റിയോ: റിയോ ഒളിമ്പിക്‌സ് ഷൂട്ടിങ് റേഞ്ചിൽ ഇന്ത്യയ്ക്ക് കടുത്ത നിരാശ. രാജ്യത്തിന്റെ സുവർണ മെഡൽ പ്രതീക്ഷകളുമായി ഷൂട്ടിങ് റേഞ്ചിൽ എത്തിയ അഭിനവ് ബിന്ദ്രയ്ക്ക് മെഡൽ ലഭിച്ചില്ല. പത്ത് മീറ്റർ എയർ റൈഫിൾസ് ഫൈനലിൽ കടുത്ത പോരാട്ടത്തിന് ഒടുവിൽ നാലാം സ്ഥാനം കൊണ്ട് ബിന്ദ്രയ്ക്ക് തൃപ്തിപ്പെടേണ്ടി വന്നു. യോഗ്യതാ റൗണ്ടിൽ ഏഴാം സ്ഥാനത്തെത്തി ഫൈനലിൽ എത്തിയ ബിന്ദ്ര ഫൈനലിൽ കടുത്ത പോരാട്ടത്തിന് ഒടുവിലാണ് നാലാം സ്ഥാനത്ത് എത്തിയത്. അര പോയിന്റിന്റെ വ്യത്യാസത്തിലാണ് ബിന്ദ്രയ്ക്ക് മെഡൽ നഷ്ടം ഉണ്ടായത്.

നേരത്തെ ബീജിങ് ഒളിമ്പിക്‌സ് ജേതാവ് അഭിനവ് ബിന്ദ്ര ഫൈനലിൽ കടന്നുതോടെ ഇന്ത്യൻ പ്രതീക്ഷകൾ ഏറെയായിരുന്നു. എന്നാൽ,ഫൈനലിൽ ഷൂട്ട്ഓഫിലാണ് ബിന്ദ്രയ്ക്ക് മെഡൽ നഷ്ടമായത്. ഷൂട്ട് ഓഫിലാണ് ബിന്ദ്ര പിന്നിലായത്. ഇറ്റാലിയൻ താരം നിക്കോളോ കംപ്രിയാനിക്കാണ് സ്വർണം. യോഗ്യതാ മത്സരത്തിൽ ഏഴാം സ്ഥാനക്കാരനായാണ് ബിന്ദ്ര ഫൈനലിൽ കടന്നത്. എന്നാൽ ബിന്ദ്രയ്‌ക്കൊപ്പം മത്സരിച്ച ഗഗൻ നാരംഗ് ഫൈനൽ കാണാതെ പുറത്തായിരുന്നു. 625.7 പോയിന്റ് നേടിയാണ് ബിന്ദ്ര ഫൈനലിൽ കടന്നത്. ഗഗൻ നാരംഗ് 23ാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടുകയായിരുന്നു.

വ്യക്തിഗത ഇനത്തിൽ ഒളിംപിക്‌സ് സ്വർണം നേടിയ ഒരേയൊരു ഇന്ത്യൻ താരമാണ് അഭിനവ് ബിന്ദ്ര. ഒരിക്കൽക്കൂടി ബിന്ദ്രയ്ക്ക് സ്വർണം നേടാനായാൽ മറ്റൊരു ചരിത്രത്തിനു കൂടി അതു സാക്ഷ്യംവഹിക്കുമായിരുന്നു എന്നാൽ, പുതിയ ചരിത്രം സൃഷ്ടിക്കാൻ അദ്ദേഹത്തിന് ആയില്ല. 2014 ഗ്ലാസ്‌ഗോ കോമൺവെൽത്ത് ഗെയിംസ്, 2010 ഡൽഹി കോമൺവെൽത്ത് ഗെയിംസ്, 2006 മെൽബമ് കോമൻ വെൽത്ത് ഗെയിംസ്, 2002 മാഞ്ചസ്റ്റർ കോമൺ വെൽത്ത് ഗെയിംസ് എന്നീ കായിക മേളകളിൽ 10 മീറ്റർ എയർ റൈഫിൾ വിഭാഗത്തിൽ സ്വർണ ജേതാവെന്ന മികച്ച ട്രാക്ക് റെക്കോഡിന് ഉടമയാണ് ബിന്ദ്ര.

അതേസമയം വനിതകളുടെ അമ്പെയ്ത്ത് വ്യക്തിഗത ഇനത്തിൽനിന്നും ഇന്ത്യയുടെ ലക്ഷ്മിറാണി മാജിയും പുറത്തായി. ഹോക്കിയിലും ഇന്ത്യയ്ക്ക് തിരിച്ചടി നേരിടേണ്ടി വന്നു. ഹോക്കിയിൽ ഇന്ത്യൻ പുരുഷ ടീമും തോൽവി രുചിച്ചു. ജർമ്മനിയോടാണ് ഇന്ത്യൻ പുരുഷ ഹോക്കി ടീം തോറ്റത്. മത്സരത്തിൽ ഒന്നിനെതിരെ രണ്ട് ഗോളിനാണ് ഇന്ത്യ തോൽവി വഴങ്ങിയത്. കളിയുടെ 18ാം മിനുട്ടിൽ ജർമ്മനി ആദ്യ ഗോൾ നേടി. ഇന്ത്യയ്‌ക്കെതിരെ രണ്ടാം പീരിഡിലാണ് ജർമ്മനി ആദ്യ ഗോൾ നേടിയത്. നിക്കളാസ് വെല്ലെൻ ആണ് ജർമ്മനിക്ക് ലീഡ് നൽകിയത്. 22ാം മിനുട്ടിൽ രൂപീന്ദർ പാൽ സിംഗിലൂടെ ഇന്ത്യ തിരിച്ചടിച്ചു. കളിയുടെ അവസാന മിനുട്ടിൽ റൂഹിലൂടെയാണ് തിരിച്ചടിച്ച ജർമ്മനി ജയം കൈപ്പിടിയിൽ ഒതുക്കുകയായിരുന്നു.

റിയോ ഒളിമ്പിക്‌സ് മൂന്ന് ദിവസത്തേക്ക് കടക്കുമ്പോഴും ഇന്ത്യയുടെ മെഡൽ വരൾച്ച തുടരുകയാണ്. ഗുസ്തിയിലാണ് ഇനി അവശേഷിക്കുന്ന ഇന്ത്യൻ പ്രതീക്ഷ. ജിംനാസ്റ്റിക്‌സിലും പ്രതീക്ഷകൾ അവശേഷിക്കുന്നുണ്ട്.