തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചപ്പോൾ നിരവധി അവാർഡുകൾ വാരിക്കൂട്ടിയ ചിത്രമാണ് ചാർലി. എന്നാൽ, ഇത്തവണത്തെ ദേശീയ പുരസ്‌കാര നിർണയത്തിനു ചാർലിയുണ്ടാകില്ല.

അണിയറ പ്രവർത്തകരിൽ മത്സരത്തിന് അയക്കേണ്ട തീയതിയിലുണ്ടായ അവ്യക്തതയാണു ചിത്രത്തിനു വിനയായത്. സംസ്ഥാന ചലച്ചിത്ര പുരസ്‌കാരത്തിൽ മികച്ച ചിത്രം, മികച്ച നടൻ, മികച്ച നടി, മികച്ച സംവിധായകൻ ഉൾപ്പെടെ നിരവധി പുരസ്‌കാരങ്ങൾ ഏറ്റുവാങ്ങിയ ചിത്രമാണ് ചാർലി.

ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങൾക്കായി അപേക്ഷകൾ ക്ഷണിക്കുന്നത് സംസ്ഥാന ചലച്ചിത്ര അവാർഡിന് ശേഷം മാത്രമാകും എന്ന് അണിയറ പ്രവർത്തകർ തെറ്റായി മനസ്സിലാക്കിയതാണ് അപേക്ഷ സമർപ്പിക്കുന്നത് വൈകിയത്. എന്നാൽ സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങൾ പ്രഖ്യാപിക്കുന്നതിന് മുൻപുതന്നെ ദേശീയ അവാർഡിനായുള്ള നോമിനേഷനുകൾ ക്ഷണിച്ചിരുന്നു. ചാർലി ഒഴികെ 48 സിനിമകളാണ് മലയാളത്തിൽ നിന്നും ദേശീയ പുരസ്‌കാരത്തിനായി മത്സരിക്കുന്നത്.

മാർട്ടിൻ പ്രക്കാർട്ട് സംവിധാനം നിർവ്വഹിച്ച ചാർളിയുടെ കഥ ഉണ്ണി ആറിന്റെതാണ്. ദുൽഖർ സൽമാൻ പ്രധാന വേഷം കൈകാര്യം ചെയ്ത ചിത്രത്തിൽ പാർവ്വതിയാണ് നായിക.

  • നാളെ ദുഃഖ വെള്ളി (25.03.2016) പ്രമാണിച്ച് ഓഫീസിന് അവധി ആയതിനാൽ മറുനാടൻ മലയാളി അപ്‌ഡേഷൻ ഉണ്ടായിരിക്കുന്നതല്ല: എഡിറ്റർ