ലക്‌നൗ: മഹദ് വ്യക്തികളുടെ ജന്മദിനത്തിനും ചരമദിനത്തിനും സ്‌കൂളുകൾക്ക് അവധി നൽകുന്നതിന് പകരമായി അവരേപ്പറ്റിയുള്ള ബോധവൽക്കരണ പ്രവർത്തനങ്ങളാണ് നടത്തേണ്ടതെന്ന് വ്യക്തമാക്കി യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ആദർശനിഷ്ഠമായ പ്രവർത്തനങ്ങളും പരിഷ്‌കാരങ്ങളും യുപിയിൽ നടപ്പിലാക്കുന്നതിന്റെ ഭാഗമായാണ് യോഗി ഈ പരിഷ്‌കാരവും കൊണ്ടുവരുന്നത്. മുമ്പ് രാഷ്ട്രപതിയായിരുന്ന അബ്ദുൾ കലാം ഉൾപ്പെടെ ഇത്തരമൊരു നിർദ്ദേശം മുന്നോട്ടുവച്ചിരുന്നു.

ഇത്തരം ദിവസങ്ങളിൽ സ്‌കൂളുകൾക്ക് അവധി നൽകുന്നതിനു പകരം അവരെക്കുറിച്ച് കുട്ടികളെ ബോധവൽക്കരിക്കാൻ പ്രത്യേക ക്ലാസ് സംഘടിപ്പിക്കാനാണ് സർക്കാർ ആലോചിക്കുന്നതെന്ന് യോഗി ആദിത്യനാഥ് വ്യക്തമാക്കി. അംബേദ്കർ ജയന്തിയോടനുബന്ധിച്ച് ലക്‌നൗവിൽ സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കുമ്പോഴാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്.

ഇത്തരം ദിനങ്ങളിൽ സ്‌കൂൾ അടച്ചിടുന്നത് മഹത്തരമായി തോന്നുന്നില്ല. എന്തിനാണ് അവധി ലഭിച്ചതെന്ന കാര്യം പോലും പല കുട്ടികൾക്കും അറിയില്ല മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. സർക്കാരിന്റെ പരിഗണനയിലുള്ള ഈ നയം നടപ്പിലായാൽ യുപിയിലെ സ്‌കൂളുകളിൽ വിദ്യാർത്ഥികൾക്ക് ലഭിക്കുന്ന അവധിദിനങ്ങളിൽ കാര്യമായ കുറവുണ്ടാകും.

പല സമയത്തും സ്‌കൂളുകൾ അടച്ചിടുന്നത് കുട്ടികളുടെ താൽപര്യത്തിനു വിരുദ്ധമായും അവരുടെ ഭാവിയെ പരിഗണിക്കാതെയുമാണെന്ന് ആദിത്യനാഥ് പറഞ്ഞു. മഹദ് വ്യക്തികളുടെ ഓർമദിവസങ്ങളിൽ സ്‌കൂളുകൾ അടച്ചിടുന്നത് അത്തരമൊരു ദിവസം ആചരിക്കേണ്ടതിന്റെ ആവശ്യകതയ്ക്ക് വിപരീത ഫലമാണ് ഉണ്ടാക്കുക. ഒരു വർഷം 220 പ്രവൃത്തിദിനങ്ങൾ വേണമെന്നാണ് നിയമം.

അവധികളുടെ ആധിക്യം നിമിത്തം അതു പലപ്പോഴും നടക്കാറില്ല. ഇതോടെ ഇരുനൂറിലധികം ദിവസങ്ങളെടുത്ത് പഠിപ്പിക്കേണ്ട കാര്യങ്ങൾ ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽ കുട്ടികളിലേക്ക് അടിച്ചേൽപ്പിക്കാൻ അദ്ധ്യാപകർ നിർബന്ധിതരാവുകയാണ് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. യുപിയിൽ കശാപ്പുശാലകൾ അടച്ചുപൂട്ടുന്നതുൾപ്പെടെയുള്ള നടപടികൾ ആരംഭിച്ച മുഖ്യമന്ത്രി ഇപ്പോൾ അടുത്ത പരിഷ്‌കാരം പ്രഖ്യാപിച്ചതും ഇതോടെ ചർച്ചയാവുകയാണ്.