ന്യൂഡൽഹി: രാജ്യത്തെ എല്ലാ ബാങ്കുകളുടെയും എടിഎമ്മിൽ നിന്ന് ഇനി മുതൽ കാർഡ് ഇല്ലാതെയും പണം വലിക്കാം. കാർഡ് രഹിത പണം പിൻവലിക്കൽ സൗകര്യം ലഭ്യമാക്കാൻ എല്ലാ ബാങ്കുകളോടും എടിഎം ഓപ്പറേറ്റർമാരോടും റിസർവ് ബാങ്ക് ആവശ്യപ്പെട്ടു. എല്ലാ എടിഎമ്മുകളിലും ഇനി മുതൽ ഐസിസിഡബ്ല്യു ലഭ്യമാക്കാനാണ് ആർബിഐ നിർദ്ദേശം.

കാർഡ് രഹിത പണമിടപാടുകൾ ചാർജുകളൊന്നും ഈടാക്കാതെ പ്രോസസ്സ് ചെയ്യുമെന്ന് ആർബിഐ അറിയിച്ചിട്ടുണ്ട്. എല്ലാ ബാങ്കുകളുമായും എടിഎം നെറ്റ്‌വർക്കുകളുമായും ഏകീകൃത പേയ്മെന്റ് ഇന്റർഫേസ് സുഗമമാക്കാൻ നാഷണൽ പേയ്മെന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യയ്ക്ക് ആർബിഐ നിർദ്ദേശം നൽകിയിട്ടുണ്ട്.

ഐസിസിഡബ്ല്യു ഇടപാടുകൾക്കുള്ള പിൻവലിക്കൽ പരിധികൾ എടിഎം പിൻവലിക്കലുകളുടെ പരിധിക്ക് അനുസൃതമായിരിക്കും എന്നും ആർബിഐ വ്യക്തമാക്കി.