വിയന്ന: അഭയർഥികൾ രാജ്യത്തേക്ക് കടക്കുന്നത് നിയന്ത്രിക്കാൻ ഇറ്റലിയുമായുള്ള അതിർത്തിയിൽ സൈന്യത്തെ വിന്യസിക്കുമെന്ന് ഓസ്ട്രിയ നടത്തിയ പരാമർശം വൻ വിവാദമായിരുന്നു. എന്നാൽ ഇറ്റലിയുമായുള്ള അതിർത്തിയിൽ നിയന്ത്രണം ആവശ്യമില്ലെന്ന് വ്യക്തമാക്കിക്കൊണ്ട് ഓസ്ട്രിയ രംഗത്തെത്തിയതോടെ ഇതുസംബന്ധിച്ചുള്ള തെറ്റിദ്ധാരണ ഇറ്റലി തിരുത്തുന്നതായി റിപ്പോർട്ട്. ഓസ്ട്രിയയിലേക്കുള്ള അഭയാർഥിപ്രവാഹത്തിന് തടയിടാനായിരുന്നു ഇറ്റലിയുമായുള്ള അതിർത്തിയിൽ നിയന്ത്രണം വേണമെന്ന് ഡിഫൻസ് മിനിസ്റ്റർ ഹാൻസ്പീറ്റർ ഡോസ്‌കോസിൽ നേരത്തെ പ്രഖ്യാപിച്ചിരുന്നത്. എന്നാൽ ഇത് ഇറ്റലിക്ക് നീരസം ഉണ്ടാക്കിയതിനെ തുടർന്ന് അതിർത്തി നിയന്ത്രണത്തിന്റെ ആവശ്യമില്ലെന്ന് ചാൻസലറും ഡിഫൻസ് മിനിസ്റ്ററും ചേർന്ന് ഇറക്കിയ സംയുക്ത പ്രസ്താവനയിൽ വ്യക്തമാക്കി.

ഓസ്ട്രിയ നേരത്തെ നടത്തിയ പ്രസ്താവന ഇരുരാജ്യങ്ങളും തമ്മിലുള്ള സുരക്ഷാ സഹകരണത്തിന് മങ്ങലേല്പിക്കുമെന്ന് ഇറ്റലി അറിയിച്ചതിനെ തുടർന്നാണ് വിയന്ന അഭിപ്രായം മാറ്റിയത്. ഇക്കാര്യത്തിൽ ഇറ്റലിക്കുള്ള അതൃപ്തിയും ഓസ്ട്രിയൻ അംബാസിഡറിനെ റോം അറിയിച്ചിരുന്നു. എന്നാൽ ഇതുസംബന്ധിച്ച് ഇറ്റലിക്ക് തെറ്റിദ്ധാരണ ഉണ്ടായതിൽ ഖേദിക്കുന്നുവെന്നും അതിർത്തി നിയന്ത്രണത്തിന്റെ ആവശ്യമില്ലെന്നും ഓസ്ട്രിയൻ ചാൻസലർ വെളിപ്പെടുത്തി.