- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ബിജെപിയുടെ രഥയാത്രക്ക് അനുമതി നൽകിയിട്ടില്ലെന്ന് നാദിയ ജില്ലാ ഭരണകൂടം; ലോകത്തിലെ ഏറ്റവും വലിയ രാഷ്ട്രീയ പാർട്ടിക്ക് ആരുടെയും അനുമതി ആവശ്യമില്ലെന്ന നിലപാടിൽ ബിജെപി നേതൃത്വം; ബംഗാളിൽ ബിജെപിയുടെ രഥമുരുളുമ്പോൾ ഉയരുക രാഷ്ട്രീയ കൊടുങ്കാറ്റോ എന്ന് ഉറ്റുനോക്കി രാജ്യം
കൊൽക്കത്ത: ബിജെപിയുടെ രഥയാത്രക്ക് അനുമതി നിഷേധിച്ച് പശ്ചിമബംഗാൾ സർക്കാർ. അനുമതി ഇല്ലെങ്കിലും രഥയാത്രയുമായി മുന്നോട്ടെന്ന് വ്യക്തമാക്കി ബിജെപിയും രംഗത്തെത്തിയതോടെ ബംഗാൾ രാഷ്ട്രീയത്തിൽ വലിയ സംഘർഷ സാധ്യതയാണ് ഉടലെടുത്തിരിക്കുന്നത്. ബിജെപിയുടെ പരിവർത്തൻ യാത്രക്ക് നാദിയ ജില്ലാ ഭരണകൂടം അനുമതി നിഷേധിച്ചെങ്കിലും തൃണമൂൽ കോൺഗ്രസ് സംഘടിപ്പിക്കുന്ന ജനസമർഥൻ യാത്ര തടസ്സമില്ലാതെ ആരംഭിച്ച് കഴിഞ്ഞു.
റാലിയോടെ, തെരഞ്ഞമൂൽ കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനത്ത് പാർട്ടിക്ക് പൊതുജന പിന്തുണ സമാഹരിക്കാമെന്ന് ബിജെപി പ്രതീക്ഷിക്കുന്നു. നിരവധി മുതിർന്ന നേതാക്കൾ പശ്ചിമ ബംഗാളിൽ ഒരു മാസത്തെ പ്രചാരണ പരിപാടിയിൽ പങ്കെടുക്കും. രാഷ്ട്രീയ പ്രചരണ ജാഥ നടത്താൻ ബിജെപിക്ക് അനുമതിയുണ്ടോ എന്ന കാര്യത്തിൽ ആശയക്കുഴപ്പം ഇനിയും വിട്ടൊഴിഞ്ഞിട്ടില്ല. ഒരു പൊതുയോഗത്തിന് ഭരണകൂടം അനുമതി നൽകിയെങ്കിലും "പരിവാർത്തൻ യാത്ര" യ്ക്ക് ഇനിയും അനുമതി നൽകിയിട്ടില്ലെന്നാണ് ഉദ്യോഗസ്ഥരും വ്യക്തമാക്കുന്നത്.
"നദ്ദ ജിക്ക് വേണ്ടിയുള്ള പ്രോഗ്രാമിന് മാത്രമേ അനുമതി ലഭിച്ചിട്ടുള്ളൂ," ഒരു പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. അദ്ദേഹം ഒരു യോഗത്തിൽ പൊതുജനങ്ങളെ അഭിസംബോധന ചെയ്യും. രഥയാത്രയ്ക്ക് അനുമതി നൽകിയിട്ടില്ല. " എന്നാൽ, പ്രാദേശിക അനുമതിക്ക് കാക്കാതെ രഥയാത്ര മുന്നോട്ട് പോകുമെന്ന് ബിജെപി നേതൃത്വം അറിയിച്ചു. രഥയാത്രയുമായി മുന്നോട്ടുപോകുമെന്നും ബംഗാൾ സർക്കാരിൻറേത് രാഷ്ട്രീയ പകപോക്കലാണെന്നും ബിജെപി പ്രതികരിച്ചു. യാത്രയ്ക്ക് അനുമതി തേടിയിട്ടില്ലെന്നും എന്നാൽ ഇത് സംബന്ധിച്ച് സംസ്ഥാന ഭരണകൂടത്തെ അറിയിച്ചിട്ടുണ്ടെന്നും പാർട്ടി വക്താവ് ഷാമിക് ഭട്ടാചാര്യ പറഞ്ഞു. "ലോകത്തിലെ ഏറ്റവും വലിയ രാഷ്ട്രീയ പാർട്ടിയാണ് ബിജെപി, സമാധാനപരമായ രാഷ്ട്രീയ പരിപാടികൾ നടത്താൻ ഞങ്ങൾക്ക് അനുമതി ആവശ്യമില്ല. ഷെഡ്യൂൾ അനുസരിച്ച് യാത്ര നടത്തും. "- അദ്ദേഹം വ്യക്തമാക്കി.
സംസ്ഥാനത്ത് വർഗീയ വികാരങ്ങൾ ഇളക്കിവിടാനാണ് ബിജെപി ശ്രമിക്കുന്നതെന്ന് തൃണമൂൽ കോൺഗ്രസ് ആരോപിച്ചു. അതേസമയം, രഥയാത്രയെ പ്രതിരോധിക്കാൻ തൃണമൂൽ കോൺഗ്രസ് സംഘടിപ്പിക്കുന്ന ജനസമർഥൻ യാത്രക്ക് തുടക്കമായി. രഥയാത്ര നിശ്ചയിച്ചിരിക്കുന്ന അതേ പാതയിലാണ് ജനസമർഥൻ യാത്രയും കടന്നുപോകുന്നത്. യാത്രയുടെ പശ്ചാത്തലത്തിൽ കനത്ത സുരക്ഷയാണ് പ്രദേശത്ത് ഏർപ്പെടുത്തിയിരിക്കുന്നത്. അതേസമയം, കോവിഡ് പശ്ചാത്തലത്തിൽ രഥയാത്രക്ക് അനുമതി നൽകരുതെന്ന പൊതു താൽപര്യ ഹർജി കൊൽക്കത്ത ഹൈക്കോടതി ബുധനാഴ്ച പരിഗണിക്കും. രഥയാത്ര ഫ്ലാഗ് ഓഫ് ചെയ്യാൻ ബിജെപി ദേശീയ അധ്യക്ഷൻ ജെ പി നദ്ദ ബംഗാളിലെത്തിയിട്ടുണ്ട്.
പരിവർത്തൻ രഥയാത്രയെന്നാണ് ബിജെപിയുടെ പ്രചരണപരിപാടിയുടെ പേര്. തങ്ങളുടേത് ജനസമർത്ഥൻ യാത്രയെന്നാണ് തൃണമൂൽ നേതൃത്വം അറിയിച്ചത്. രണ്ട് ദിവസം ദൈർഘ്യമുള്ള മോട്ടോർ സൈക്കിൾ റാലിയാണ് തൃണമൂൽ കോൺഗ്രസ് ആസൂത്രണം ചെയ്തിരിക്കുന്നത്. ആയിരത്തിലധികം അണികൾ മോട്ടോർ സൈക്കിൾ റാലിയിൽ പങ്കെടുക്കും.നേരത്തെ ബിജെപിയുടെ രഥയാത്രയ്ക്ക് അനുമതി നിഷേധിച്ചെന്ന് ആരോപണം ഉയർന്നിരുന്നു. ഇതിനുപിന്നാലെയാണ് തൃണമൂൽ കോൺഗ്രസ് യുവസംഘടനയ്ക്ക് അതേസ്ഥലത്ത് തന്നെ ശക്തിപ്രകടനത്തിന് അനുമതി നൽകിയത്.
അതേസമയം ബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പിൽ മേൽക്കൈ നേടാൻ ശക്തമായ പ്രകടനമാണ് ബിജെപി ലക്ഷ്യം വെയ്ക്കുന്നത്. ഏപ്രിൽ മാസത്തിലാണ് ബംഗാളിൽ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുക. ഇത്തവണ ബംഗാളിൽ 200 സീറ്റുകളാണ് അമിത് ഷാ ലക്ഷ്യമിടുന്നത്. ഭരണകക്ഷിയായ തൃണമൂൽ കോൺഗ്രസിൽ നിന്ന് ചില നേതാക്കൾ ബിജെപിയിലേക്ക് ചേക്കേറിയത് മമതയ്ക്ക് തലവേദനായിട്ടുണ്ട്. മമതാ ബാനർജിയുടെ അടുത്ത അനുയായിയായിരുന്ന സുവേന്തു അധികാരി ഉൾപ്പെടെയുള്ളവർ പാർട്ടി വിട്ട് ബിജെപിയിൽ ചേർന്നത് തൃണമൂലിനു കനത്ത തിരിച്ചടിയായിരുന്നു.
എന്നാൽ തൃണമൂലിൽ നിന്ന് പുറത്തുപോകേണ്ടവർക്കൊക്കെ എപ്പോൾ വേണമെങ്കിലും പോകാമെന്നും ഇത് തങ്ങളെ ബാധിക്കുകയില്ലെന്നുമാണ് നേതാക്കളുടെ കൊഴിഞ്ഞുപോക്കിനെക്കുറിച്ച് മമത പറഞ്ഞത്. അതിനിടയിൽ, ബിജെപി ദേശീയ വൈസ് പ്രസിഡന്റ് മുകുൾ റോയിയുടെ സഹോദരീഭർത്താവ് തൃണമൂൽ കോൺഗ്രസിലേക്ക് തിരികെ എത്തിയത് മമത ബാനർജിക്ക് ആശ്വസമാണ്. ശ്രീജോൺ റോയ് ആണ് രണ്ടു വർഷത്തിന് ശേഷം തൃണമൂൽ കോൺഗ്രസിലേക്ക് മടങ്ങിയിരിക്കുന്നത്. നിയമസഭ തെരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം അവശേഷിക്കേയാണ്, രാഷ്ട്രീയ കേന്ദ്രങ്ങളെ ഞെട്ടിച്ച് കൊണ്ട് ശ്രീജോൺ റോയ് തൃണമൂൽ കോൺഗ്രസിലേക്ക് കൂറുമാറിയത്. 2019 ഫെബ്രുവരി 21നാണ് ശ്രീജോൺ റോയ് ബിജെപിയിൽ ചേർന്നത്.
രണ്ടു വർഷം പാർട്ടിയുമായി ചേർന്ന് പ്രവർത്തിച്ചിട്ടും ബിജെപിയെ മനസിലാക്കാൻ സാധിച്ചില്ലെന്ന് ശ്രീജോൺ റോയ് പറഞ്ഞു.മുഖ്യമന്ത്രി മമത ബാനർജി നേതൃത്വം നൽകുന്ന തൃണമൂൽ കോൺഗ്രസിനെ വീടിനോടാണ് ശ്രീജോൺ ഉപമിച്ചത്. രണ്ടു വർഷം പാർട്ടിയുമായി സഹകരിച്ചിട്ടും ബിജെപി എന്താണ് എന്ന് ഇതുവരെ മനസിലായിട്ടില്ല. എങ്ങനെയാണ് പ്രവർത്തിക്കുന്നതെന്നും എന്താണ് സംഭവിക്കുന്നതെന്നും മനസിലാക്കാൻ സാധിച്ചിട്ടില്ലെന്നും ശ്രീജോൺ പറഞ്ഞു. തൃണമൂൽ കോൺഗ്രസ് വീട് പോലെയാണ് എന്ന് പറഞ്ഞ മുകുൾ റോയിയുടെ ബന്ധു, എല്ലാവരും തെരഞ്ഞെടുപ്പിൽ ജയിക്കുമെന്ന് അവകാശവാദം ഉന്നയിക്കുമ്പോൾ പ്രായോഗികമായി സംഭവിക്കാൻ പോകുന്നത് മറ്റൊന്നാണ് എന്നും പറഞ്ഞു. മുകുൾ റോയ്യുമായുള്ള ബന്ധത്തെ കുറിച്ചുള്ള ചോദ്യത്തിന് ബന്ധവും രാഷ്ട്രീയവും രണ്ടും രണ്ടാണെന്നും അദ്ദേഹം പറഞ്ഞു.
തൃണമൂലിൽ നിന്നും ബിജെപിയിലേക്ക് നേതാക്കൾ ഒഴുകുന്ന സാഹചര്യത്തിൽ മമത ബാനർജിക്ക് ആശ്വാസമേകുന്നതാണ് ശ്രീജോൺ റോയുടെ മടങ്ങിവരവ്. ഡയമണ്ട് ഹാർബറിൽ നിന്ന് രണ്ടുതവണ നിയമസഭാംഗമായ ദീപക് ഹൽദാർ കഴിഞ്ഞ ദിവസമാണ് തൃണമൂൽ പാർട്ടിവിട്ടത്. 'ജോലി ചെയ്യാൻ അനുവദിക്കാത്തത്' കാരണം പാർട്ടി വിടുന്നെന്നാണ് അദ്ദേഹത്തിന്റെ വിശദീകരണം.വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിലേക്ക് മത്സരിക്കാൻ സീറ്റ് നൽകാത്തതിനാലാണ് ഹൽദാർ രാജിവച്ചതെന്ന് ടിഎംസി അറിയിച്ചു. സീറ്റ് കിട്ടില്ലെന്ന് അറിഞ്ഞവർ പോകുകയാണെന്നും ടിഎംസി അവരെക്കുറിച്ച് ആശങ്കപ്പെടുന്നില്ലെന്നും മമതാ ബാനർജി നേരത്തേ പറഞ്ഞിരുന്നു. കഴിഞ്ഞ ഏതാനും മാസങ്ങളായി വിവിധ നേതാക്കൾ ടിഎംസിയിൽ നിന്ന് പുറത്തുപോയിരുന്നു. അവരിൽ ഭൂരിഭാഗവും ഉടൻ തന്നെ ബിജെപിയിലും ചേർന്നു.
മറുനാടന് മലയാളി ബ്യൂറോ