ന്യൂഡൽഹി: ഡിവൈഎഫ്‌ഐ വനിതാ നേതാവിന്റെ പീഡന പരാതിയിൽ മണ്ണാർക്കാട് എംഎൽഎ പികെ ശശിക്കെതിരായ സസ്‌പെൻഷൻ നടപടി പാർട്ടി കേന്ദ്രകമ്മിറ്റി ശരിവച്ചു. സംസ്ഥാന കമ്മിറ്റിയാണ് പികെ ശശിയെ പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്ന് ആറ് മാസത്തേക്ക് സസ്‌പെന്റ് ചെയ്യാൻ തീരുമാനം എടുത്തത്.

പികെ ശശി എംഎൽഎയെ വെള്ളപൂശിയാണ് സിപിഎം അന്വേഷണ കമ്മിഷന്റെ റിപ്പോർട്ട് എന്ന് ഇന്നലെ വാർത്ത പുറത്തുവന്നിരുന്നു. ലൈംഗിക അതിക്രമ ആരോപണത്തിൽ പാർട്ടി നടത്തിയ അന്വേഷണത്തിന്റെ റിപ്പോർട്ടിലെ വിശദാംശങ്ങൾ പുറത്ത് വന്നതിന് പിന്നാലെയായിരുന്നു നടപടി.

ശശിയെ വെള്ളപൂശിയും പരാതിക്കാരിയെ എതിർത്തുമാണ് റിപ്പോർട്ടിലെ പരാമർശങ്ങൾ. പികെ ശശി പെൺകുട്ടിയോട് അപമര്യാദയായി പെരുമാറിയെന്ന ആരോപണത്തിന് മതിയായ തെളിവുകൾ ഇല്ലെന്നും പെൺകുട്ടിയുടെ പരാതിക്ക് പിന്നിൽ ബാഹ്യസമ്മർദമുണ്ടോയെന്ന് സംശയിക്കേണ്ടതുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു.

കേന്ദ്ര കമ്മിറ്റിയുടെ സഹായത്തോടെ ഇക്കാര്യം പരിശോധിക്കണമെന്നും പികെ ശശി പെൺകുട്ടിയോട് മോശമായ ഭാഷയിൽ സംസാരിച്ചെന്നും റിപ്പോർട്ടിലുണ്ട്.കേന്ദ്രകമ്മിറ്റിക്ക് പരാതിക്കാരി അയച്ച രണ്ട് കത്തുകളും തള്ളിയാണ് സിപിഎം തീരുമാനം. എംഎൽഎയ്ക്ക് എതിരെ കൂടുതൽ നടപടി വേണ്ടെന്നാണ് കേന്ദ്രകമ്മിറ്റിയുടെ തീരുമാനം. നേരത്തെ പരാതിക്കാരിയെ അനുകൂലിച്ച് വിഎസും കേന്ദ്ര കമ്മിറ്റിക്ക് കത്തയച്ചിരുന്നു.

പികെ ശശി എംഎൽഎയെ പ്രാഥമികാംഗത്വത്തിൽ നിന്ന് ആറ് മാസത്തേക്ക് സസ്‌പെന്റ് ചെയ്ത പാർട്ടി നടപടിയിൽ തൃപ്തിയുണ്ടെന്ന് പരാതിക്കാരി നേരത്തെ പറഞ്ഞിരുന്നു. പാർട്ടിയിൽ തനിക്ക് വിശ്വാസമുണ്ടായിരുന്നുവെന്നും അത് നേതൃത്വം കാത്തുവെന്നുമാണ് അവർ വാർത്തയോട് പ്രതികരിച്ചത്.

തന്റെ പരാതിക്ക് അർഹിക്കുന്ന ഗൗരവം നൽകിയില്ലെന്നും ഉന്നയിച്ച വിഷയങ്ങളിൽ കൃത്യമായ അന്വേഷണം നടന്നിട്ടില്ലെന്നുമാണ് പെൺകുട്ടി കേന്ദ്ര നേതൃത്വത്തെ അറിയിച്ചത്. ശശി ഫോണിലൂടെ അപമര്യാദയായി പെരുമാറി എന്ന തരത്തിൽ തന്റെ പരാതി നിസാരവൽക്കരിച്ചെന്നും പെൺകുട്ടി കേന്ദ്ര നേതൃത്വത്തെ അറിയിച്ചു. ശശിയെ ആറു മാസത്തേയ്ക്ക് സസ്‌പെൻഡുചെയ്ത നടപടി കേന്ദ്ര കമ്മിറ്റിയിൽ റിപ്പോർട്ടു ചെയ്തു.

അതേസമയം, പി.കെ.ശശി വിഷയത്തിൽ സിപിഎം നിയമത്തിന്റെ പ്രാഥമിത തത്വങ്ങളെങ്കിലും പാലിക്കണണെന്നു ബിജെപി സംസ്ഥാന അധ്യക്ഷൻ പി.എസ്.ശ്രീധരൻ പിള്ള. വനിതാ മതിൽ നിർമ്മിക്കാനിറങ്ങുന്നവർ പാർട്ടിയിലെ വനിതയ്‌ക്കെങ്കിലും നീതി ഉറപ്പാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

സിപിഎം വനിത പ്രവർത്തകയുടെ ലൈംഗിക പീഡന പരാതിയിൽ പി.കെ. ശശി എംഎ‍ൽഎക്കെതിരെ ശക്തമായ നടപടി ആവശ്യപ്പെട്ട് ഭരണ പരിഷ്‌കാര കമ്മിഷൻ അധ്യക്ഷൻ വി എസ്. അച്യുതാനന്ദൻ സിപിഎം കേന്ദ്ര കമ്മിറ്റിക്ക് കത്തയിച്ചിരുന്നു ഇതിനൊക്കെ പാടെ തള്ളിയാണ് ശശിക്കെതിരെ നടപടി എടുക്കാതിരുന്നത്.

ശശിക്കൊപ്പം വേദി പങ്കിടുന്നവർക്കെതിരെയും നടപടി വേണമെന്നും അദ്ദേഹം വ്യക്തമാക്കി. ശശിയെ ജനമുന്നേറ്റ യാത്രയുടെ ക്യാപ്റ്റനാക്കിയത് ശരിയായില്ല. പാർട്ടി സ്ത്രീപക്ഷത്തു നിന്നുകൊണ്ടുള്ള നിലപാട് സ്വീകരിക്കണമെന്നും വി എസ് കത്തിൽ ആവശ്യപ്പെട്ടിരുന്നു.