തിരുവനന്തപുരം: ദേശീയ രാഷ്ട്രീയത്തിൽ അടക്കം 13ാം നമ്പർ എന്നു കേട്ടാൽ ഭയമാണ്. കേരളത്തിൽ അടക്കം 13ാം നമ്പർ രാശിക്കുറവാണെന്ന് പറഞ്ഞ് അടുപ്പിക്കാത്ത മന്ത്രിമാരും ഉണ്ടായിരുന്നു. അതുകൊണ്ട് തന്നെ പലരും ഈ നമ്പർ കാറിനോട് അകലം പാലിക്കുകയാണ് പതിവ്. എന്നാൽ, ഈ വിശ്വാസങ്ങളൊന്നും കണക്കിലെടുക്കാതെ 13ാം നമ്പർ ഏറ്റെടുത്തവർക്ക് പിൽക്കാലത്ത് രാഷ്ട്രീയത്തിൽ സംഭവിച്ച കാര്യങ്ങൾ കൂടി ഓർക്കുമ്പോൾ പലരും ഈ നമ്പറിനെ കൈയൊഴിയുകയാണ് പതിവ്. മുൻകാലങ്ങളിൽ ദൃഢപ്രതിജ്ഞ ചെയ്തവരും ഈശ്വരനാമത്തിൽ പ്രതിജ്ഞ ചെയ്തവരുമെല്ലാം 13 നെ കൈവിട്ട ചരിത്രമേയുള്ളൂ. ഇത്തവണയും അത് ആവർത്തിക്കുമെന്ന സൂചനകളാണ് പുറത്തുവരുന്നത്.

ഇത്തവണ ടൂറിസം വകുപ്പ് അറ്റകുറ്റപ്പണി നടത്തി പൊതുഭരണ വകുപ്പിന് കൈമാറിയ കാറുകളിലും 13 ഇല്ല. ഒന്നിൽ മുഖ്യമന്ത്രിഒന്നാം നമ്പർ കാർ മുഖ്യമന്ത്രിയുടേതാണ്. രണ്ടാം നമ്പർ കഴിഞ്ഞ തവണ റവന്യൂ മന്ത്രിയായിരുന്ന സിപിഐയുടെ ഇ.ചന്ദ്രശേഖരനായിരുന്നു. ഇക്കുറിയും രണ്ടാം നമ്പർ സിപിഐ മന്ത്രിക്ക് തന്നെയാവാനാണ് സാദ്ധ്യത. മറ്റ് മന്ത്രിമാരുടെ കാറുകളുടെ നമ്പർ മുഖ്യമന്ത്രിയുടെ സാന്നിദ്ധ്യത്തിലാണ് തീരുമാനിക്കുക. ഈ കൂട്ടത്തിൽ 13ാം നമ്പർ ഇല്ലെന്നതും ശ്രദ്ധേയമാണ്.

ഇന്ന് താത്കാലിക നമ്പരിട്ടും ഇടാതെയും കാറുകൾ സത്യപ്രതിജ്ഞ നടക്കുന്ന സെൻട്രൽ സ്റ്റേഡിയത്തിലെത്തും. ടൊയോട്ട കൊറോള ആൾട്ടിസും129 കാറുകളാണ് ടൂറിസം വകുപ്പിന്റെ പക്കലുള്ളത്. മന്ത്രിമാരുടെ കാറുകളെല്ലാം രണ്ട് വർഷം മുമ്പ് വാങ്ങിയതാണ്. 19 ടൊയോട്ട ഇന്നോവയും 3 ടൊയോട്ട കൊറോള ആൾട്ടിസും. സ്പീക്കർ, ഡെപ്യൂട്ടി സ്പീക്കർ, മന്ത്രിയായിരുന്ന കടകംപള്ളി സുരേന്ദ്രൻ എന്നിവരാണ് ടൊയോട്ട കൊറോള ആൾട്ടിസും ഉപയോഗിച്ചിരുന്നത്.

ആറ് കോടി ചെലവിട്ടാണ് പുതിയ കാറുകൾ വാങ്ങിയത്. വിനോദ സഞ്ചാര വകുപ്പിന്റെ മാനദണ്ഡപ്രകാരം മൂന്ന് വർഷം കൂടുമ്പോൾ മന്ത്രിമാർ പുതിയ കാറിന് അർഹരാണ്. അതല്ലെങ്കിൽ ഒരു വർഷം ഒരു ലക്ഷം കിലോമീറ്റർ ഓടിയിരിക്കണം. ഒരു വർഷം കൊണ്ട് മന്ത്രിമാർ ഒരു ലക്ഷം കിലോമീറ്റർ പിന്നിടുന്ന അവസ്ഥയാണ്. അതേസമയം 13ാം നമ്പറിനെ മുഖാംമുഖം നേരിട്ടിട്ടുല്ലത് രണ്ട് സിപിഎം മന്ത്രിമാർ തന്നെയാണ്.

വി എസ് സർക്കാരിൽ വിദ്യാഭ്യാസ മന്ത്രിയായിരുന്ന എം.എബേബിയും കഴിഞ്ഞ സർക്കാരിൽ ധനമന്ത്രിയായിരുന്ന തോമസ് ഐസക്കും. ഐസക് ചോദിച്ചു വാങ്ങുകയായിരുന്നു. അതേസമയം പിൽക്കാലത്തിൽ ഇവർക്ക് രാഷ്ട്രീയത്തിൽ സംഭവിച്ചത് അത്ര ശുഭകരമായ കാര്യമായിരുന്നില്ല താനും. തുടർഭരണത്തിൽ ഇവർക്ക് അവസരം ലഭിച്ചില്ലെന്നതാണ് പ്രത്യേകത.

13ാം നമ്പർ മാത്രമല്ല രാശിയില്ലാതെ കാണുന്നത്. രാശിയില്ലാത്ത വീടെന്ന് പേരുകേട്ട മന്മോഹൻ ബംഗ്ലാവ് കൂടിയാണ്. വിഎസിന്റെ നേതൃത്വത്തിലുള്ള ഇടതുസർക്കാരിന്റെ കാലത്ത് കോടിയേരി ബാലകൃഷ്ണൻ മുതൽ മോൻസ് ജോസഫ് വരെ നാല് മന്ത്രിമാർ വരെ മാറി താമസിച്ചിട്ടും രാശിപിഴച്ച വീടാണിത്. മന്മോഹൻ ബംഗ്ലാവിൽ താമസിക്കുന്നവർ പിന്നീട് നിയമസഭ കാണില്ലെന്നാണ് അന്ധവിശ്വാസം.

ഈ അന്ധവിശ്വാസം വകവെക്കാതെയാണ് തോമസ് ഐസക്ക് ഈ വീട്ടിൽ താമസിക്കാൻ എത്തിയത്. ഐസക്ക് ഇക്കുറി നിയമസഭ കണ്ടില്ലെന്നതും അന്ധവിശ്വാസമായി തുടരാൻ ഇകാരണമാണ്. എന്തായാലും മുൻ ധനമന്ത്രി താമസിച്ച വീട്ടിൽ ആരാകും താമസിക്കാൻ എത്തുക എന്നാണ് അറിയേണ്ടത്. കെ എൻ ബാലഗോപാലാണ് നിയുക്ത ധനമന്ത്രി. അദ്ദേഹം ഈ വീട്ടിൽ താമസിക്കുമോ അതോ രാശി ഭയന്ന് മറ്റു ബംഗ്ലാവ് തിരഞ്ഞെടുക്കുമോ എന്നുമാണ് ഇനി അറിയേണ്ടത്.