവളങ്ങളിൽ പ്രത്യേക പരിഗണന നൽകുക, എംപിമാർക്കുള്ള ആരോഗ്യ പദ്ധതി മക്കൾക്കും കൊച്ചുമക്കൾക്കും ബാധകമാക്കുക തുടങ്ങിയ നിർദ്ദേശങ്ങളാണ് സമിതി മുന്നോട്ടുവച്ചിരുന്നത്.

നിലവിൽ എംപിമാർക്ക് സർക്കാർ ചെലവിൽ താമസവും 50,000 യൂണിറ്റ് സൗജന്യ വൈദ്യുതിയും 4000 കിലോ ലിറ്റർ വെള്ളവും വർഷത്തിൽ 50,000 സൗജന്യ ഫോൺ കാളും അനുവദിച്ചിട്ടുണ്ട്.