ജിദ്ദ: സൗദിയിൽ ജനിക്കുന്ന വിദേശി കുട്ടികൾ പെർമനന്റ് റസിഡൻസി പെർമിറ്റിന് (ഇഖാമ) അർഹരല്ല എന്ന് ഡയറക്ടറേറ്റ് ജനറൽ ഓഫ് പാസ്‌പോർട്ടിലെ ഉന്നത ഉദ്യോഗസ്ഥൻ വെളിപ്പെടുത്തി. അടുത്തകാലത്തായി സോഷ്യൽ മീഡിയയിൽ ഇഖാമ സംബന്ധിച്ച് പ്രചരിക്കുന്ന വാർത്തകളോട് പ്രതികരിക്കുകയായിരുന്നു കേണൽ അഹമ്മദ് അൽ ലുഹൈദൻ. സൗദിയിൽ ജനിക്കുന്ന വിദേശിയരുടെ കുട്ടികൾക്ക് ഇവിടെ ആജീവനാന്തം താമസിക്കാം എന്നുള്ള പ്രചരണങ്ങൾക്കാണ് ഡയറക്ടറേറ്റ് വക്താവ് മറുപടി നൽകിയത്.

കിങ്ഡത്തിൽ ജനിക്കുന്ന വിദേശീ കുട്ടികൾക്ക് സാധാരണ ഇഖാമ എടുക്കുന്നതു വരെ ടെമ്പററി ഇഖാമ കാർഡുകൾ നൽകുക മാത്രമാണ് ചെയ്യുന്നതെന്ന് അൽ ലുഹൈദൻ വ്യക്തമാക്കി. സൗദിയിൽ ജനിക്കുന്ന കുട്ടികൾക്ക് പലപ്പോഴും ഐഡന്റിറ്റി ക്രൈസീസ് നേരിടാറുണ്ടെന്നും മാതാപിതാക്കളുടെ മാതൃരാജ്യവുമായി ഏറെ ബന്ധമില്ലാത്തതിരിക്കുകയും അതേസമയം സൗദി സ്വദേശിയായി കണക്കാക്കപ്പെടാത്തതും ഈയവസ്ഥയ്ക്കു കാരണമാകുന്നു.

സൗദിയിൽ ജനിച്ചു വളരുന്ന വിദേശീ കുട്ടികൾക്ക് തങ്ങൾ ഈ രാജ്യത്തെ അവകാശങ്ങൾക്ക് അർഹരാണെന്ന തോന്നൽ സ്വാഭാവികമാണെന്നും രാജ്യത്തെ രീതികൾ സ്വീകരിച്ച്, മെച്ചപ്പെട്ട അറബി സംസാരിക്കുന്ന ഇവർ സൗദി സിറ്റിസൺഷിപ്പിനു വരെ അർഹരാണെന്ന അഭിപ്രായമാണ് പരക്കെ ഉയർന്നിരിക്കുന്നത്.  
രാജ്യത്തുള്ള പത്തുമില്യൺ വിദേശീയരിൽ രണ്ടുമില്യണിലധികം പേർ ഇവിടെ ജനിച്ചു വളർന്നവരാണ്. ജീവിത കാലം മുഴുവൻ സൗദിയിൽ ചെലവഴിക്കുന്നവരാണിവർ.

2009-ലെ കണക്കനുസരിച്ച് രാജ്യത്തു നടക്കുന്ന ജനനങ്ങളിൽ 14.4 ശതമാനം വിദേശ മാതാപിതാക്കളുടെ കുട്ടികളാണെന്നും വ്യക്തമാക്കുന്നു. കൂടാതെ 30,000 ഇന്ത്യൻ കുട്ടികളും ഇവിടെ ജനിച്ചതായി കണക്കുകൾ തെളിയിക്കുന്നു. എന്നാൽ വിദേശീയരെ വിവാഹം കഴിച്ച സൗദി യുവതികളുടെ ആൺമക്കൾക്കു മാത്രമാണ് സൗദി സർക്കാർ ചില പ്രത്യേക ആനുകൂല്യങ്ങൾ നടപ്പാക്കിയിട്ടുള്ളത്. ഇവർക്ക് സൗദി സിറ്റിസൺഷിപ്പ് നേടാൻ അർഹതയുണ്ട്. കൂടാതെ അമ്മയുടെ സ്‌പോൺസർഷിപ്പിനു കീഴിൽ പല പബ്ലിക് സർവീസുകളിൽ കയറിപ്പറ്റാനും ഇക്കൂട്ടർക്കു സാധിക്കും.