മസ്‌ക്കറ്റ്: ഒമാനിലേക്ക് നേരിട്ട് ഇന്ത്യൻ തൊഴിലാളികളെ റിക്രൂട്ട് ചെയ്യാനാവില്ലെന്ന് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം. വിദേശരാജ്യങ്ങളിലേക്ക് തൊഴിലാളികളെ റിക്രൂട്ട് ചെയ്യാൻ ആഗ്രഹിക്കുന്നവർ ഇന്ത്യാ ഗവൺമെന്റിന്റെ ഇ-മൈഗ്രേറ്റ് സംവിധാനത്തിൽ രജിസ്റ്റർ ചെയ്യണമെന്നാണ് സർക്കാരിന്റെ പുതിയ നയം. ഈ സംവിധാനം 2015 ജൂൺ ഒന്നു മുതൽ പ്രാബല്യത്തിലാകുമെന്നാണ് അറിയിപ്പ്.

ഇന്ത്യയിൽ നിന്ന് തൊഴിലാളികളെ റിക്രൂട്ട് ചെയ്യാൻ ആഗ്രഹിക്കുന്ന ഏതൊരു വിദേശ എംപ്ലോയറും www.emigrate.gov.in എന്ന വെബ്‌സൈറ്റിൽ രജിസ്റ്റർ ചെയ്തിരിക്കണം. ഇതിൽ രജിസ്റ്റർ ചെയ്യുന്ന എംപ്ലോയറുടെ വിവരങ്ങൾ ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം വിശദമായി അവലോകനം ചെയ്തതിനു ശേഷമായിരിക്കും തുടർനടപടികൾ.

ഓൺലൈൻ രജിസ്റ്റർ ചെയ്യുന്ന വിദേശ എംപ്ലോയർ തൊഴിലാളികളെ ലഭിക്കേണ്ടതിന്റെ ആവശ്യകത ബോധ്യപ്പെടുത്തിയിരിക്കണം. എംപ്ലോയർക്ക് നേരിട്ട് റിക്രൂട്ട് ചെയ്യുന്നതിനോ ഓൺലൈൻ വഴി റിക്രൂട്ടിങ് ഏജന്റിനെ തെരഞ്ഞെടുക്കാനുള്ള അനുവാദം തേടുകയും ചെയ്യാം. ഓൺലൈനിൽ രജിസ്റ്റർ ചെയ്യുന്ന സമയത്ത് ഇന്ത്യാ ഗവൺമെന്റ് നിഷ്‌ക്കർഷിച്ചിരിക്കുന്ന എല്ലാ നിബന്ധനകളും പാലിക്കണമെന്ന് നിർദേശവുമുണ്ട്. റിക്രൂട്ട്‌മെന്റിന്റെ സമയത്ത് ഇതാണ് സ്‌പെസിമെൻ കോൺട്രാക്ടായി കണക്കാക്കുക.

ഇമിഗ്രേഷൻ ക്ലിയറൻസ് റിക്വേർഡ് (ഇസിആർ) ആവശ്യമുള്ള ഒമാൻ ഉൾപ്പെടെയുള്ള 17 രാജ്യങ്ങളിലേക്കാണ് പുതിയ സംവിധാനം ഏർപ്പെടുത്തിയിരിക്കുന്നത്. കൂടാതെ പല ഘട്ടങ്ങളിലായിട്ടായിരിക്കും ഇതു നടപ്പാക്കുക. 150-ൽ കൂടുതൽ ഇന്ത്യൻ തൊഴിലാളികളെ റിക്രൂട്ട് ചെയ്യാൻ ആഗ്രഹിക്കുന്ന വിദേശ എംപ്ലോയർമാർ ഉടൻ തന്നെ രജിസ്റ്റർ ചെയ്യണമെന്നാണ് അറിയിച്ചിരിക്കുന്നത്. നേരിട്ടോ റിക്രൂട്ട്‌മെന്റ് ഏജൻസി വഴിയോ നിയമനം നടത്തണമെങ്കിൽ അതിനുള്ള അനുവാദവും ആവശ്യപ്പെടണം.

അതേസമയം 50നും 150നും മധ്യേ ഇന്ത്യൻ തൊഴിലാളികളെ റിക്രൂട്ട് ചെയ്യാൻ ആഗ്രഹിക്കുന്നവർ ജൂൺ 30നകം ഓൺലൈൻ അപേക്ഷ നൽകിയാൽ മതിയാകും. 20നും 50 മധ്യേ റിക്രൂട്ട് ചെയ്യേണ്ടവർ ജൂലൈ 31നകവും 20-ൽ താഴെ എണ്ണം തൊഴിലാളികളെ ആവശ്യമുള്ളവർ ഓഗസ്റ്റ് 31നകവും രജിസ്റ്റർ ചെയ്താൽ മതിയാകും.