ഷാങ്ഹായ്: ബയോഡാറ്റ നോക്കിയല്ല തന്നെ ആരും ഇന്ത്യൻ പ്രധാനമന്ത്രി ആക്കിയതെന്ന് പറഞ്ഞ് രാഷ്ട്രീയ എതിരാളികൾക്ക് നരേന്ദ്ര മോദിയുടെ മറുപടി. ഇന്ത്യയിലെ ജനങ്ങളുടെ വിശ്വാസത്തിലാണെന്നും അതിന് നന്ദി പറയുന്നുവെന്നും അദ്ദേഹം ഷാങ്ഹായിൽ ഇന്ത്യൻ സമൂഹത്തെ അഭിസംബോധന ചെയ്തു കൊണ്ട് പറഞ്ഞു. പ്രധാനമന്ത്രിയുടെ ചൈനയിലെ അവസാനത്തെ പരിപാടിയായിരുന്നു ഇത്. 2014ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ചരിത്ര വിജയം സ്വന്തമാക്കിയതിന്റെ ഒന്നാം വാർഷിക ദിനത്തിലായിരുന്നു മോദിയുടെ ഷാങ്ഹായ് പ്രസംഗം. അതുകൊണ്ട് മുൻ യുപിഎ സർക്കാറിനെ വിമർശിച്ചുകൊണ്ടും കൂടിയാണ് മോദി തന്റെ പ്രസംഗം പൂർത്തിയാക്കിയത്.

പാവപ്പെട്ട ഒരു അമ്മയുടെ ചായവിൽപ്പനക്കാരനായ മകനെ ഇന്ത്യയുടെ പ്രധാനമന്ത്രി പദവിയിൽ എത്തിക്കാൻ സാധിച്ചതിലൂടെ ഇന്ത്യയിലെ സാധാരണക്കാരായ ജനങ്ങളുടെ ജയമാണ് കണ്ടത് മോദി കൂട്ടിച്ചേർത്തു. 53 മിനുറ്റു നീണ്ടു നിന്ന പ്രസംഗത്തിൽ മോദി സദസ്സിനെയും കൈയിലെടുത്തു. മിനി ഇന്ത്യയെന്നാണ് മോദി സദസിനെ അഭിസംബോധന ചെയ്തത്. എനിക്ക് വിശ്വസിക്കാൻ സാധിക്കുന്നില്ല. ഒരു വർഷത്തിനു ശേഷം ഇന്ത്യയിൽ നിന്നു ദൂരെ മറ്റൊരു മിനി ഇന്ത്യയിൽ നിൽക്കാൻ സാധിക്കുമെന്ന്. നിങ്ങളുടെ അനുഗ്രഹം തുടർന്നും എനിക്ക് വേണം. നിറഞ്ഞ കയ്യടികളോടെയാണ് മോദിയുടെ വാക്കുകളെ സ്വീകരിച്ചത്.

അമേരിക്കയിലേയും ജർമ്മനിയിലേയും ഓസ്‌ട്രേലിയയിലെയും സന്ദർശനത്തിന് സമാനമായിട്ടായിരുന്നും മോദിക്ക് വേണ്ടി ചൈനയിലും സദസ് ഒരുക്കിയത്. ആയിരങ്ങൾ തിങ്ങിക്കൂടിയ ചടങ്ങിൽ മോദിയുടെ ഒരോ വാക്കുകളേയും കൈയടിയോടെയും ആർപ്പുവിളികളോടെയുമാണ് സദസ് നെഞ്ചേറ്റിയത്. യുപിഎ സർക്കാരിനെ പരിഹസിക്കാനും മോദി മറന്നില്ല. മുൻപ് നിങ്ങൾ ഇന്ത്യയെ നാണക്കേടോടെയാണ് കണ്ടത്. എന്നാൽ ഇന്ന് രാജ്യത്തെക്കുറിച്ച് നിങ്ങൾക്ക് അഭിമാനിക്കാം.

ഗുജറാത്തിന് പുറത്തുള്ള കാര്യങ്ങൾ തനിക്കറിയില്ലെന്നും, രാജ്യത്തിന്റെ ഭാവി അപകടത്തിലാവുമെന്നൊക്കെ പറഞ്ഞാണ് രാഷ്ട്രീയ എതിരാളികൾ തന്നെ ആക്രമിച്ചത്. ഞാൻ കഠിനാധ്വാനം ചെയ്യുന്നതിന് ഒരു കുറവും വരുത്തിയിട്ടില്ല. ഒരു ദിവസം പോലും ലീവെടുക്കാതെയാണ് ജീവിക്കുന്നത്. അവധിയോ വിശ്രമമോ ഇല്ലാതെയാണ് രാജ്യത്തിനു വേണ്ടി പ്രവർത്തിക്കുന്നത്. ഒരു വിദ്യാർത്ഥിയുടെ തുറന്ന മനസോടെയാണ് കാര്യങ്ങളെ ഞാൻ കാണുന്നത്. കഴിഞ്ഞ ഒരു വർഷത്തിനിടെ തെറ്റായ തീരുമാനമോ വ്യക്തിപരമായ തീരുമാനമോ എടുത്തതിന്റെ പേരിൽ ആരും എന്നെ കുറ്റപ്പെടുത്തിയിട്ടില്ലെന്നും മോദി പറഞ്ഞു. സദസ്സിനെക്കൂടി പങ്കെടുപ്പിച്ചുകൊണ്ടും, അവരെ മറുപടി പറയുവാൻ പ്രേരിപ്പിച്ചുകൊണ്ടുമാണ് ഹിന്ദിയിൽ മോദി സംസാരിച്ചത്. ചൈനയുമായുള്ള പ്രശ്‌നങ്ങൾ ചർച്ചയിലൂടെ തീരുമെന്നും, ലോകത്തിനു വോണ്ടി ഇന്ത്യയും ചൈനയും ചേർന്നു നിന്ന് പല നല്ല കാര്യങ്ങളും ചെയ്യാനാവുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

നേരത്തെ ചൈനയിലെ ബിസിനസ് മേധാവികളുടെ യോഗത്തിൽ പ്രസംഗിച്ച മോദി ഇന്ത്യയും ചൈനയും തമ്മിലുള്ള ചരിത്രബന്ധം ഏറ്റുപറഞ്ഞു. ലോകത്ത് ഏറ്റവും പഴക്കമുള്ള രണ്ട് സംസ്‌കാരങ്ങളാണ് ഭാരതവും ചൈനയുമെന്നും അദ്ദേഹം പറഞ്ഞു. ഇരു രാജ്യങ്ങളും തമ്മിൽ പഴയകാലം മുതൽക്കേ ബന്ധമുണ്ടായിരുന്നു. ഇരു രാജ്യങ്ങളും തമ്മിൽ ഒരുപാട് സമ്യങ്ങളുമുണ്ട്. മനുഷ്യരാശിക്കു തന്നെ വിജ്ഞാനത്തിന്റെ വെളിച്ചം പകർന്ന രാഷ്ട്രങ്ങളാണ് ഭാരതവും ചൈനയും. ചൈനയിലെ ബിസിസന് സ്ഥാപനമേധാവികളുടെ യോഗത്തിൽ മോദി പറഞ്ഞു. ലോകജനസംഖ്യയുടെ മൂന്നിലൊന്നും ഈ രണ്ടു രാജ്യങ്ങളിലുമായിട്ടാണ് താമസിക്കുന്നത്. ഇരു രാജ്യങ്ങൾക്കും അയ്യായിരം വർഷങ്ങളുടെ പൊതുവായ ചരിത്രവുമുണ്ട്. 3400 കിലോമീറ്റർ ദൈർഘ്യമുള്ള പൊതുഅതിർത്തിയുണ്ട്. രണ്ടായിരം വർഷം മുൻപ് ചൈനീസ് ചക്രവർത്തി മിങ്ങിന്റെ ക്ഷണപ്രകാരം രണ്ട് ഭാരത സന്യാസിമാർ ചൈനയിൽ എത്തി. അവർ നിരവധി സംസ്‌കൃത കൃതികളും കൊണ്ടുവന്നിരുന്നു. അവർ ബുദ്ധമതസംബന്ധിയായ നിരവധി കൃതികളും ചൈനീസ് ഭാഷയിലേക്ക് പരിഭാഷപ്പെടുത്തി.

അവരാണ് ചൈനയിൽ ബുദ്ധമതം എത്തിച്ചതെന്നാണ് കരുതുന്നത്. ഇതിന്റെ സ്മാരകമായി ചക്രവർത്തി ഒരു ക്ഷേത്രം നിർമ്മിച്ചു, വൈറ്റ് ഹോഴ്‌സ് ടെമ്പിൾ( വെള്ളക്കുതിര ക്ഷേത്രം) എന്നാണ് ഇത് അറിയപ്പെടുന്നത്. ചൈനയിൽ ബുദ്ധമതം വളർന്നു. ഒപ്പം ക്ഷേത്രത്തിന്റെ പ്രാധാന്യവും വർദ്ധിച്ചു. ബുദ്ധമതം കൊറിയ, ജപ്പാൻ, വിയറ്റ്‌നാം എന്നിവടങ്ങളിലേക്ക് വ്യാപിച്ചു. മോദി തുടർന്നു. ബുദ്ധമതത്തിന്റെ ശാന്തതയാണ് ഏഷ്യൻ രാജ്യങ്ങളുടെ വിജയത്തിന് ആധാരം. ഈ നൂറ്റാണ്ട് ഏഷ്യയുടേയാണെന്നാണ് താൻ വിശ്വസിക്കുന്നത്. തുടർന്നും ബുദ്ധമതം ഏഷ്യൻ രാജ്യങ്ങളെ കൂട്ടിയിണക്കുന്ന ശക്തിയായിരിക്കും. ഫാ ഹിയാൻ, ഹുയാങ്ങ് സാങ്ങ് തുടങ്ങിയ പണ്ഡിതന്മാർ ചൈനയുടെ രഹസ്യം ഭാരതത്തെ പഠിപ്പിച്ചു. അവർ ഭാരതത്തിൽ തന്നെ പല വലിയ വലിയ സത്യങ്ങളും കണ്ടെത്തി.ഹുയാങ്ങ് സാങ്ങ് ഗുജറാത്തിലെ എന്റെ ജന്മനാട്ടിൽ വന്നിട്ടുണ്ടെന്ന് ചരിത്രം പറയുന്നു. അവിടെ ഒരു ബുദ്ധ വിഹാരം ഉണ്ടായിരുന്നുവെന്ന് അദ്ദേഹത്തിന്റെ കൃതികളിൽ നിന്നാണ് നാം അറിയുന്നത്.

പിന്നീട് അദ്ദേഹം ചൈനയിലേക്ക് മടങ്ങിയത് നിരവധി സംസ്‌കൃത കൃതികളുമായാണ്. ചൈനയിലെയും ഭാരതത്തിലെയും പരമ്പരാഗത ചികിൽസാ സമ്പ്രദായങ്ങൾക്കും ഏറെ പൊരുത്തമുണ്ട്. അറിവിന്റെ ഈ അനുസ്യൂത പ്രവാഹം ഇക്കാലത്തുമുണ്ട്. പീക്കിങ് സർവ്വകലാശാലയിലെ പ്രൊഫ. ജി സിയാൻലിൻ വലിയ സംസ്‌കൃത പണ്ഡിതനായിരുന്നു. വാൽമീകി രാമായണം ചൈനീസ് ഭാഷയിലേക്ക് വിവർത്തനം ചെയ്ത അദ്ദേഹത്തെ 2008ൽ ഭാരതം പുരസ്‌കാരം നൽകി ആദരിച്ചിട്ടുണ്ട്. സമീപകാലത്ത് പ്രൊഫ. ജിൻ ഡിങ് ഹാൻ തുളസീദാസ രാമായണം ചൈനീസ് ഭാഷയിലേക്ക് വിവർത്തനം ചെയ്തിട്ടുണ്ട്. ഭഗവദ്ഗീതയുടേയും മഹാഭാരതത്തിന്റെയും വിവർത്തനങ്ങൾക്കും ചൈനയിൽ നല്ല പ്രചാരമുണ്ട്. ഭാരത സംസ്‌ക്കാരത്തെ ചൈനീസ് ജനതയ്ക്ക് പരിചയപ്പെടുത്തിക്കൊടുത്ത ഇവർക്ക് ഞാൻ നന്ദി പറയുന്നു. മോദി പറഞ്ഞു.

ഇന്ത്യയിലെ ചൈനീസ് നിക്ഷേപങ്ങൾക്ക് വ്യക്തിപരമായി ശ്രദ്ധ നൽകുമെന്നു ചൈനീസ് കമ്പനികളുടെ സിഇഒ മാരുമായി നടത്തിയ കൂടിക്കാഴ്‌ച്ചയിൽ മോദി പറഞ്ഞു. 2200 കോടി ഡോളറിന്റെ 21 വ്യാപാര കരാറുകളിൽ ഇന്ത്യൻ, ചൈനീസ് കമ്പനികൾ ധാരണാപത്രം ഒപ്പിട്ടു. മൂന്നു ദിവസത്തെ ചൈന സന്ദർശനത്തിന്റെ അവസാന ദിനം മെയ്ക്ക് ഇൻ ഇന്ത്യ പദ്ധതിക്കാണ് നരേന്ദ്ര മോദി ഊന്നൽ നൽകിയത്. ചൈനയിലെ പ്രധാനപ്പെട്ട 22 വ്യവസായ സ്ഥാപനങ്ങളുടെ തലവന്മാരുമായും ഷാങ്ഹായിൽ മോദി കൂടിക്കാഴ്‌ച്ച നടത്തി. ഇന്ത്യ നിക്ഷേപ സൗഹൃദമായതാണ് ഏറ്റവും പുതിയ മാറ്റമെന്നും, ഇന്ത്യയിൽ നിക്ഷേപം നിക്ഷപം നടത്താൻ ചൈനീസ് കമ്പനികൾ മുന്നോട്ട് വരണമെന്നും മോദി ആവശ്യപ്പെട്ടു.

ഇന്ത്യയിലെ വ്യവസായ പ്രമുഖരും മോദിക്കൊപ്പം പങ്കെടുത്തു. 2200 കോടി ഡോളറിന്റെ 21 വ്യപാര കരാറുകളിൽ ഇന്ത്യൻ കമ്പനികളും ചൈനീസ് കമ്പനികളും തമ്മിൽ ധാരണയായി. ഷാങ്ഹായിൽ ഗാന്ധിയൻ പഠന കേന്ദ്രം മോദി ഉദ്ഘാടനം ചെയ്തു. ചൈന സന്ദർശനം പൂർത്തിയാക്കിയ നരേന്ദ്ര മോദി മംഗോളിയയിലേക്കാണ് പോയത്. ഒരു ദിവസത്തെ സന്ദർശനത്തിനായാണ് മോദി മംഗോളിയയിലേക്ക് പോയത്.