- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വോട്ടെണ്ണൽ ദിനമായ മെയ് രണ്ടിന് ലോക്ഡൗൺ വേണ്ട; തെരഞ്ഞെടുപ്പ് കമ്മീഷനും സർക്കാരും സ്വീകരിച്ച മുൻകരുതൽ നടപടികൾ തൃപ്തികരമെന്ന് ഹൈക്കോടതി; കോവിഡ് വ്യാപനം തടയുന്നതിന് കർശന നടപടികൾ എടുത്തെന്നും ആഹ്ലാദപ്രകടനം വിലക്കിയെന്നും തിരഞ്ഞെടുപ്പ് കമ്മീഷൻ കോടതിയിൽ
കൊച്ചി: വോട്ടെണ്ണൽ ദിനമായ മെയ് രണ്ടിന് ലോക് ഡൗൺ വേണ്ടെന്ന് ഹൈക്കോടതി. തെരഞ്ഞെടുപ്പ് കമ്മീഷനും സർക്കാരും സ്വീകരിച്ച മുൻകരുതൽ നടപടികൾ തൃപ്തികരമാണെന്ന് വ്യക്തമാക്കി കൊണ്ടാണ് കോടതി നിർദ്ദേശം. ഇതുമായി ബന്ധപ്പെട്ട ഹർജികളും കോടതി തീർപ്പാക്കി.
വോട്ടെണ്ണൽ ദിനത്തിലെ ആഹ്ലാദപ്രകടനങ്ങൾ കന്ദ്ര തെരഞ്ഞെടുപ്പ് കമീഷനും വിലക്കിയിരുന്നു. ആഹ്ലാദ പ്രകടനങ്ങൾ ഒഴിവാക്കണമെന്ന് ഇന്നലെ നടന്ന സർവകക്ഷി യോഗത്തിലും തീരുമാനമെടുത്തിരുന്നു. വോട്ടെണ്ണൽ കേന്ദ്രങ്ങളിൽ പൊതുജനങ്ങൾ പോകേണ്ടതില്ലെന്നും യോഗം തീരുമാനിച്ചതായി മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞിരുന്നു.
കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ മെയ് ഒന്നാം തീയതി അർധരാത്രി മുതൽ രണ്ടാം തീയതി അർധരാത്രി വരെ ലോക്ക്ഡൗൺ പ്രഖ്യാപിക്കണമെന്നായിരുന്നു ഹർജികളിലെ ആവശ്യം. കൊല്ലം ആസ്ഥാനമായ അഡ്വ വിനോദ് മാത്യു വിൽസന്റെ ലോ എയിഡ് എന്ന സംഘടനയടക്കമുള്ളവരായിരുന്നു ഹർജിക്കാർ.
വോട്ടെണ്ണലിനോടനുബന്ധിച്ച് 48 മണിക്കൂർ നിരോധനാജ്ഞ ഏർപ്പെടുത്തണമെന്നും വിജയാഹ്ലാദ പ്രകടനങ്ങളും റാലികളും തടയണമെന്നും ആവശ്യപ്പെട്ട് കൊല്ലം സ്വദേശി ഡോ എസ് ഗണപതിയും ഹൈക്കോടതിയെ സമീപിച്ചിരുന്നു.വോട്ടെണ്ണൽ ദിനം വിവിധ പാർട്ടികളുടെ അണികൾ വോട്ടെണ്ണൽ കേന്ദ്രങ്ങളിലും തെരുവുകളിലും കൂട്ടംകൂടുമെന്നും ഇത് രോഗവ്യാപനം രുക്ഷമാക്കുമെന്നും പൊലീസിന് നടപടിയെടുക്കാനാവാത്ത സാഹചര്യമുണ്ടാകുമെന്നും ഹർജിയിൽ ചൂണ്ടിക്കാണിച്ചിരുന്നു.
കോവിഡ് വ്യാപനം തടയുന്നതിന് വോട്ടെണ്ണൽ ദിനത്തിൽ കർശന നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്ന് തെരഞ്ഞടുപ്പു കമ്മിഷൻ കോടതിയെ അറിയിച്ചു. ആഹ്ലാദ പ്രകടനം വിലക്കിയിട്ടുണ്ടെന്നും കമ്മിഷന്റെ അഭിഭാഷകൻ ദീപു ലാൽ മോഹൻ പറഞ്ഞു. വിജയിച്ച സ്ഥാനാർത്ഥിക്കു വരണാധികാരിയിൽനിന്നു സർട്ടിഫിക്കറ്റ് വാങ്ങാനെത്തുമ്പോൾ രണ്ടു പേരെ മാത്രമാണ് ഒപ്പം കൂട്ടാവുന്നതെന്നും കമ്മിഷൻ അറിയിച്ചു.
മറുനാടന് മലയാളി ബ്യൂറോ