തിരുവനന്തപുരം: ഭരണപരിഷ്‌കാര കമ്മിഷൻ അധ്യക്ഷ പദവി വി എസ് അച്യൂതാനന്ദൻ ഏറ്റെടുത്തെങ്കിലും ഓഫീസ് ഇനിയും അനുവദിച്ചില്ല. എംഎൽഎ ഹോസ്റ്റൽ കേന്ദ്രീകരിച്ച് ഭരണപരിഷ്‌കാര കമ്മീഷന്റെ പ്രവർത്തനം തുടരുന്നതിൽ കടുത്ത അതൃപ്തിയിലാണ് വി എസ്. ഐഎംജിയിൽ ഓഫീസ് അനുവദിക്കാനായിരുന്നു സർക്കാർ തീരുമാനം. സെക്രട്ടറിയേറ്റ് അനക്സിൽ ഓഫീസ് വേണമെന്ന വിഎസിന്റെ ആവശ്യം മുഖ്യമന്ത്രി പിണറായി വിജയൻ അംഗീകരിച്ചില്ല. എന്നാൽ നാളിത്രയുമായിട്ടും ഐഎംജിയിലും ഓഫീസായില്ല. അതിനിടെ എംഎൽഎ ഹോസ്റ്റലിലെ ഭരണ പരിഷ്‌കരണ കമ്മീഷന്റെ മുറി ഒഴിയണമെന്ന് സ്പീക്കർ വി എസ് അച്യുതാനന്ദനോട് നിർദ്ദേശിച്ചു,

നിലവിൽ ഭരണപരിഷ്‌കരണ കമ്മീഷൻ അംഗങ്ങൾ എംഎൽഎ ഹോസ്റ്റലിലാണ് എന്നും എത്തുന്നത്. മുൻ ചീഫ് സെക്രട്ടറിമാരായ സി.പി. നായരും നീല ഗംഗാധരനുമാണ് മറ്റംഗങ്ങൾ. ഇത് ഇവരെ പോലുള്ള മുതിർന്ന ഐഎഎസുകാരെ അപമാനിക്കുന്നതിന് തുല്യമാണെന്നാണ് വി എസ് അച്യുതാനന്ദന്റെ നിലപാട്. ഇതിനിടെയാണ് എംഎൽഎ ഹോസ്റ്റലിലെ മുറി ഒഴിയാൻ വി എസ് അച്യൂതാനന്ദന് സ്പീക്കർ നിർദ്ദേശം നൽകിയത്. ഇതോടെ ഭരണപരിഷ്‌കാര കമ്മീഷൻ പ്രതിസന്ധിയിലൂമായി. മുറി ഒഴിയുന്നതോടെ അംഗങ്ങൾക്ക് ഇരിക്കാൻ ഓഫീസ് ഇല്ലാതെയാകും.

അധ്യക്ഷ പദവി ഏറ്റെടുക്കാൻ സന്നദ്ധനാണെന്നു വി എസ്. മുഖ്യമന്ത്രിക്കു നേരത്തേ കത്തു നൽകിയിരുന്നു. എന്നാൽ കമ്മിഷന്റെ പ്രവർത്തനത്തിനു ഓഫീസ് അടക്കമുള്ള സൗകര്യങ്ങൾ ഒരുക്കാത്തതാണു വി.എസിന്റെ അതൃപ്തി അറിയിച്ചു. അതിനിടെ വിഎസിന് ഔദ്യോഗിക വസതിയും കാറും അനുവദിച്ചു. കവടിയാർ ഹൗസിലേക്ക് താമസം മാറ്റി. കേരളാ സ്റ്റേറ്റ് കാറിൽ യാത്രയും തുടങ്ങി. ഇതിനിടെ കമ്മീഷന്റെ ആദ്യ യോഗം ഔദ്യോഗിക വസതിയിൽ നടക്കുകയും ചെയ്തു. അതിന് ശേഷവും സർക്കാർ ഭരണപരിഷ്‌കാര കമ്മീഷനെ മൈൻഡ് ചെയ്തില്ല. ഇതിലുള്ള അതൃപ്തി സർക്കാരിനെ വീണ്ടും വി എസ് അറിയിച്ചിട്ടുണ്ട്.

പിണറായി വിജയൻ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തതിനു പിന്നാലെ വി.എസിന് ക്യാബിനറ്റ് പദവിയോടെയുള്ള സ്ഥാനം നൽകാൻ പി.ബി. തീരുമാനിച്ചിരുന്നു. ഓഗസ്റ്റ് മൂന്നിന് ചേർന്ന മന്ത്രിസഭായോഗമാണ് വി.എസിനെ ഭരണ പരിഷ്‌കാര കമ്മിഷൻ ആക്കാനുള്ള തീരുമാനം െകെക്കൊണ്ടത്. ഇരട്ടപദവി വിവാദത്തിൽ കുടുങ്ങാതിരിക്കാൻ നിയമ ഭേദഗതി പോലും വരുത്തിയാണ് അച്യുതാനന്ദനെ നിയമിച്ചത്. സിപിഐ(എം) കേന്ദ്രനേതൃത്വത്തിന്റെ സമ്മർദ്ദ റഫലമായിരുന്നു ഇത്.