- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
യു.ഡി.എഫ് അംഗങ്ങളും നാല് സ്വതന്ത്രന്മാരും കൗൺസിൽ യോഗത്തിൽ നിന്ന് വിട്ടുനിന്നു; ക്വാറം തികഞ്ഞില്ല; തൃക്കാക്കര നഗരസഭയിൽ അവിശ്വാസ പ്രമേയം അവതരിപ്പിക്കാനാകാതെ എൽഡിഎഫ്; ആറു മാസത്തിന് ശേഷം വീണ്ടും അവിശ്വാസ പ്രമേയമെന്ന് പ്രതിപക്ഷം
തൃക്കാക്കര: തൃക്കാക്കര നഗരസഭയിൽ ചെയർപേഴ്‌സൺ അജിത തങ്കപ്പനെതിരെ പ്രതിപക്ഷം കൊണ്ടുവന്ന അവിശ്വാസ പ്രമേയം അവതരിപ്പിക്കാനായില്ല. കൗൺസിൽ യോഗത്തിൽ നിന്ന് നാല് സ്വതന്ത്രന്മാരും യു.ഡി.എഫ് അംഗങ്ങളും അടക്കം 25 കൗൺസിലർമാർ വിട്ടുനിന്നതോടെ ക്വാറം തികയാത്തതിനെ തുടർന്നാണ് അവിശ്വാസ പ്രമേയം അവതരിപ്പിക്കാൻ സാധിക്കാതിരുന്നത്. പ്രതിപക്ഷത്തെ 18 കൗൺസിലർമാർ മാത്രമാണ് പങ്കെടുത്തത്.
അജിത തങ്കപ്പനെ മാറ്റിയില്ലെങ്കിൽ ആറു മാസത്തിന് ശേഷം വീണ്ടും അവിശ്വാസ പ്രമേയം കൊണ്ടുവരുമെന്ന് പ്രതിപക്ഷം അറിയിച്ചു. അജിത തങ്കപ്പനെ മാറ്റാൻ യു.ഡി.എഫിൽ ധാരണയായിട്ടുണ്ട്. അതിനാലാണ് അവിശ്വാസ പ്രമേയത്തിൽ നിന്ന് യു.ഡി.എഫ് കൗൺസിലർമാർ വിട്ടുനിൽക്കുന്നതെന്നും പ്രതിപക്ഷ നേതാവ് വ്യക്തമാക്കി.
രാവിലെ നഗരസഭയിൽ ഭരണപക്ഷത്തിനെതിരായ അവിശ്വാസ പ്രമേയം ചർച്ചക്കെടുക്കാനിരിക്കെ പ്രതിപക്ഷ കൗൺസിലർക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. 18ാം വാർഡ് കൗൺസിലർ സുമയ്ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതേതുടർന്ന് രോഗബാധയുള്ള കൗൺസിലർ പി.പി.ഇ കിറ്റ് ധരിച്ചാണ് മറ്റ് അംഗങ്ങൾക്കൊപ്പം കൗൺസിൽ യോഗത്തിനെത്തിയത്.
43 അംഗ കൗൺസിലിൽ യു.ഡി.എഫിന് 21ഉം എൽഡിഎഫിന് 17ഉം അംഗങ്ങളാണുള്ളത്. അഞ്ച് കൗൺസിലർമാരാണ് നഗരസഭയിൽ ലീഗിനുള്ളത്. അഞ്ച് സ്വതന്ത്രരിൽ നാലുപേരുടെ പിന്തുണയിലാണ് യു.ഡി.എഫിന് ഭരണം ലഭിച്ചത്. ഒരു സ്വതന്ത്രന്റെ പിന്തുണ എൽ.ഡിഎഫിനാണ്.
കോൺഗ്രസ്, ലീഗ് കൗൺസിലർമാരുടെ എതിർപ്പുകൾ ചർച്ചയിലൂടെ പരിഹരിക്കപ്പെട്ടതോടെയാണ് അവിശ്വാസ പ്രമേയം പാസാകാനുള്ള സാധ്യത ഇല്ലാതായത്. മുസ്‌ലിം ലീഗിലെ 3 കൗൺസിലർമാർ പാർലമെന്ററി പാർട്ടി യോഗത്തിൽ പങ്കെടുക്കാതെ മാറി നിന്നതാണ് ആശങ്കയുണ്ടാക്കിയത്. അവരുമായുള്ള പ്രശ്‌നം ഇന്നലെ രാത്രിയോടെ പരിഹരിച്ചിരുന്നു.
വിപ്പ് ലംഘനത്തിന് മുതിരില്ലെന്നു ലീഗ് കൗൺസിലർമാർ കോൺഗ്രസ് നേതൃത്വത്തിന് ഉറപ്പു നൽകി. 3 ലീഗ് അംഗങ്ങളും ഒരു സ്വതന്ത്രനും അവിശ്വാസ പ്രമേയത്തെ അനുകൂലിക്കുമെന്ന പ്രചാരണം ശക്തമായതോടെയാണു രാത്രി, ലീഗ് അംഗങ്ങളെ അനുനയിപ്പിച്ചത്.
43 അംഗ കൗൺസിലിൽ 22 പേർ പങ്കെടുത്താൽ മാത്രമേ അവിശ്വാസ പ്രമേയം ചർച്ചക്കെടുക്കാനാകൂമായിരുന്നുള്ളു. കോൺഗ്രസിൽ പ്രതിഷേധിച്ചു നിന്നിരുന്ന 4 കൗൺസിലർമാർ ചൊവ്വാഴ്ച പാർട്ടി വിപ്പ് കൈപ്പറ്റിയതോടെയാണ് ദിവസങ്ങളോളം നീണ്ട ആശയക്കുഴപ്പത്തിൽ നിന്നു യുഡിഎഫിന് മോചനമായത്. ലീഗ് ഉന്നയിച്ചിട്ടുള്ളതുൾപ്പെടെയുള്ള വിഷയങ്ങൾ പരിഹരിക്കാൻ ചർച്ച നിശ്ചയിച്ചിട്ടുണ്ട്.
മറുനാടന് മലയാളി ബ്യൂറോ