ന്യൂഡൽഹി: ജനുവരി ഒന്നുമുതൽ കേന്ദ്രസർക്കാർ മന്ത്രാലയങ്ങളിലോ വകുപ്പുകളിലോ അനുബന്ധ ഓഫീസുകളിലോ സ്വയംഭരണ, പൊതുമേഖലാ സ്ഥാപനങ്ങളിലോ താഴ്ന്ന തസ്തികകളിൽ നിയമനത്തിന് ഇന്റർവ്യൂ ഉണ്ടായിരിക്കില്ല. ഇതു സംബന്ധിച്ച നിർദ്ദേശം കേന്ദ്ര പേഴ്‌സണൽ മന്ത്രാലയം വിവിധ വകുപ്പുകൾക്കു നൽകി.

രണ്ട് ദിവസത്തിനുള്ളിൽ നടപ്പാക്കാനാണ് കേന്ദ്ര സർക്കാറിന് കീഴിലുള്ള എല്ലാ മന്ത്രാലയങ്ങൾക്കും പൊതുമേഖലാ സ്ഥാപനങ്ങൾക്കും നിർദ്ദേശം നൽകിയത്. നൈപുണ്യ, കായിക പരീക്ഷകൾ തുടരാനും വിജ്ഞാപനത്തിൽ പറയുന്നു.

ഇത് സംബന്ധിച്ച നടപടിക്രമങ്ങൾ ഡിസംബർ 31ന് പൂർത്തിയാക്കണം. അതായത് ജനുവരി ഒന്നുമുതൽ കേന്ദ്രസർക്കാർ മന്ത്രാലയങ്ങളിലോ വകുപ്പുകളിലോ അനുബന്ധ ഓഫീസുകളിലോ സ്വയംഭരണ, പൊതുമേഖലാ സ്ഥാപനങ്ങളിലോ താഴ്ന്ന തസ്തികകളിൽ നിയമനത്തിന് ഇന്റർവ്യൂ ഉണ്ടായിരിക്കില്ല.

ഭാവിയിലുണ്ടാകുന്ന തൊഴിൽ പരസ്യങ്ങളിലും ഇക്കാര്യം വ്യക്തമാക്കും. ഗ്രൂപ്പ് സി, ഗ്രൂപ്പ് ബിയിലെ നോൺ ഗസറ്റഡ്, സമാന തസ്തികകൾക്കാണ് വിജ്ഞാപനത്തിന്റെ പ്രയോജനം. ഏതെങ്കിലും മന്ത്രാലയത്തിന് ഇന്റർവ്യൂ തുടരണമെന്നുണ്ടെങ്കിൽ വിജ്ഞാപനത്തിൽ നിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് മന്ത്രിയുടെ അംഗീകാരത്തോടെ പ്രത്യേകമായി അപേക്ഷ സമർപ്പിക്കണം.

ഇത് സംബന്ധിച്ച അവലോകന റിപ്പോർട്ട് ജനുവരി ഏഴിന് സമർപ്പിക്കാനും മന്ത്രാലയങ്ങൾക്ക് നിർദ്ദേശമുണ്ട്. നിയമന രീതികൾ പുനരാവിഷ്‌കരിക്കുന്നത് സംബന്ധിച്ച് പൊതുമേഖലാ സ്ഥാപനങ്ങൾക്ക് നിർദ്ദേശം നൽകാനും മന്ത്രാലയങ്ങളോട് വിജ്ഞാപനം ആവശ്യപ്പെടുന്നുണ്ട്.