അബുദാബി: തലസ്ഥാനത്ത് അടുത്തിടെ വൈദ്യുതി, വെള്ളം ചാർജ് വർധന വരുത്തിയെന്ന വാർത്ത വന്നതിനെ തുടർന്ന് അതിന് വിശദീകരണവുമായി അബുദാബി ഡിസ്ട്രിബ്യൂഷൻ കമ്പനി രംഗത്തെത്തി. ഫ്‌ലാറ്റുകളിൽ ജീവിക്കുന്നവർ ദിവസം 700 ലിറ്റർ വരെ വെള്ളം ഉപയോഗിച്ചാൽ ചാർജ് വർധന ബാധകമല്ലെന്നും വില്ലകളിലുള്ളവർക്ക് ഇത് 5000 ലിറ്റർ ആണെന്നുമാണ് കമ്പനിയുടെ വിശദീകരണം.

അതേസമയം അയ്യായിരം ലിറ്ററിലധികം വെള്ളം ദിവസവും ഉപയോഗിക്കുന്ന വിദേശികൾക്ക് വാട്ടർ ചാർജിൽ ഓരോ ആയിരം ലിറ്ററിനും 6.5 ശതമാനം വർധനയാണ് വരുത്തിയിട്ടുള്ളത്. നേരത്തെയുള്ള 0.55 ദിർഹത്തിൽ നിന്ന് 9.90 ദിർഹമായിട്ടാണ് നിരക്ക് വർധിച്ചിരിക്കുന്നത്.

വെള്ളത്തിന്റെ ദുരുപയോഗം തടയുന്നതിനാണ് ഇത്തരത്തിൽ ചാർജിൽ വർധന വരുത്തിയിട്ടുള്ളതെന്നും സാധാരണക്കാരെ നിരക്കു വർധന ബാധിക്കില്ലെന്നും കമ്പനി വ്യക്തമാക്കിയിട്ടുണ്ട്.  അതേസമയമം ഇലക്ട്രിസിറ്റി ചാർജിൽ നിരക്കു വർധന വരുത്തിയിട്ടില്ലെന്നും അബുദാബി ഡിസ്ട്രിബ്യൂഷൻ കമ്പനി വെളിപ്പെടുത്തി.