കണ്ണൂർ: നടൻ ദിലീപിന്റെ ചാണക്യബുദ്ധിയിൽ തകർന്ന ഫിലിം എക്‌സിബിറ്റേഴ്‌സ് ഫെഡറേഷൻ കൂടുതൽ പ്രതിസന്ധിയിലേക്ക്. ലിബിർട്ടി ബഷീർ നേതൃത്വം നല്കുന്ന ഫെഡറേഷനിൽ ഇപ്പോഴും തുടരുന്ന 25 തിയേറ്ററുകൾക്ക് പുതിയ റിലീസുകൾ നല്‌കേണ്ടെന്ന നിർമ്മാതാക്കളുടെയും വിതരണക്കാരുടെയും തീരുമാനമാണ് പ്രതിസന്ധി സൃഷ്ടിച്ചിരിക്കുന്നത്.

ലാഭവിഹിതം പങ്കുവയ്ക്കുന്നതിന്റെ പേരിലുള്ള സമരം നടത്തി ഒരു മാസത്തോളം മലയാള സിനിമയിൽ പ്രതിസന്ധി സൃഷ്ടിച്ച തിയേറ്റർ സംഘടനയോട് വിട്ടുവീഴ്ച വേണ്ടെന്ന നിലപാടിലാണ് വിതരണക്കാരും നിർമ്മാതാക്കളും. ക്രിസ്മസിനു റിലീസ് നിശ്ചയിച്ചിരുന്ന മലയാള ചിത്രങ്ങൾപോലും തിയേറ്ററിൽ കാണിക്കില്ലെന്ന വാശിയിലായിരുന്നു ലിബർട്ടി ബഷീറിന്റെ സംഘടന. ഇതിനിടെ അന്യഭാഷാ ചിത്രങ്ങൾ കേരളത്തിൽ റിലീസ് ചെയ്ത് പണം വാരിക്കൂട്ടുകയും ചെയ്തു. നടനും തിയേറ്റർ ഉടമയുമായ ദിലീപ്, എക്‌സിബിറ്റേഴ്‌സ് ഫെഡറേഷൻ പിളർത്തി പുതിയ സംഘടന രൂപീകരിച്ചതോടെയാണ് സമരം പൊളിഞ്ഞത്.

ഒരു മാസത്തോളം നീണ്ടുനിന്ന സിനിമാസമരത്തിന് ശേഷം സത്യൻ അന്തിക്കാടിന്റെ ദുൽഖർ സൽമാൻ ചിത്രം 'ജോമോന്റെ സുവിശേഷങ്ങളാ'ണ് വ്യാഴാഴ്ച തീയേറ്ററുകളിലെത്തിയത്. പക്ഷേ സമരത്തിന് കാരണക്കാരായ എക്സിബിറ്റേഴ്സ് ഫെഡറേഷന്റെ ഇരുപത്തഞ്ചോളം തീയേറ്ററുകൾക്ക് വിതരണക്കാർ സിനിമ നൽകിയിട്ടില്ല. വെള്ളിയാഴ്ച തീയേറ്ററുകളിൽ എത്തേണ്ട മോഹൻലാൽ ചിത്രം 'മുന്തിരിവള്ളികൾ തളിർക്കുമ്പോഴും' ഈ തീയേറ്ററുകൾക്ക് നൽകില്ലെന്നാണ് നിർമ്മാതാക്കളുടെയും വിതരണക്കാരുടെയും തീരുമാനം.

എക്സിബിറ്റേഴ്സ് ഫെഡറേഷൻ പ്രസിഡന്റ് ലിബർട്ടി ബഷീറിന്റെ ഉടമസ്ഥതയിലുള്ള തലശ്ശേരി ലിബർട്ടി പാരഡൈസ് ഉൾപ്പെടെ 25 തീയേറ്ററുകൾക്കാണ് പുതിയ റിലീസുകൾ നൽകാതിരിക്കുന്നത്. തലശ്ശേരി കൂടാതെ മാവേലിക്കര, കഴക്കൂട്ടം, ഇടപ്പള്ളി, തൃപ്പൂണിത്തുറ, മഞ്ചേരി, ചാലക്കുടി, കാഞ്ഞാണി എന്നിവടങ്ങളിലെ തീയേറ്ററുകളെയാണ് ഒഴിവാക്കിയത്.

ദിലീപിന്റെ നേതൃത്വത്തിൽ രൂപീകരിക്കപ്പെട്ട പുതിയ സംഘടനയോട് വിഷയം സംസാരിച്ചിട്ടില്ലെന്നും എന്നാൽ സർക്കാരിന്റെ ശ്രദ്ധയിൽ പെടുത്തിയിട്ടുണ്ടെന്നും ലിബർട്ടി ബഷീർ പറഞ്ഞു. തിരുവനന്തപുരത്ത് മന്ത്രി എ.കെ. ബാലന്റെ സാന്നിധ്യത്തിൽ 25 ന് നടക്കുന്ന ചർച്ചയിൽ പ്രശ്നം പരിഹരിക്കപ്പെടുമെന്നാണ് പ്രതീക്ഷയെന്നും അതില്ലാത്തപക്ഷം ഫെഡറേഷന്റെ ജനറൽബോഡി വിളിച്ച് ഭാവിപരിപാടികൾ തീരുമാനിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.