കുവൈറ്റ് സിറ്റി: ഫർവാനിയയിലുണ്ടായ തീപിടുത്തത്തിൽ ഇന്ത്യക്കാരാരും മരിച്ചിട്ടില്ലെന്ന് ഇന്ത്യൻ എംബസി വ്യക്തമാക്കി. ഫർവാനിയയിൽ വീടിന് തീപിടിച്ച് ഒമ്പതു പേരാണ് മരിച്ചത്. സ്ത്രീകളും കുട്ടികളും മരിച്ചവരിൽ ഉൾപ്പെടുന്നുണ്ട്.

ഫർവാനിയ ബ്ലോക്ക് രണ്ടിൽ ആണ് സംഭവം. പതിനഞ്ചു വർഷമായി കുവൈറ്റിൽ താമസിക്കുന്ന പാക്കിസ്ഥാനി കുടുംബത്തിലെ അംഗങ്ങളാണ് തീപിടുത്തത്തിൽ മരിച്ചത്. തീപിടുത്തത്തിന്റെ കാരണത്തെ കുറിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. തങ്ങളുടെ താമസസ്ഥലത്ത് തീപിടുത്തത്തിൽ നിന്നുള്ള സുരക്ഷാ സംവിധാനം ഉറപ്പുവരുത്തണമെന്ന് അഗ്നിശമനവിഭാഗം അധികൃതർ സ്വദേശികളോടും വിദേശികളോടും അഭ്യർത്ഥിച്ചു.

ഈ ദിവസങ്ങളിൽ രാജ്യത്ത് കടുത്ത ചൂടാണ് അനുഭവപ്പെടുന്നത്. അതുകൊണ്ടു തന്നെ തീപിടുത്തവമായി ബന്ധപ്പെട്ട് ഏറെ അനിഷ്ടസംഭവങ്ങൾ അരങ്ങേറുന്നുമുണ്ട്. കഴിഞ്ഞാഴ്ച സെൻട്രൽ ജയിലിൽ ഉണ്ടായ തീപിടുത്തത്തിൽ ഒരാൾ മരിക്കുകയും 56 പേർക്ക് പൊള്ളലേൽക്കുകയും ചെയ്തിരുന്നു. മിക്ക സ്ഥലത്തും ഷോർട്ട് സർക്യൂട്ടാണ് കാരണമായി പറയുന്നത്.