- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Politics
- /
- PARLIAMENT
സിൽവർ ലൈൻ പദ്ധതിക്ക് പാരിസ്ഥിതിക അനുമതി ആവശ്യമില്ല; റെയിൽവെ പദ്ധതികൾ പരിസ്ഥിതി ആഘാത പഠനത്തിന്റെ പരിധിയിൽ വരുന്നതല്ല; കേരളം ഇതുവരെ ഇക്കാര്യം ആവശ്യപ്പെട്ട് സമീപിച്ചിട്ടില്ലെന്നും കേന്ദ്രസർക്കാർ; പ്രാഥമിക പരിസ്ഥിതി ആഘാതപഠനം സംസ്ഥാനം നടത്തിയെന്നും വിശദീകരിച്ച് കേന്ദ്രം
ന്യൂഡൽഹി: സിൽവർ ലൈൻ പദ്ധതിക്ക് പാരിസ്ഥിതിക അനുമതി ആവശ്യമില്ലെന്ന് കേന്ദ്രസർക്കാർ. കേരളം ഇതുവരെ ഇക്കാര്യം ആവശ്യപ്പെട്ട് കേന്ദ്രത്തെ സമീപിച്ചിട്ടില്ലെന്ന് കേന്ദ്രമന്ത്രി അശ്വനി കുമാർ ചൗബെ പറഞ്ഞു.റെയിൽവെ പദ്ധതികൾ പരിസ്ഥിതി ആഘാത പഠനത്തിന്റെ പരിധിയിൽ വരുന്നതല്ലെന്നും കേന്ദ്രം വ്യക്തമാക്കി.
കേരളം ഇതുവരെ പദ്ധതിക്കായി പാരിസ്ഥിതിക അനുമതി തേടിയിട്ടുണ്ടോ എന്ന കേരള എംപിമാരായ എൻകെ പ്രേമചന്ദ്രൻ, കെ മുരളീധരൻ എന്നിവരുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു കേന്ദ്രമന്ത്രി.പദ്ധതിയുമായി ബന്ധപ്പെട്ട് പ്രാഥമികമായ പരിസ്ഥിതി ആഘാതപഠനം കേരളം നടത്തിയെന്ന സൂചനയാണ് ഡിപിആറിൽ നിന്ന് ലഭിച്ചിരിക്കുന്നതെന്ന് കേന്ദ്രം വ്യക്തമാക്കി. ഇക്കാര്യം വനം പരിസ്ഥിതി മന്ത്രാലയത്തെയും അറിയിച്ചിട്ടുണ്ട്. പദ്ധതിയുടെ കാര്യത്തിൽ ഒരു പരാതി ലഭിച്ചതായും അതിന് ഇതിനകം മറുപടി അയച്ചതായും കേന്ദ്രം വ്യക്തമാക്കി.
അതേസമയം, സിൽവർ ലൈൻ പദ്ധതിയുമായി ബന്ധപ്പെട്ട് ഇപ്പോൾ നടക്കുന്ന സർവെയുടെ ഉദ്ദേശം മനസിലാക്കാൻ കഴിയുന്നില്ലെന്ന് ഹൈക്കോടതി വിമർശിച്ചു. ഡിപിആറിന് മുൻപ് ശരിയായ സർവെ നടത്തിയിരുന്നെങ്കിൽ ഇപ്പോഴത്തെ സർവെയുടെ ആവശ്യമില്ലായിരുന്നു. നിയമപരമല്ലാത്ത സർവെ നിർത്തിവെക്കാൻ കോടതി നിർദ്ദേശം നൽകി.
ഡിപിആറിൽ ശരിയായ സർവേ നടത്തിയെങ്കിൽ ഇപ്പോഴത്തെ സർവേ എന്താനാണെന്നും കോടതി ചോദിച്ചു. എന്നാൽ സമാനമായ ഹർജിയിൽ ഡിവിഷൻ ബെഞ്ചിൽ വിധി വരാനുണ്ടെന്നും എതിർ സത്യവാങ്മൂലം നൽകാൻ കൂടുതൽ സമയം വേണമെന്നും സർക്കാർ വാദിച്ചു. കേസ് മാറ്റിവെക്കണമെന്നും സിംഗിൾ ബെഞ്ചിനോട് സർക്കാർ ആവശ്യപ്പെട്ടു.
നേരത്തെ, സിൽവർലൈൻ പദ്ധതിയുടെ സർവേ നടപടികൾ ഹൈക്കോടതി സിംഗിൾ ബെഞ്ച് താൽക്കാലികമായി തടഞ്ഞിരുന്നു. ഹൈക്കോടതിയെ സമീപിച്ച പത്തിലധികം ഹർജിക്കാരുടെ ഭൂമിയിലെ സർവേ നടപടികളാണ് ഹൈക്കോടതി സിംഗിൾ ബെഞ്ച് തടഞ്ഞത്. ഇതുമായി ബന്ധപ്പെട്ട് മറ്റൊരു ഹർജി ഹൈക്കോടതിയുടെ പരിഗണക്ക് എത്തിയപ്പോഴാണ് സർക്കാരിന്റെ ഉദ്ദേശശുദ്ധിയെ ചോദ്യംചെയ്യുന്ന ചില ചോദ്യങ്ങൾ ഹൈക്കോടതി സിംഗിൾ ബെഞ്ചിന്റെ ഭാഗത്തുനിന്നുണ്ടായത്.
എന്തിനുവേണ്ടിയാണ് ഈ സർവേ നടത്തുന്നതെന്നും അതിന്റെ ഉദ്ദേശശുദ്ധി മനസിലാകുന്നില്ലെന്നും ഹൈക്കോടതി സർക്കാർ അഭിഭാഷകനോട് ചോദിച്ചു. ഡിപിആർ തയ്യാറാകുന്നതിന് മുമ്പായിരുന്നു ശരിയായ സർവേ നടപടികൾ പൂർത്തിയാക്കേണ്ടിയിരുന്നത്. ഇപ്പോൾ എന്ത് സാഹചര്യത്തിലാണ് സർവേ നടപടികളുമായി മുന്നോട്ട് പോകുന്നത്. നിയമപരമല്ലാത്ത സർവേ നടപടികളായതിനാലാണ് തടഞ്ഞതെന്ന കാര്യവും കോടതി ചൂണ്ടിക്കാണിച്ചു.
നേരത്തെ സിംഗിൾ ബഞ്ചിന്റെ ഉത്തരവിനെതിരേ സർക്കാർ ഡിവിഷൻ ബെഞ്ചിൽ അപ്പീൽ നൽകിയിരുന്നു. സർക്കാർ നൽകിയ അപ്പീലിൽ വാദം കേട്ട ഡിവിഷൻ ബെഞ്ച് അതിൽ വിധി പറയാനായി മാറ്റിവെച്ചിരിക്കുകയാണ്. ഈ ഘട്ടത്തിലാണ് സിംഗിൾ ബെഞ്ച് ഇത്തരത്തിലൊരു പ്രതികരണം നടത്തിയിരിക്കുന്നത്.
മറുനാടന് മലയാളി ബ്യൂറോ