കൊച്ചി: വൈറലായതിനൊപ്പം വിവാദവും പിടികൂടിയ 'ഒരു അഡാറ് ലൗ' സിനിമയിലെ 'മാണിക്യമലരായ പൂവി' ഗാനരംഗം തത്ക്കാലത്തേക്കു പിൻവലിക്കില്ലെന്നു അണിയറക്കാർ. ഗാനരംഗം പിൻവലിക്കുമെന്നു നേരത്തേ റിപ്പോർട്ടുണ്ടായിരുന്നു. പാട്ടിനു ലഭിക്കുന്ന പിന്തുണ കണക്കിലെടുത്താണു തീരുമാനം മാറ്റുന്നത്. പാട്ടുവിവാദവുമായി ബന്ധപ്പെട്ട് ഒമർ ലുലുവിനെതിരെ ഹൈദരാബാദ് പൊലീസ് കേസെടുത്തിരുന്നു. പാട്ട് യു ട്യൂബിൽനിന്നു തത്ക്കാലം നീക്കില്ല. അതിനിടെ സിനിമയിൽ ഒഴിവാക്കണോ എന്നതു സംബന്ധിച്ച് ചർച്ച സജീവമാണ്.

പ്രവാചകനെ അപമാനിക്കുന്ന രീതിയിലുള്ള ഗാനം മതവികാരത്തെ വ്രണപ്പെടുത്തുന്നെന്നാണ് ആരോപണം. നായിക പ്രിയ പ്രകാശ് വാരിയർക്കും സിനിമയുടെ അണിയറ പ്രവർത്തകർക്കുമെതിരെ ഹൈദരാബാദ് ഫലാക്ക്‌നുമാ പൊലീസ് സ്റ്റേഷനിലാണു പരാതി കിട്ടിയത്. ഇതോടെ കേസ് എടുക്കുകയും ചെയ്തു. മാണിക്യമലരായ പൂവി എന്നുതുടങ്ങുന്ന മാപ്പിളപ്പാട്ടു നബിയെ അധിക്ഷേപിക്കുന്നതാണെന്ന് ആരോപണം. പാട്ട് ഇംഗ്ലിഷിലേക്കു പരിഭാഷപ്പെടുത്തുമ്പോൾ അർഥം മാറുന്നുവെന്നും പരാതിയുണ്ട്. ആരോപണത്തിൽ കഴമ്പില്ലെന്നും വർഷങ്ങളായി കേരളത്തിലെ മുസ്‌ലിംകൾ പാടി വരുന്ന പാട്ടാണിതെന്നുമാണു സിനിമയുടെ അണിയറക്കാർ പറയുന്നത്. അശ്ലീല രംഗങ്ങളൊന്നും ആ പാട്ടിനൊപ്പം ചേർത്തിട്ടില്ല. സ്‌കൂൾ കൂട്ടികൾ യൂണിഫോമിലിരുന്ന പാട്ട് കേൾക്കുന്ന രംഗം മാത്രമാണ്. എന്നിട്ടും മതവികാരം വൃണപ്പെടുത്തിയെന്ന് പറയുന്നത് അണിയറക്കാർക്ക് മനസ്സിലാകുന്നില്ല.