- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വാട്സ് ആപ്പിൽ പാക് അനുകൂല സ്റ്റാറ്റസ് പങ്കുവെച്ചന്ന ആരോപണം; അറസ്റ്റിലായ യുവതിയുടെ കേസ് വാദിക്കരുതെന്ന് അഭിഭാഷകർക്ക് താക്കീതുമായി ഹിന്ദുസംഘടന; കേസ് വാദിക്കാൻ വിമുഖത കാണിച്ച് അഭിഭാഷകരും; യുവതിക്കെതിരെ കേസ് എടുത്തത് ഹിന്ദുത്വ പ്രവർത്തകനായ അരുൺ കുമാർ ഭജൻത്രിയയുടെ പരാതിയിൽ
ന്യൂഡൽഹി: തന്റെ സ്വകാര്യ വാട്ട്സ്ആപ്പ് അക്കൗണ്ടിൽ 'പാക് അനുകൂല' സ്റ്റാറ്റസ് പങ്കിട്ടുവെന്നാരോപിച്ച് അറസ്റ്റിലായ മുസ്ലിം യുവതിയുടെ കേസ് ഏറ്റെടുക്കാൻ അഭിഭാഷകർ തയ്യാറാകുന്നില്ലെന്ന് റിപ്പോർട്ട്.'പ്രശ്നകരമായ' വാട്സാപ് സ്റ്റാറ്റസ് പങ്കിട്ടുവെന്നാരോപിച്ച് മാർച്ച് 24ന് മുധോളിൽ അറസ്റ്റിലായ കുത്മ ഷെയ്ഖ് എന്ന 25കാരിക്ക് നിയമപരമായ പിന്തുണ നിഷേധിക്കാൻ മേഖലയിലെ ഹിന്ദുത്വ ഗ്രൂപ്പുകൾ ശ്രമങ്ങൾ നടത്തിയിരുന്നതായി വാർത്തകൾ വന്നിരുന്നു.ഇതിന് പിന്നാലെയാണ് അഭിഭാഷകരുടെ നിസഹരണം.ഹിന്ദുത്വ പ്രവർത്തകനായ അരുൺ കുമാർ ഭജൻത്രിയാണ് യുവതിക്കെതിരെ ബാഗൽകോട്ട് പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയത്.
മുധോൾ ഹിന്ദു ഓർഗനൈസേഷൻസ് ഫോറം എന്ന് പേരുള്ള ഒരു സംഘം, കുത്മ ഷെയ്ഖിന് വേണ്ടി കോടതിയിൽ ഹാജരാകാൻ വിസമ്മതിക്കണമെന്ന് ലോയേഴ്സ് അസോസിയേഷനോട് അപേക്ഷിച്ചതായി കുത്മയുടെ കുടുംബം ആരോപിക്കുന്നു. പ്രാദേശിക സമുദായ നേതാക്കളുടെയും അടുത്ത സുഹൃത്തുക്കളുടെയും സഹായത്തോടെ മാത്രമാണ് യുവതിക്ക് ജാമ്യം ലഭിക്കാൻ സഹായിക്കുന്ന അഭിഭാഷകനെ കുടുംബത്തിന് നിയമിക്കാൻ കഴിഞ്ഞത്. കുത്മയുടെ ജാമ്യാപേക്ഷ പരിഗണിച്ചപ്പോൾ, ഹിന്ദു ഫോറത്തിലെ ഏതാനും അംഗങ്ങൾ കോടതി വളപ്പിൽ ഹാജരായിരുന്നു.
കേസിൽ കോടതി യുവതിക്ക് മാർച്ച് 26ന് സോപാധിക ജാമ്യം നൽകിയിരുന്നു. യുവതിക്കെതിരെ പരാതി നൽകിയതിന് തൊട്ടുപിന്നാലെ മാർച്ച് 24ന് കുത്മയെ അറസ്റ്റ് ചെയ്തിരുന്നു.മാർച്ച് 23 ന് പാക്കിസ്ഥാൻ റെസല്യൂഷൻ ഡേയോട് അനുബന്ധിച്ച് തന്റെ വാട്ട്സ്ആപ്പ് സ്റ്റാറ്റസിൽ, ലോകമെമ്പാടുമുള്ള എല്ലാ രാജ്യങ്ങൾക്കും സമാധാനവും സമൃദ്ധിയും കുത്മ ആശംസിച്ചിരുന്നു.തുടർന്നാണ് കേസും അറസ്റ്റും.
പരാതിക്കാരന്റെ ഭാര്യയുടെ പക്കലായിരുന്നു കുത്മ വസ്ത്രങ്ങൾ തയിക്കാൻ നൽകിയിരുന്നത്. ഇവർക്കിടയിൽ വാട്സാപിൽ വസ്ത്രവുമായി ബന്ധപ്പെട്ട വിവരങ്ങൾ കൈമാറിയിരുന്നു. തുടർന്നാണ് കുത്മയുടെ സ്റ്റാറ്റസ് പരാതിക്കാരൻ ഭാര്യയുടെ ഫോണിലൂടെ കാണുന്നത്. ഇതാണ് പരാതി നൽകാൻ ഇടയാക്കിയത്.'എല്ലാ രാജ്യങ്ങൾക്കും സമാധാനവും സമൃദ്ധിയും നേരുന്ന ഒരു സ്വകാര്യ വാട്ട്സ്ആപ്പ് സ്റ്റാറ്റസ് പോലെ അപ്രസക്തമായ ഒന്ന് പരാതിക്കാരനും അയാളുടെ സംഘവും ബോധപൂർവം വൈറലാക്കി. കുത്മക്കെതിരെ വ്യാജ പരാതി നൽകാൻ ഇത് ഉപയോഗിച്ചു.
മുധോൾ മേഖലയിൽ, വിവിധ കമ്മ്യൂണിറ്റികൾ പരസ്പരം സമാധാനപരമായി ഇടപഴകുന്നു. ഈ വാർത്ത പുറത്തുവരുന്നതുവരെ കാര്യങ്ങൾ താരതമ്യേന സാധാരണമായിരുന്നു' കുത്മയുടെ സഹോദരൻ സൽമാൻ 'പറഞ്ഞു.'മാർച്ച് 23ന് രാത്രി എട്ട് മണിയോടെ രണ്ട് വനിതാ കോൺസ്റ്റബിൾമാർ ഞങ്ങളുടെ വാതിലിൽ മുട്ടി. ഞാൻ വാതിൽ തുറന്നപ്പോൾ അവർ വീട്ടിൽ സ്ത്രീകളുണ്ടോ എന്ന് ചോദിച്ചു. ഞാൻ എന്റെ അമ്മയെ വിളിച്ചതിന് ശേഷം, വനിതാ കോൺസ്റ്റബിൾമാർ എന്റെ അമ്മയോടും സഹോദരിയോടും സംസാരിച്ചു. എന്റെ സഹോദരി അപ്ലോഡ് ചെയ്ത സ്റ്റാറ്റസ് സന്ദേശത്തിന്റെ സ്ക്രീൻഷോട്ട് അവർ കാണിച്ചു' മറ്റൊരു സഹോദരൻ റിസ്വാൻ പറയുന്നു.
ആകെ ആറ് പൊലീസ് ഉദ്യോഗസ്ഥർ ഉണ്ടായിരുന്നു. നാല് പുരുഷ കോൺസ്റ്റബിൾമാരും രണ്ട് വനിതാ കോൺസ്റ്റബിൾമാരും. അവരുടെ കയ്യിൽ വാറന്റ് ഇല്ലായിരുന്നു, എന്നാൽ എന്റെ സഹോദരി അപ്ലോഡ് ചെയ്ത സ്റ്റാറ്റസ് സന്ദേശം ആളുകൾ തെറ്റായ രീതിയിൽ മനസിലാക്കുന്നതിനാൽ ഞങ്ങളുടെ സുരക്ഷ ഉറപ്പാക്കാൻ അവർ അവിടെയുണ്ടാകും എന്ന് ശഠിച്ചു. ഞങ്ങൾ അവരുമായി സഹകരിക്കുകയും അവരുടെ ചോദ്യങ്ങൾക്ക് മറുപടി നൽകുകയും ചെയ്തു. സ്ത്രീ കോൺസ്റ്റബിൾമാർ അന്ന് രാത്രി ഞങ്ങളുടെ വസതിയിൽ താമസിച്ചപ്പോൾ നാല് പുരുഷ കോൺസ്റ്റബിൾമാർ പുറത്ത് താമസിച്ചു. ഞങ്ങളുടെ വസതിയിൽ വച്ചാണ് വനിതാ ഉദ്യോഗസ്ഥർ കുത്മയുടെ ചിത്രങ്ങൾ പോലും എടുത്തത്.
പിറ്റേന്ന് പുലർച്ചെ ഏകദേശം അഞ്ച് മണിക്ക്, ആറ് പൊലീസുകാർ കുത്മയെ സർക്കിൾ പൊലീസ് ഇൻസ്പെക്ടർ ഓഫീസിലേക്ക് കൊണ്ടുപോയി. അവർ രാവിലെ 10 വരെ കാത്തുനിന്നു.'രാവിലെ 10 മണിക്ക് ശേഷം, ഞങ്ങളെ പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി, അവിടെ എന്റെ സഹോദരിയെ വിവിധ ഉദ്യോഗസ്ഥർ ചോദ്യം ചെയ്തു. അവളുടെ വാട്ട്സ്ആപ്പ് സ്റ്റാറ്റസ് എല്ലാ രാജ്യങ്ങൾക്കും വേണ്ടിയുള്ള പ്രാർത്ഥനയായതിനാൽ, എന്റെ സഹോദരി അവളുടെ കാഴ്ചപ്പാട് വിശദീകരിച്ചു. മാത്രമല്ല സന്ദേശം ഇത്തരത്തിലുള്ള ഒരു പ്രശ്നമാകുമെന്ന് താൻ അറിഞ്ഞിരുന്നില്ലെന്നും പറഞ്ഞു. എല്ലാ രാജ്യങ്ങൾക്കും സമാധാനം ആശംസിക്കുന്നു എന്നതല്ലാതെ മറ്റൊരു ഉദ്ദേശവും തനിക്കുണ്ടായിരുന്നില്ലെന്ന് അവർ വ്യക്തമാക്കി,' റിസ്വാൻ പറഞ്ഞു.
പൊലീസ് സ്റ്റേഷനിൽ വെച്ച് കുത്മയുടെ ഫോട്ടോ എടുക്കുകയും നിരവധി രേഖകളിൽ ഒപ്പിടാൻ ആവശ്യപ്പെടുകയും ചെയ്തു. ഉച്ചക്ക് ഒരു മണിയോടെ പൊലീസ് ഉദ്യോഗസ്ഥർ യുവതിയെ സർക്കാർ ആശുപത്രിയിൽ വൈദ്യപരിശോധനക്ക് വിധേയയാക്കി.കുത്മയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുന്നതിനിടെ പൊലീസ് എടുത്ത ഫോട്ടോകൾ സോഷ്യൽ മീഡിയയിൽ എത്തിയതും കുത്മയുടെ സഹോദരങ്ങളെ ഞെട്ടിച്ചിരിക്കുകയാണ്.
'കുത്മ തന്റെ ഫോട്ടോകളൊന്നും സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തിട്ടില്ല. എന്നിരുന്നാലും, പൊലീസ് അവളെ ചോദ്യം ചെയ്യാൻ കൊണ്ടുപോയപ്പോൾ, അവർ അവളുടെ ഫോട്ടോ എടുത്തിരുന്നു, അത് പിന്നീട് നഗരത്തിലെ വാട്ട്സ്ആപ്പ് ഗ്രൂപ്പുകളിൽ വൈറലായി' സഹോദരൻ
പറഞ്ഞു.കുത്മയെ ആദ്യം മാർച്ച് 24 ന് കോടതിയിൽ ഹാജരാക്കിയ ശേഷം ജുഡീഷ്യൽ കസ്റ്റഡിയിൽ അയച്ചതായി സൽമാൻ പറഞ്ഞു.
'ഞങ്ങൾ ഒരു അഭിഭാഷകനെ നിയമിച്ചു. മാർച്ച് 24 ന് അവളുടെ ജാമ്യം ഉറപ്പാക്കാൻ ശ്രമിക്കുകയും ചെയ്തിരുന്നു. പക്ഷേ അത് കോടതിയിൽ നിരസിക്കപ്പെട്ടു. അടുത്ത ദിവസം, മാർച്ച് 25ന്, കുത്മക്ക് ജാമ്യം തേടി ഞാൻ അവളുടെ അഭിഭാഷകനോടൊപ്പം കോടതിയിൽ എത്തിയിരുന്നു. എന്നാൽ, മുധോൾ ഹിന്ദു ഓർഗനൈസേഷൻ ഫോറത്തിന്റെ 10-15 അംഗങ്ങൾ കോടതിയിൽ ഒത്തുകൂടി. ഈ ഗ്രൂപ്പാണ് കുത്മയുടെ കേസ് ഏറ്റെടുക്കരുതെന്ന് ലോയേഴ്സ് അസോസിയേഷനോട് അഭ്യർത്ഥിച്ചത് '-സൽമാൻ പറഞ്ഞു.
കോടതിയിൽ ഹിന്ദു സംഘടനാ അംഗങ്ങൾ എത്തിയതോടെ അന്തരീക്ഷം കലുഷിതമായി. അടുത്ത ദിവസം ജാമ്യാപേക്ഷ നൽകാമെന്ന് വ്യക്തമാക്കി കുത്മയുടെ അഭിഭാഷകൻ സ്ഥലം വിട്ടു.മാർച്ച് 26 ന് എന്റെ സഹോദരിക്ക് കോടതി ജാമ്യം അനുവദിച്ചു -സൽമാൻ പറഞ്ഞു. 'ഞങ്ങൾക്ക് ഏകദേശം 4.30 ന് ജാമ്യം ലഭിച്ചു, അന്ന് വൈകുന്നേരം 7 മണിയോടെ അവളെ വിട്ടയച്ചു.'
മുധോളിലെ ഹിന്ദു സംഘടനകൾ അഭിഭാഷകരുടെ സംഘടനക്ക് സമർപ്പിച്ച മെമോറാണ്ടം ഇപ്രകാരമായിരുന്നു: 'മേൽപ്പറഞ്ഞ വിഷയവുമായി ബന്ധപ്പെട്ട് മുധോളിലെ കുത്മ ഷെയ്ഖ് ഉർഫ് ക്രുതുജാബി എന്ന മുസ്ലിം സ്ത്രീ ദേശവിരുദ്ധ പ്രവർത്തനത്തിൽ ഉൾപ്പെട്ടിട്ടുണ്ട്. തന്റെ വാട്ട്സ്ആപ്പ് സ്റ്റാറ്റസായി പാക്കിസ്ഥാൻ പതാക അപ്ലോഡ് ചെയ്തുകൊണ്ട് അവൾ ഇന്ത്യക്കെതിരായ നിലപാട് സ്വീകരിച്ചതിനാലാണ് കേസ്. ഇതുമായി ബന്ധപ്പെട്ട്, ഞങ്ങൾ അവൾക്കെതിരെ സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. അവൾ ജാമ്യത്തിന് അപേക്ഷിക്കാൻ സാധ്യതയുണ്ട്. അതിനാൽ അവരുടെ ജാമ്യാപേക്ഷയുമായി മുന്നോട്ട് പോകാൻ സഹായിക്കാതെ ദേശസ്നേഹം പ്രകടിപ്പിക്കാൻ ഞങ്ങൾ- മുധോളിലെ ഹിന്ദു സംഘടനകൾ ബാർ അസോസിയേഷൻ അംഗങ്ങളോട് അഭ്യർത്ഥിക്കുന്നു.
തനിക്ക് ആരുടെയും സമ്മർദ്ദം ഉണ്ടായിരുന്നില്ലെന്നും അവൾക്കുവേണ്ടി കോടതിയിൽ ഹാജരായി അഭിഭാഷകൻ എന്ന നിലയിൽ തന്റെ കടമ നിറവേറ്റുക മാത്രമാണ് താൻ ചെയ്തതെന്നും കുത്മയുടെ അഭിഭാഷകൻ ലകപ്പ 'പറഞ്ഞു. അതേസമയം, ലോയേഴ്സ് അസോസിയേഷൻ പ്രസിഡന്റ് പ്രതികരിച്ചില്ല.
കുത്മ ഷെയ്ഖിനെതിരായ കേസ് ഇപ്പോഴും അന്വേഷണത്തിലാണെന്ന് ബാഗൽകോട്ടിലെ പൊലീസ് സൂപ്രണ്ട് ലോകേഷ് ഭരമപ്പ ജഗലാസർ പറഞ്ഞു.'ചോദ്യം ചെയ്യപ്പെട്ട സ്ത്രീ പാക്കിസ്ഥാൻ റെസല്യൂഷൻ ദിനവുമായി ബന്ധപ്പെട്ട ഒരു പോസ്റ്റ് അപ്ലോഡ് ചെയ്തിരുന്നു. പോസ്റ്റ് പ്രകോപനപരവും സമൂഹത്തിൽ സംഘർഷം ഉണ്ടാക്കാൻ ലക്ഷ്യമിട്ടുള്ളതുമാണെന്ന് ഞങ്ങൾക്ക് പരാതി ലഭിച്ചു. അപ്ലോഡ് ചെയ്യുന്നയാളുടെ ഉദ്ദേശം നിർണ്ണയിച്ചിട്ടില്ലാത്തതിനാൽ, ഞങ്ങൾ വിഷയം ഇപ്പോഴും അന്വേഷിക്കുകയാണ്' ജഗലസർ പറഞ്ഞു.ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 153 (എ), 505 (2) വകുപ്പുകളാണ് കുത്മക്കെതിരെ ചുമത്തിയിരിക്കുന്നത്.
മറുനാടന് മലയാളി ബ്യൂറോ