ന്യൂഡൽഹി: ഇന്ത്യൻ രാഷ്ട്രീയത്തിൽ പുതിയൊരു അദ്ധ്യായത്തിന് തുടക്കമിട്ട് അരവിന്ദ് കേജ്‌രിവാൾ ഡൽഹി മുഖ്യമന്ത്രിയായി. നാല് പുതുമുഖങ്ങളുമായാണ് അരവിന്ദ് കെജ്രിവാളിന്റെ നേതൃത്വത്തിലുള്ള ഏഴംഗ മന്ത്രിസഭ ഡൽഹിയിൽ അധികാരമേറ്റത്. 

മുഖ്യമന്ത്രിയായ കെജ്രിവാളിന് വകുപ്പുകളൊന്നുമില്ല. പകരം വിവിധ മന്ത്രാലയങ്ങളുടെ മേൽനോട്ടത്തിലും ജനസമ്പർക്കത്തിലും അദ്ദേഹം ശ്രദ്ധയൂന്നും. ഇന്ത്യൻ രാഷ്ട്രീയ ചരിത്രത്തിൽ തന്നെ ആദ്യമായാണ് ഒരു മുഖ്യമന്ത്രി വകുപ്പുകളൊന്നും വേണ്ടെന്ന് വയ്ക്കുന്നത്. ഇതിലൂടെ എല്ലാ വകുപ്പുകളിലും സമർത്ഥമായ ഇടപെടലിന് കഴിയുമെന്നാണ് വിലയിരുത്തൽ.

ധനകാര്യം, വിദ്യാഭ്യാസം, ഐ.ടി. വകുപ്പുകൾ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയ്ക്കാണ്. കെജ്രിവാളിന് പനിയായതിനാൽ ശനിയാഴ്ച മന്ത്രിസഭായോഗം നടന്നില്ല. മന്ത്രിസഭയിലെ അംഗങ്ങളുടെ ശരാശരി പ്രായം 42 ആണ്. കന്നി എംഎ‍ൽഎ.മാരായ ഗോപാൽ റായ്, ജിതേന്ദ്ര സിങ് തോമർ, അസിം അഹമ്മദ് ഖാൻ, സന്ദീപ് കുമാർ എന്നിവരാണ് മന്ത്രിസഭയിലെ പുതുമുഖങ്ങൾ. ഊർജം, ആരോഗ്യം, വ്യവസായം, പൊതുമരാമത്ത് വകുപ്പുകൾ സത്യേന്ദ്ര ജെയിൻ (49) കൈകാര്യം ചെയ്യും. കഴിഞ്ഞ കെജ്രിവാൾ മന്ത്രിസഭയിലും ആരോഗ്യവും വ്യവസായവും ഇദ്ദേഹത്തിനായിരുന്നു. കേന്ദ്ര പൊതുമരാമത്ത് വകുപ്പിൽ ആർക്കിടെക്ച്ചർ ആയിരുന്ന സത്യേന്ദ്ര ജെയിൻ ജോലി രാജിവച്ചാണ് അണ്ണ ഹസാരെയുടെ അഴിമതിവിരുദ്ധ സമരത്തിൽ പങ്കാളിയാകുന്നത്. അവിടെ നിന്ന് കെജ്രിവാളിന്റെ വിശ്വസ്തനുമായി.

ഗോപാൽ റായ് (39) ഗതാഗതം, വികസനം, തൊഴിൽ, പൊതുഭരണം എന്നീ വകുപ്പുകൾ കൈകാര്യം ചെയ്യും. ലഖ്‌നൗ സർവകലാശാലയിൽ പഠിക്കവേ ഓൾ ഇന്ത്യ സ്റ്റുഡന്റ്‌സ് അസോസിയേഷൻ (ഐസ) നേതാവായിരുന്ന ഗോപാൽ റായിക്ക് വെടിയേറ്റതിനെ തുടർന്ന് ശരീരം ഭാഗികമായി തളർന്നിരുന്നു. തീപ്പൊരി പ്രാസംഗികൻ കൂടിയാണ് അദ്ദേഹം. അസിം അഹമ്മദ് ഖാന് (38) ഭക്ഷ്യ സിവിൽ സപ്ലൈസ്, പരിസ്ഥിതി, വനം, തിരഞ്ഞെടുപ്പ് വകുപ്പുകളാണുള്ളത്. വിദ്യാഭ്യാസം, ആരോഗ്യം, സാംസ്‌കാരിക മേഖലകളിൽ പ്രവർത്തിച്ചുവന്നിരുന്ന അസിം അഹമ്മദ് ഖാൻ ബിരുദധാരിയാണ്.

നിയമം, ആഭ്യന്തരം, ടൂറിസം, കലാസാംസ്‌കാരിക വകുപ്പുകൾ ജിതേന്ദ്ര സിങ് തോമർ (48) കൈകാര്യം ചെയ്യും. അഭിഭാഷകനായ തോമർ ദീർഘകാലം കോൺഗ്രസ്സിൽ പ്രവർത്തിച്ചശേഷം കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പ് എ.എ.പി.യിൽ ചേരുകയായിരുന്നു. വനിതാ ശിശുക്ഷേമം, സാമൂഹ്യക്ഷേമം, പട്ടികജാതിവർഗ വകുപ്പുകൾ സന്ദീപ് കുമാറി(34)നാണ്. മന്ത്രിസഭയിലെ ഏറ്റവും പ്രായംകുറഞ്ഞ അംഗമായ ഇദ്ദേഹം അഭിഭാഷകനും സാമൂഹികപ്രവർത്തകനുമാണ്. ഡൽഹി സർവകലാശാലയിൽനിന്ന് ബിരുദവും ചരൺസിങ് സർവകലാശാലയിൽനിന്ന് നിയമവും പഠിച്ച സന്ദീപ് കുമാർ 2012 മുതൽ കെജ്രിവാളിനൊപ്പമുണ്ട്.

പത്രപ്രവർത്തനം ഉപേക്ഷിച്ച് സാമൂഹികപ്രവർത്തനത്തിന് ഇറങ്ങിയ മനീഷ് സിസോദിയ ദീർഘകാലമായി കെജ്രിവാളിനൊപ്പമുണ്ട്. 'ഇന്ത്യ എഗേൻസ്റ്റ് കറപ്ഷൻ' എന്ന സംഘടനയിലും തുടർന്ന് അണ്ണ ഹസാരെയുടെ അഴിമതിവിരുദ്ധ സമരങ്ങളിലും സിസോദിയ മുൻനിരനേതാവായിരുന്നു. കഴിഞ്ഞ മന്ത്രിസഭയിലും വിദ്യാഭ്യാസം കൈകാര്യം ചെയ്ത സിസോദിയ, കെജ്രിവാളിന്റെ വിശ്വസ്തനായാണ് അറിയപ്പെടുന്നത്.

എന്നാൽ ആം ആദ്മി പാർട്ടി മന്ത്രിസഭയിൽ വനിതാ പ്രാധിനിധ്യമില്ലാത്തതിനെതിരെ വിമർശനവും സജീവമാണ്. ട്വിറ്ററിലൂടെയാണ് പ്രമുഖർ പ്രതികരിച്ചത്. എ.എ.പി സർക്കാരിനെ പ്രതീക്ഷയോടെയാണ് നോക്കികാണുന്നത്. മികച്ച ഭരണവും സ്ത്രീ സുരക്ഷയും ഉറപ്പുവരുത്തുമെന്ന് പ്രതീക്ഷിക്കുന്നു. എന്നാൽ മന്ത്രിസഭയിൽ വനിതാ പങ്കാളിത്തമില്ലാത്തത് നിരാശപ്പെടുത്തുന്നതായി അഭിനേത്രി ഹുമ ഖുറേഷി പറഞ്ഞു. മന്ത്രിസഭയിൽ വനിതകളില്ലാത്തതിനെ വിമർശിച്ച് പ്രശസ്ത ഫോട്ടോഗ്രാഫർ അതുൽ കസ്‌ബേക്കറും പ്രമുഖ ബോളിവുഡ് ഹെയർ സ്‌റ്റൈലിസ്റ്റ് സപ്‌ന ഭവാനിയും കുറ്റപ്പെടുത്തി.