മെൽബൺ: രാജ്യത്ത് അഞ്ചാം പനി പടർന്നു പിടിക്കുന്ന സാഹചര്യത്തിൽ കുട്ടികൾക്കിടയിൽ വാക്‌സിനേഷനു പ്രോത്സാഹനം നൽകാത്ത സ്‌കൂളുകൾക്ക് സർക്കാർ ഫണ്ടിങ് തടയണമെന്ന് ഓസ്‌ട്രേലിയൻ മെഡിക്കൽ അസോസിയേഷൻ. കുട്ടികൾക്കിടയിൽ കുത്തിവയ്പിനെ കുറിച്ച് ബോധവത്ക്കരണം നടത്താത്തതിനാൽ മാതാപിതാക്കളു ഇക്കാര്യത്തിൽ അലംഭാവമാണ് സ്വീകരി്ച്ചിരിക്കുന്നത്.

കഴിഞ്ഞാഴ്ച ഇറ്റലിയിൽ നിന്നെത്തിയ പെർത്ത് സ്‌കൂൾ വിദ്യാർത്ഥിക്ക് അഞ്ചാം പനി പിടിപെട്ടതായി ശ്രദ്ധയിൽ പെട്ടതിനെ തുടർന്ന് വെസ്റ്റ് ഓസ്‌ട്രേലിയൻ സർക്കാർ ഹെൽത്ത് അലർട്ട് നൽകിയിരുന്നു. പെർത്ത് വാൽഡോർഫ് സ്റ്റീനർ സ്‌കൂളിലെ 400 കുട്ടികളിൽ 200 പേരും കുത്തിവയ്പ് നടത്തിയിട്ടില്ല എന്നു വ്യക്തമായിട്ടുണ്ട്. അഞ്ചാം പനി ബാധിതരുമായി സമ്പർക്കം ഉണ്ടാകുന്ന പത്തു പേരിൽ ഒമ്പതു പേർക്കും രോഗം പകരാനുള്ള സാധ്യതയാണ് ഡിപ്പാർട്ട്‌മെന്റ് ഓഫ് ഹെൽത്ത് ചൂണ്ടിക്കാട്ടുന്നത്.

കുട്ടികൾക്ക് സൗജന്യമായി കുത്തിവയ്പ് നടത്താമെന്നുള്ള സർക്കാർ വാഗ്ദാനത്തോടും മിക്ക സ്‌കൂളുകളും പ്രതികരിച്ചിട്ടില്ല. കുട്ടികൾക്ക് വാക്‌സിനേഷൻ നൽകാത്ത സ്‌കൂളുകൾക്ക് സർക്കാരിൽ നിന്നുള്ള ഫണ്ടിങ് നൽകുന്നതിനെ ചോദ്യം ചെയ്തുകൊണ്ടാണ് എഎംഎ വെസ്റ്റ് ഓസ്‌ട്രേലിയൻ പ്രസിഡന്റ് ഒമർ ഖോർഷിദ് രംഗത്തെത്തുന്നത്. സാംക്രമിക രോഗമായ അഞ്ചാംപനി മൂലം ലോകമെമ്പാടും ആയിരക്കണക്കിന് ആൾക്കാർ മരിക്കുന്നുണ്ടെന്നും രോഗബാധിതർക്ക് ആശുപത്രി വാസം വേണ്ടി വരുമെന്നും ഡോ. ഖോർഷിദ് വ്യക്തമാക്കുന്നു.